Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

ദാനധർമവും വി.എസിന്റെ ധ്വനി സൗന്ദര്യവും

ദാനധർമ്മാദികൾ പലതുണ്ട്. ഓണപ്പഴമയുടെ കഥയിലെ മഹാബലി ദാനശൂരവീരനായിരുന്നു. എന്തു ഫലം? അകാലത്തിൽ പാതാളത്തിലേക്ക് പോകേണ്ടിവന്നു. 'അന്നദാനം മഹാപുണ്യം' എന്ന് ചില ദേവാലയങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും വാതിൽക്കൽ എഴുതിവെച്ചിരിക്കുന്നതു കാണാം. ഇവയുടെയൊക്കെ സ്ഥാനമാനങ്ങൾ വഹിക്കുന്ന ഒരാൾപോലും ചില്ലിക്കാശ് സംഭാവന ചെയ്യുകയോ, അറിഞ്ഞുകൊണ്ട് പത്തുപേർക്ക് ആഹാരം കൊടുക്കുകയോ ചെയ്യാറില്ല. മറ്റുള്ളവർ ചെയ്തുകൊള്ളണം. നമ്മൾ ആഹ്വാനിക്കും. പക്ഷേ, അതിൽ നിന്നെല്ലാം വിഭിന്നമാണ് മാർക്കുദാനം. വൈസ് ചാൻസലറോ, സിണ്ടിക്കേറ്റോ, നിവൃത്തിയില്ലാതെ വന്നാൽ അതുക്കും മേലെ വിളങ്ങുന്ന മന്ത്രിപുംഗവനോ മാർക്ക് കൂടുതൽ നൽകും. ഇതിന് പതിവായി സർവകലാശാലകളിൽ നടക്കാറുള്ള മാർക്കു തിരുത്തൽ മാമാങ്കവുമായി പുലബന്ധം പോലുമില്ല. കോട്ടയത്ത് നിർഭാഗ്യവാനായ ഗാന്ധിജിയുടെ പേരിൽ കെ. കരുണാകരന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട യൂനിവേഴ്‌സിറ്റിയിലും മാമാങ്കം കൊടിയേറി. അദാലത്ത് എന്നായിരുന്നു പേര്. പേരിൽ 'പോരില്ല' എന്നുവരികിലും, പിരിഞ്ഞ ശേഷമുള്ള അങ്കത്തിന് അറുതി വന്നില്ല. ചെന്നിത്തലക്കളരിയിലെ ആശാനും, മന്ത്രി ജലീൽ തങ്ങളും അടുത്തൂൺപറ്റി പിരിഞ്ഞ് സുഖമായി ഊണുകഴിച്ചുപോരുന്ന മുൻ ചാൻസലർ രാജൻഗുരുക്കളും തമ്മിലായി അങ്കം. ഇടയ്ക്കിടെ ക്ഷീണം തോന്നുമ്പോൾ വിശ്രമവും വെറ്റില പാക്ക് ചുണ്ണാമ്പു സേവയും. ചാനൽ കാമറകളെ കാണാതെ വരുമ്പോൾ വീണ്ടും ശബ്ദമുണ്ടാക്കി അങ്കം തന്നെ അങ്കം! ' ആര് ജയിക്കും പോരിൽ ' എന്ന് മൂന്നുകൂട്ടർക്കും താൽപര്യമില്ല. തൽക്കാലം പ്രകാശത്തിൽ നിൽക്കുക. നാട്ടുകാർ വിഡ്ഢികളാണെന്ന് ആർക്കാണറിയാത്തത്?
ഇതിനിടയിൽ ചെന്നിത്തല ഗുരുക്കളുടെ പ്രിയ പുത്രൻ രമിത്തിന്റെ സിവിൽ സർവീസ് പരീക്ഷാ മാർക്ക് എടുത്തു കാട്ടിയത് 'ഫൗളായി'. അങ്കത്തിൽ ഇത്തരം 'പൂഴിക്കടകൻ' അടി പ്രതീക്ഷിക്കുന്നില്ല. വെറും സൗഹൃദമത്സരമാണെന്നും, പഴയ മാമാങ്കം എന്ന ആചാരത്തെ പ്രദർശിപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്നും ഓർക്കണം. സമാപനം കഴിഞ്ഞാൽ ഒന്നിച്ചിരുന്ന് തുടരെ ബിരിയാണി ശാപ്പിടേണ്ടവരാണ്. അതാണ് കീഴ്‌വഴക്കം. 
മോഡറേഷൻ എന്നാൽ മാർക്കുദാനമാണെന്നു ധരിച്ച ചെന്നിത്തലയ്ക്ക് ഇംഗ്ലീഷും മലയാളവും അറിയില്ലെന്നു തെളിഞ്ഞു. അല്ലെങ്കിലും, അദ്ദേഹം മാവേലിക്കരയിലെ ഒരു പഴയ ഹിന്ദി അധ്യാപകനായിരുന്നല്ലോ. അക്കാര്യം ഓർക്കുന്നുണ്ടോ ആവോ! കെ.ടി. ജലീൽ ഉന്നത വിദ്യാഭ്യാസത്തെ ഉന്നമിട്ടുള്ള മന്ത്രിയാണെങ്കിലും സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു കേട്ടിട്ടില്ല എന്ന കാര്യവും ഉറപ്പായി. അഥവാ, അതൊക്കെ ഉന്നത വിദ്യാഭ്യാസ നിലവാരമുള്ളതാണെന്ന് മന്ത്രി അംഗീകരിക്കുന്നില്ല എന്നാവാം! മന്ത്രി കൈയൊപ്പു ചാർത്തിയാലേ ഏതൊന്നിനും അംഗീകാരമാകു. കൂടുതൽ മനസ്സിലാക്കണമെങ്കിൽ തൽക്കാലം പാലാരിവട്ടം പാലം ഫെയിം ഇബ്രാഹിംകുഞ്ഞിക്കയോടു ചോദിച്ചാൽ പറഞ്ഞു തരും


****                        ****                ****

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ രാജസ്ഥാൻ സ്വദേശിയായ ഒരു ശുദ്ധ ഹൃദയനാണ്. അദ്ദേഹത്തിന്റെ നാട്ടിൽ ജാതി സംഘടനകൾ വോട്ടു ചോദിക്കാറില്ലെന്നു തോന്നും, ആ പ്രസ്താവന കണ്ടാൽ. ഏതെന്നൊ? 'സമുദായ സംഘടനകൾ വോട്ടു ചോദിക്കുന്നത് തെറ്റ്' എന്നതാണ് കണ്ടെത്തൽ. രാജസ്ഥാനിൽ ഓരോ നേതാവും ഓരോ സംഘടനയാണ്. ഠാക്കൂർ, ജാട്ട്, ചമാർ തുടങ്ങിയവരിൽനിന്നും പൂവൻ കോഴിയെപ്പോലെ ഓരോ ഓരോ മൂപ്പന്മാർ തലേക്കെട്ടുമായി റോഡിലിറങ്ങും. അവരെ കണ്ടാൽ ജാതി ഉറപ്പിക്കാം. പോളിംഗ് ബൂത്തിൽ അതനുസരിച്ചു വോട്ടു നടന്നോളും. കേരളത്തിൽ അതല്ല സ്ഥിതി. സമുദായങ്ങളും മതങ്ങളുമെല്ലാം ഏതാണ്ടൊരു 'മിശ്ര സമ്പദ് ഘടന' പോലെ തോന്നും കാഴ്ചയിൽ. ഒരുവന്റെയും ജാതി പ്രവചിക്കുവാൻ കഴിയില്ല. ഗുരുവിന്റെ 'ജാതിലക്ഷണം' എടുത്തു നിവർത്തി അതിൽ തലങ്ങും വിലങ്ങും കിടന്നുരുണ്ടാലും കഴിയില്ല. അതുകൊണ്ട് 'കാര്യങ്ങൾ' സുതാര്യമാക്കുവാൻ വേണ്ടിയാണ് പെരുന്നയിലെ 'പോപ്പും' കണിച്ചുകുളങ്ങരയിലെ 'മുതലാളിഗുരു'വുമൊക്കെ ഇടയ്ക്കിടെ ഓരോന്നു വിളമ്പുന്നത്. സ്വന്തം കുടുംബത്തിലെ പിള്ളേർ പോലും അതൊന്നും അനുസരിക്കുകയില്ല എന്ന് അവർക്കു തന്നെ അറിയാം. എങ്കിലും ശീലം വിട്ടുമാറില്ലല്ലോ. തെരഞ്ഞെടുപ്പ് പ്രഭാതമാകുമ്പോൾ കൂവാൻ തുടങ്ങും. റിസൾട്ടുവരുമ്പോൾ തങ്ങൾ കൂകിയിട്ടാണ് നേരം വെളുത്തതെന്നും പ്രസ്താവന അടിച്ചു വിടുകയും ചെയ്യും. ഇതൊന്നും ടീക്കാറാം മീണയ്ക്കറിയില്ല. ഇതിലൊക്കെ നിയമം വ്യാഖ്യാനിച്ച് തെറ്റു കണ്ടെത്താൻ നടക്കാതെ കുട്ടികളുടെ പഠിത്തത്തിലും കുടുംബത്തിന്റെ സൗഖ്യത്തിലും ശ്രദ്ധിക്കുന്നതാണ് നല്ലത്. ഉദ്യോഗം കഴിഞ്ഞാൽ അവർ മാത്രമേ കൂടെയുണ്ടാകൂ……

