അഞ്ച് ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലെര്‍ട്ട്; കൊച്ചിയില്‍ മഴ കുറഞ്ഞു

തിരുവനന്തപുരം- അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. മിന്നല്‍ പ്രളയ സാധ്യതയുള്ളതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. റെഡ് അലെര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എറാണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനം സംസ്ഥാനത്ത് പെയ്തുകൊണ്ടിരിക്കുന്ന മഴയുടെ ശക്തി കൂട്ടുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴസാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചിയില്‍ മിന്നല്‍ പ്രളയമുണ്ടാക്കിയ ശക്തിയേറിയ മഴ വൈകീട്ടോടെ കുറഞ്ഞു. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയ്ന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചു. സൗത്ത് സ്റ്റേഷനിലെ ട്രാക്കുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച കലൂരിലെ കെഎസഇബി സബ്‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം ബുധനാഴ്ച പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest News