Sorry, you need to enable JavaScript to visit this website.

വോട്ടെടുപ്പു സമയം അവസാനിച്ചു; കൂടുതല്‍ പോളിങ് അരൂരില്‍, കുറവ് എറണാകുളത്ത്

തിരുവനന്തപുരം- അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അരൂരില്‍. മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലും മികച്ച പോളിങ് നടന്നു. ആറു മണിയോടെ വോട്ടെടുപ്പു സമയം അവസാനിച്ചെങ്കിലും ഈ സമയത്തിനു മുമ്പ് വരിയില്‍ എത്തിയവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കി. ഇവര്‍ കൂടി വോട്ടു രേഖപ്പെടുത്തിയതിനു ശേഷമെ പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കൂ.

അരൂരില്‍ 78.90 ശതമാനമാണ് പോളിങ്. ഏറ്റവും കുറവ് രേഖപ്പെടുത്തിയ എറണാകുളത്ത് 56.88 ശതമാനവും. കനത്ത മഴയും മിന്നല്‍ പ്രളയവും എറണാകുളത്ത് പോളിങിനെ സാരമായി ബാധിച്ചു. മഴയെ തുടര്‍ന്ന് ഇവിടെ പോളിങ് സമയം കൂട്ടിയേക്കുമെന്നു പ്രതീക്ഷിരുന്നെങ്കിലും സമയം നീട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. റീപോളിങ് വേണമെന്ന പാര്‍ട്ടികളുടെ ആവശ്യവും അദ്ദേഹം തള്ളി.

ഏഴു മണി വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം മഞ്ചേശ്വരത്ത് 72.74%, കോന്നി 69.23% വട്ടിയൂര്‍കാവ് 62.3% എന്നിങ്ങനെയാണ് പോളിങ്. പോളിങ് അവസാനിക്കുന്നതോടെ എക്‌സിറ്റ് പോള്‍ പ്രവചനം വരും.
 

Latest News