****                        ****                      ****

സ്ത്രീകൾക്ക് മാത്രമുള്ള ടോയ്‌ലെറ്റ്, അവർക്കു മാത്രമുള്ള ടാക്‌സികൾ- ഷീ ടോയ്‌ലെറ്റ്, ഷീ ടാക്‌സി എന്നിവ നമുക്കറിയാം. 'ലേഡീസ് ഒൺളി' ബസിൽ പെൺകുട്ടികൾ കയറാറില്ല എന്ന കാര്യവും പ്രസിദ്ധം. ഇത്തരം അനുഭവങ്ങൾ നിമിത്തമാണ് പെണ്ണുങ്ങൾക്കു മാത്രമായി റെസ്റ്റൊറന്റും അലക്കു കമ്പനിയുമൊന്നും തുടങ്ങാത്തത്. ബാങ്ക് ലോൺ കിട്ടുമെന്നു വന്നാലും ആർക്കും ധൈര്യം പോരാ. ഒരു ദിവസം രാവിലെ കണ്ണുതുറക്കുമ്പോൾ നമ്മൾ മുറ്റത്തും വീടിന്റെ താക്കോൽ ബാങ്ക് മാനേജർ വശവും ആയിമാറിയാലോ?
അതൊക്കെ നമ്മുടെ നാട്ടിൽ പതിവാണ്. ആദ്യം പറഞ്ഞ കേന്ദ്രങ്ങളിൽ ഒളികാമറ വെച്ചുപോലും നമ്മുടെ സംസ്‌കാരം പ്രകടിപ്പിച്ച സംഭവങ്ങളുമുണ്ട്. ഇവിടെ പുരുഷന് 'ജെനറ്റിക്ക'ലായി ചില കുഴപ്പങ്ങളുണ്ടെന്നു തോന്നുന്നുവെന്നാണ് അന്തരിച്ച മെഴ്‌സി രവി ഒരിക്കൽ എഴുതിയത്. വയലാർ രവിയെ ഉന്നംവെച്ചാണോ അല്ലയോ എന്നൊന്നും നമ്മൾ ചിന്തിക്കേണ്ടതില്ല. പക്ഷേ, അമേരിക്കയിൽ പുരുഷന്മാരുടെ ശല്യം കൂടുതലാണോ എന്ന് ഇപ്പോൾ സംശയിക്കണം. ഗൾഫ് കഴിഞ്ഞ് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ, ഏറ്റവും കൂടുതൽ ചേക്കേറുന്ന നാടാണ് അമേരിക്ക. 'സ്വഭാവം' ഒരു പകരുന്ന രോഗമാണ് എന്നു താമസിയാതെ തെളിയും. ഇതൊക്കെ സൂചിപ്പിക്കുവാൻ കാരണമുണ്ട്- രണ്ടു വനിതാ യു.എസ് ബഹിരാകാശ സഞ്ചാരികൾ പേടകത്തിൽനിന്ന് ഇറങ്ങി ബഹിരാകാശത്ത് നടന്നതായി വാർത്തയും ഫോട്ടോയും ഇപ്പോൾ വൈറലായി വിലസുന്നു. സ്ത്രീകൾ മാത്രമുള്ള സഞ്ചാരം ചരിത്രത്തിലാദ്യം. പുരുഷന്മാരെ ഒപ്പം കൂട്ടാതെ പോയതിൽനിന്നും, അവർ ഭൂമിയിൽ അനുഭവിച്ചിരുന്ന വേദനയും പീഡനവും അടിച്ചമർത്തലും ഒക്കെ മനസ്സിലാക്കാം. സ്ത്രീപക്ഷ വാദികളുടെ ഒച്ചയൊന്നും കേട്ടില്ല. എന്തു പറ്റി?

