Tuesday , November   12, 2019
Tuesday , November   12, 2019

മരണം: കാര്യവും സ്വകാര്യവും

കഴിഞ്ഞയാഴ്ച പത്രത്തിന്റെ ഒരു ഉൾത്താളിൽ പി. ചിദംബരത്തിന്റെ മരണവാർത്ത കണ്ടപ്പോൾ പലതുകൊണ്ടും അപാകത തോന്നി. ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും മറ്റുമായിരുന്ന പളനിയപ്പൻ ചിദംബരത്തെപ്പറ്റി ഒടുവിൽ കേട്ട വാർത്ത തിഹാർ ജയിലിൽനിന്നായിരുന്നില്ലേ? മുന്തിയ പദവികൾ വഹിക്കുകയും കോടതിയിൽ കോട്ടിട്ട് നിറഞ്ഞുനിൽക്കുകയും കുറ്റമറ്റ ആംഗല ഉച്ചാരണത്തോടെ സംസാരിക്കുകയും ചെയ്ത ശിവഗംഗക്കാരനെ ഉൾപ്പേജിൽ എവിടെയെങ്കിലും ഒതുക്കാൻ കഴിയുമോ?
മരിച്ചത് പക്ഷേ തിരുവട്ടാർകാരൻ പി. ചിദംബരം ആയിരുന്നു.  ഒന്നാം പേജിൽ കെട്ടിയെഴുന്നള്ളിക്കാൻ പോന്ന പൊക്കവും പൊങ്ങച്ചവും ഉള്ള ആളായിരുന്നില്ല പരേതനായ പി. ചിദംബരം.  ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് പിതാവ് പെരുമാൾ പിള്ള തുടങ്ങിവെച്ച നിർമാണസാമഗ്രികളുടെ കച്ചവടം കൊണ്ടുനടത്തിരുന്ന ആൾ. സിനിമാനായകന്മാരെയും രാഷ്ട്രീയമേധാവികളെയും നടന്മാരെയും നോവലെഴുത്തുകാരെയും മറ്റും, മരിച്ചാൽ, വാഴ്ത്തിശീലിച്ച നമുക്കുണ്ടോ വെറുമൊരു കച്ചവടക്കാരനെ പൂവിട്ടു  പൂജിക്കാനുള്ള മനസ്സാന്നിധ്യം? പിന്നെ ഈ ചിദംബരം, ഉൾപ്പേജിലാണെങ്കിലും,  എങ്ങനെ കേറി?
പെരുമാൾ പിള്ള 1923 ൽ തുറന്നതാണ് പിന്നീട് പി. ചിദംബരം നയിക്കാനിടയായ സി പി സൺസ് എന്ന സ്ഥാപനം. കെട്ടിടം വെക്കാൻ വേണ്ട സാധനസാമഗ്രികൾ വിൽപനക്കെത്തിച്ചുകൊണ്ടായിരുന്നു തുടക്കം. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡിൽ സി. പി സൺസ് മരക്കട തുറന്നപ്പോൾ റോഡിന്റെ പേര് മാറി മരക്കട റോഡായി. 
പിന്നെ ബന്ധപ്പെട്ട മറ്റു പല സാധനങ്ങളുടെയും വ്യാപാരം നന്നായിത്തന്നെ നടത്തിയെങ്കിലും എടുത്തു പറയാവുന്ന പദവിയൊന്നും ചിദംബരത്തിന് ഉണ്ടായിരുന്നില്ല. 
കവിഞ്ഞാൽ പതിവുള്ള ഒരു കൊച്ചുചിത്രത്തോടൊപ്പം ഉള്ളിലെ മരണപ്പേജിൽ ഒരു നാലുവരി കുറിപ്പ്. നിലവിലുള്ള വാർത്താബോധം വെച്ച് അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല.
മനുഷ്യരെ നാലായി തിരിക്കാം. പടങ്ങളും ഏഴുനിറത്തിലുള്ള സ്തുതിപാഠകരുമായി മരിക്കുമ്പോൾ ഒന്നാം പേജ് അടക്കിവാഴുന്നവർ. ഉൾപ്പേജിൽ സചിത്രകഥകളുമായി വിഹരിക്കുന്നവർ. മരണപ്പേജിൽ മുഖപടവും ഊരും പേരും ബന്ധുബലവും വിവരിക്കുന്ന വാങ്മയവുമായി വരുന്ന സാധാരണക്കാർ.  മരണം ആഘോഷിക്കാൻ മിത്ര-ശത്രുക്കളില്ലാതെ 'അവനൊരുഷസ്സിലുണർന്നിടാതെയായ്' എന്നു പറയുന്ന ലാഘവത്തോടെ കടന്നുപോകുന്നവർ. 
