Tuesday , November   12, 2019
Tuesday , November   12, 2019

ഇന്ത്യൻ ഓഹരി സൂചികകള്‍ വീണ്ടും മികവിൽ

വിദേശ നിക്ഷേപത്തിന്റെ മികവിൽ ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ വീണ്ടും മികവിൽ. ഏഴ് മാസത്തിനിടയിൽ ആദ്യമായി ഓഹരി സൂചിക തുടർച്ചയായി ആറ് ദിവസങ്ങളിൽ നേട്ടം നിലനിർത്തി. ബോംബെ സെൻസെക്‌സ് 1171 പോയിൻറും നിഫ്റ്റി സൂചിക 356 പോയിൻറും പ്രതിവാര നേട്ടത്തിലാണ്. 
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് മൂലം ഇന്ന് വിപണി അവധിയാണ്. വിദേശ ഫണ്ടുകൾ ഈ മാസം മൊത്തം 5072 കോടി രൂപ നിക്ഷേപിച്ചു. ഈവാരം ആദ്യ പകുതി വരെ വിപണി മികവ്  നിലനിർത്താം, എന്നാൽ രണ്ടാം പകുതിയിൽ ആവേശം ലഭിക്കണമെങ്കിൽ പുതിയ നിക്ഷേപകരെത്തണം. 
ബോംബെ സെൻസെക്‌സ് 38,066 ൽ നിന്ന് 39,000 ലെ പ്രതിരോധവും തകർത്ത് 39,366 പോയിന്റ് വരെ ഉയർന്നു. വാരാന്ത്യം സൂചിക 39,298 ലാണ്. ചൊവ്വാഴ്ച്ച വ്യാപാരം പുനരാരംഭിക്കുമ്പോൾ സെൻസെക്‌സ് ലക്ഷ്യമിടുക 39,750 നെയാണ്. ക്ലോസിങുമായി താരതമ്യം ചെയ്താൽ പ്രതിരോധം 452 പോയിന്റ് മുകളിലാണെങ്കിലും ഈ ലക്ഷ്യം കൈവരിച്ചാൽ അടുത്ത ചുവടിൽ 40,312 വരെ സഞ്ചരിക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ വൻ കുതിപ്പിനുള്ള കരുത്ത് സൂചികക്കില്ല. എന്നാൽ വിപണിയുടെ അടിഒഴുക്കിൽ മാറ്റം വരുത്തുന്ന പ്രഖ്യാപനങ്ങൾ ദീപാവലി സമ്മാനമായി ധനമന്ത്രാലയം പുറത്തുവിട്ടാൽ സ്ഥിതിഗതികൾ മാറി മാറിയും. ഈവാരം താങ്ങ് 38,455-37,613 പോയിന്റിലാണ്. 

നിഫ്റ്റി 11,290 ൽ നിന്നുള്ള കുതിപ്പിൽ മുൻവാരം സൂചിപ്പിച്ച 11,523 ലെ തടസം ഭേദിച്ച് 11,685 വരെ കയറിയ ശേഷം ക്ലോസിങിൽ 11,661 പോയിന്റിലാണ്. ഈവാരം പുതിയ വാങ്ങലുകാർ രംഗത്ത് ഇറങ്ങിയാൽ മാത്രമേ കരുത്ത് നിലനിൽക്കൂ. ഷോട്ട് കവറിങിന് നീക്കം നടന്നാലും 11,790-11,949 വരെ ഉയരാനാവൂ. ഓപ്പറേറ്റർമാർ ലാഭമെടുപ്പ്  നടത്തിയാൽ 11,405 ൽ താങ്ങുണ്ട്. 

പുതുതായി ലിസ്റ്റുചെയ്ത ഐആർസിടിസി തരംഗമായി. ഓഹരി വില 143 ശതമാനം ഉയർന്ന് 779 രൂപയായി. ഇഷ്യു വില 320 രൂപയായിരുന്നു. ഐആർസിടിസിയുടെ പ്രകടനം നിക്ഷേപകരെ ആവേശം കൊള്ളിച്ചു. ഭെൽ ഓഹരി വില പോയവാരം 26.62 ശതമാനം ഉയർന്ന് 54.50 രൂപയായി. 1996 ന് ശേഷം ഭെൽ ഓഹരി കാഴ്ചവെക്കുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. 

കോർപ്പറേറ്റ് മേഖലയിൽ നിന്ന് കൂടുതൽ പ്രവർത്തന റിപ്പോർട്ടുകൾ പുറത്തുവന്നു. വിപണി പ്രതീക്ഷിച്ചതിലും മികച്ച ഫലം എച്ച്‌യുഎൽ പുറത്തുവിട്ടു. ടെക്‌നോളജി വിഭാഗത്തിൽ വിപ്രോയും തിളക്കമാർന്ന പ്രകടനം നടത്തി.  റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി സൂചികയുടെ  മുന്നേറ്റത്തിന് പോയവാരം ശക്തമായ പിൻതുണ നൽകി. ഒമ്പത് ലക്ഷം കോടി വിപണി മൂല്യമുള്ള ആദ്യ ഇന്ത്യൻ കമ്പനിയായി ആർഐഎൽ. 
രാജ്യത്തെ വിദേശ നാണയ കരുതൽ ശേഖരം റെക്കോർഡിലെത്തി. ഒക്ടോബർ 11 ന് അവസാനിച്ച വാരം 1.879 ബില്യൺ ഡോളർ വർധിച്ച് കരുതൽ ശേഖരം 439.712 ബില്യൺ ഡോളറായി. 

ഫോറെക്‌സ് മാർക്കറ്റിൽ ഒരുമാസമായി രൂപയുടെ മൂല്യം 70.35-71.67  റേഞ്ചിലാണ്. ഈ ടാർഗറ്റിൽ നിന്ന് പുറത്തു കടക്കാൻ രൂപ കാര്യമായ ശ്രമങ്ങൾ നടത്തിയില്ല. പോയവാരം 70.91 ൽ നിന്ന് വിനിമയ നിരക്ക് 71.07 ലേയ്ക്ക് നീങ്ങി. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് 1500 ഡോളറിലേക്ക് ഉയരാനായില്ല. ട്രോയ് ഔൺസിന് 1486 ഡോളറിൽ നിന്ന് 1496 വരെ കയറിയ ശേഷം 1490 ഡോളറിലാണ്.   

 

 

Latest News