****                           ****                    ****
'കണ്ണൂർ ശിങ്ക'മായ കെ. സുധാകരന്റെ തലച്ചോറ് ശുഷ്‌കമാണോ? ഗൗരവമേറിയ ഈ പ്രശ്‌നം ഉന്നയിച്ചത് തൊണ്ണൂറ്റി നാല് പിന്നിട്ട വയലാർ ശിങ്കം വി.എസ്. അച്യുതാനന്ദനാണ്. അതുകൊണ്ടുതന്നെ ഒരു വിജിലൻസ് അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആകാം. ശുഷ്‌കമായ ആ ഭാഗമുപയോഗിച്ച് സുധാകരൻജി കഴിഞ്ഞ കാലത്ത് എന്തൊക്കെ കാട്ടിക്കൂട്ടിയിരിക്കുന്നു? തലച്ചോറിന്റെ ആ പോരായ്മ നികത്താനാകും, ഖദർ ഷർട്ടിനും മുണ്ടിനുമിടയിൽ ഒരു കൈത്തോക്ക് സദാ ധരിച്ചു നടന്നത്! ഉണ്ടയില്ലാത്തതാണെങ്കിലും സുധാകരന്റെ ആ പിസ്റ്റളാണ് കണ്ണൂർ സഖാക്കളെ അച്ചടക്കം പഠിപ്പിച്ചതും റോഡിന്റെ വലതു വശം ചേർന്നു നടക്കാൻ പ്രേരിപ്പിച്ചതും. വി.എസിന്റെ പ്രസ്താവനയിൽ തലയിൽ തേക്കുന്ന കറുത്ത പെയിന്റിന്റെ സൂചനയുമുണ്ട്. ധ്വനി  പ്രയോഗത്തിന്റെ സൗന്ദര്യം അറിയണമെങ്കിൽ സഖാവിന്റെ അടുത്ത കാലത്തെ പ്രസ്താവനകൾ കേൾക്കണം. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായ ശേഷം ചെയർ കളഞ്ഞുകുളിക്കാതെ അദ്ദേഹം മിതവാദിയായി. അതോടെ പ്രസ്താവനകൾ നിറയെ ധ്വനികളായി. 
ശുദ്ധ മലയാളത്തിൽ പറഞ്ഞാൽ മുള്ളുെവച്ച വാക്കുകൾ. 'കറുത്ത ചായം' എന്ന പ്രയോഗമാണ് നമ്മൾ 'ഹെയർ ഡൈ' എന്ന് കൊണ്ടാടുന്നത്. 'തലച്ചോറ് വറ്റിവരണ്ട യുവവൃദ്ധൻമാർ' എന്ന പ്രയോഗത്തിലൂടെ അദ്ദേഹം മൊത്തം കോൺഗ്രസുകാരെ ശരിക്കൊന്നു പെരുമാറിയിരിക്കുകയാണ്.
'ഉപമാ കാളിദാസസഃ'- എന്നായിരുന്നു പഴയ പ്രമാണം. ഈ നൂറ്റാണ്ടിൽ അത് 'ഉപമാ അച്യുതാനന്ദസ്യ'- എന്ന് ധൈര്യപൂർവം നമുക്ക് തിരുത്തി ആഘോഷിക്കാം.

 

Latest News