ഈ അവസാനത്തെ കൂട്ടത്തിലേക്കു തള്ളപ്പെടാൻ പ്രയാസം. വാർത്തയിൽ വരാൻ വയ്യാത്ത അപ്രാധാന്യമുള്ളവരെ തിരക്കിയാലും കണ്ടെന്നു വരില്ല. എന്തെങ്കിലുമൊരു സാമൂഹ്യപ്രസക്തിയുണ്ടെങ്കിലേ ഒരു മരണം വാർത്തയിൽ ചേർക്കേണ്ടൂ എന്നായിരുന്നു പണ്ട് ആകാശവാണിയിൽ ജോലി ചെയ്യുമ്പോൾ കേട്ടു പഠിച്ച പാഠം. പത്തു മിനിറ്റു നീളുന്ന ബുള്ളറ്റിനിൽ മൂന്നു കോടി ആളുകൾ കേൾക്കാനിരിക്കുന്ന വാർത്തകൾക്കിടയിൽ വിലാസമായി ഒന്നും പറയാനില്ലാത്ത ഒരാളുടെ വിയോഗം ഘോഷിക്കേണ്ടെന്നായിരുന്നു സങ്കൽപം. 
എന്റെ ചങ്ങാതി ശ്രീധരൻ പിള്ള അലസമായി പറയും: 'ആ പേരും കൂടെ വിളിച്ചു കൂവെടോ. ആർക്കു നഷ്ടം?' പിള്ള ജനപ്രിയനായി.  വാർത്താബോധത്തിന്റെ ചേതലാഭങ്ങളാലോചിച്ച എനിക്ക് ശത്രുക്കളായി.
 അതിനിടെ ഒരു സുവർണമാർഗവുമായി വന്ന ഗോപിനാഥ് എന്ന സഹപ്രവർത്തകൻ കേട്ടുകേൾവിയില്ലാത്ത ഏതു മരണത്തെയും വാർത്താപ്രാധാന്യമായി അവതരിപ്പിക്കാമെന്നു തെളിയിച്ചു. മറ്റൊരു കുറവും പറയാനില്ലാത്ത ഒരു പരേതനെ അദ്ദേഹം സാമൂഹ്യസേവകനോ നല്ല വായനക്കാരനോ ശ്വാനസംരക്ഷണസേനയുടെ ജോയന്റ് സെക്രട്ടറിയോ മറ്റോ ആക്കി വാർത്തകളിൽ വിളിച്ചു പറയാവുന്നതാക്കി. 
പദവിയോ പാരിതോഷികമോ എന്തെങ്കിലുമുള്ള ആളാണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പരേതപരാമർശം മൂന്നുതരം. ആരായാലും മരിക്കുമെന്നും മരിക്കുന്ന ആർക്കും ഒരു പരാമർശം വേണമെന്നും ശഠിക്കാൻ തുടങ്ങിയത് കേരളത്തിലെ മാധ്യമങ്ങളാണെന്നു തോന്നുന്നു. വാർത്താപ്രാധാന്യമുള്ളവരെ മാത്രം മരണാനന്തരം അച്ചു നിരത്തി ആദരിക്കുക എന്നതായിരുന്നു പഴയ വഴക്കം.  
മരണം സാധാരണം എന്ന് വന്നതോടുകൂടി എല്ലാവർക്കും നിര്യാണപംക്തിയിൽ സൗജന്യമായി ഇടം കൊടുക്കണമെന്നായി. സഹ്യനപ്പുറത്ത് അതുവരെയും അതിനുശേഷവും വാർത്താപ്രാധാന്യമില്ലാത്ത മരണമാണെങ്കിൽ പരസ്യക്കൂലിയിനത്തിൽ കിസ്ത് ഈടാക്കുമായിരുന്നു. മരണത്തിന്റെ സർവസാധാരണത്വവും അനിവാര്യതയും മനസ്സിലാക്കിയിട്ടാകാം, മലയാളത്തിൽ ഒരു പേജ് തന്നെ പത്രങ്ങൾ നീക്കി വെച്ചു തുടങ്ങി. 
ആ വാർത്താവഴക്കത്തിനു പിന്നെപ്പിന്നെ പ്രചാരം കിട്ടി. പദവിയും പാരിതോഷികവുമുള്ളവരായാൽ മരണം വിളിച്ചറിയിക്കാൻ എളുപ്പമായി. ഇല്ലെങ്കിലും നിര്യാണപംക്തിയിൽ ഇടം കൊടുക്കണമെന്നത് കേരളം നൽകിയ പുതിയ മരണനിർവചനം. സാംസ്‌കാരിക രാജാക്കന്മാർ മാത്രമല്ല വാണിജ്യപ്രജകളും ശുപാർശയും കൂലിയുമില്ലാതെ നിര്യാണത്താളിൽ കയറിക്കൂടി. 
 പറ്റുവരവിന്റെ കണക്ക് കുറിച്ചിടുന്ന സാദാ കച്ചവടക്കാരനും, മരിക്കുമ്പോൾ, മണി മുഴക്കിപ്പോയി.  മരണം പ്രകൃതിശ്ശരീരിണാം എന്നാണല്ലോ സിദ്ധാന്തം. ആ നിലക്കു നോക്കുമ്പോൾ പി. ചിദംബരം(സി പി സൺസ്), വീരശൃംഖലയൊന്നും അണിയാതിരുന്നിട്ടും, സിമന്റും ചായവും മറ്റും വിറ്റു വളർന്ന ആളായിട്ടും, മരണപ്പേജിനപ്പുറത്ത് പോലും കിടപ്പാടം നേടിയത് ചട്ടപ്രകാരമാണെന്നു കാണാം. 
മരണത്തിന്റെ കാര്യം വരുമ്പോൾ ചിലതൊക്കെ സ്വകാര്യമാകും. മരിച്ചവരെ തള്ളിപ്പറഞ്ഞുകൂടാ.  മര്യാദകേടാവും. ആ മര്യാദകേടിൽ മികവു കാട്ടിയ ആളായിരുന്നു വിഭീഷണൻ.
 രാവണൻ തല പത്തും തകർന്നു കിടക്കുന്നതു നോക്കി അനുജൻ തല കുലുക്കിക്കൊണ്ട് പറഞ്ഞു: ഞാൻ അന്നേ പറഞ്ഞില്ലേ ഈ പങ്കപ്പാടിനൊന്നും പോകണ്ടെന്ന്. ഇപ്പോൾ കിടക്കുന്ന കിടപ്പ് കണ്ടില്ലേ? അതിനുടനേ മര്യാദാപുരുഷോത്തമനായ രാമന്റെ മറുപടി വന്നു: വേണ്ട. മരിച്ചു കിടക്കുകയല്ലേ, ഇനി ഭാഷണം മതി. മരണം വരെ മതി വൈരമൊക്കെ.  മരണാന്താനി വൈരാണി.
മരണം സ്വകാര്യമാകുന്ന ഒരവസരം അതേതെങ്കിലും സ്വകാര്യസ്ഥാപനത്തിൽ വെച്ച് നടക്കുമ്പോഴാകും. വീട്ടിലോ വഴിയോരത്തോ താലൂക്ക് ആശുപത്രിയിലോ ആയാൽ എവിടെ വെച്ചു മരിച്ചു എന്നു ചോദിക്കുകയും പറയുകയും ആവാം. ഇസബെല്ല ആശുപത്രിയിലോ കൃഷ്ണ നഴ്‌സിംഗ് ഹോമിൽ വെച്ചോ ആണെങ്കിൽ, കാര്യം കുഴഞ്ഞു, സ്ഥലം മറച്ചുവെക്കണം. 'സ്വകാര്യ'ആശുപത്രിയിൽ അന്ത്യം സംഭവിച്ചുവെന്നേ പറയാൻ പാടുള്ളു. ഹൗ, എന്തൊരു സ്വകാര്യത!
ഒരാൾ മരിച്ചാൽ വരുന്ന സന്ദേശങ്ങളുടെ പ്രളയം കണ്ടാൽ തോന്നും, പരേതൻ ഒരു പുരുഷായുസ്സിൽ ചെയ്തുതീർത്ത ഏറ്റവും നല്ല കാര്യം മരിച്ചതു തന്നെ. അതുകൊണ്ടോ എന്തോ, മരിച്ചുവെന്ന് തുറന്നു പറയാതെ, ഓർമയായി, കഥാവശേഷനായി തുടങ്ങിയ പദാവലികളിൽ ഒളിച്ചുകളിക്കുകയാവും സന്ദേശനിർമാതാക്കൾ. മരിച്ചവർക്ക് നമുക്ക് നൽകാനുള്ളത് മുന്തിയ മധുരകോമളകാന്തപദാവലി മാത്രം. ഗീതാഗോവിന്ദകാരനെ വേണ്ടെങ്കിൽ വേണ്ട, പച്ച മലയാളം പറയാം. പെരിയ മൊഴിയേ പരേതരെപ്പറ്റി പറയൂ.  പെരുമൊഴി.  പെരുമൊഴിയുടെ പെരുമഴ.  

Latest News