Sorry, you need to enable JavaScript to visit this website.

പേരു ചേര്‍ത്തത് ഒരു ലക്ഷം പ്രവാസികള്‍; വോട്ട് ചെയ്തത് 25,000 പേര്‍ മാത്രം

ന്യൂദല്‍ഹി- ഒരു ലക്ഷത്തോളം പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയത് 25,606 പേര്‍ മാത്രം.തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

വിവിധ സംസ്ഥാനങ്ങളിലായി  99,807 പേരാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത്. ഇവരില്‍ 91,850 പേര്‍ പുരുഷന്‍മാരും 7,943 പേര്‍ സ്ത്രീകളുമാണ്. 14 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണ്. പൊതുതെരഞ്ഞെടുപ്പില്‍ 24,458 പുരുഷന്‍മാരും 1,148 സ്ത്രീകളും വോട്ടു ചെയ്തു. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളതും ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വോട്ടു ചെയ്തതും കേരളത്തിലാണ്. മൊത്തം 85,161 പ്രവാസി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇവരില്‍ 25,091 പേര്‍ വോട്ടുരേഖപ്പെടുത്തി.

ദല്‍ഹിയില്‍  231 പുരുഷന്‍മാരും 105 സ്ത്രീകളുമടക്കം 336 പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തെങ്കിലും ആരും തന്നെ വോട്ടു ചെയ്യാനെത്തിയില്ല. പശ്ചിമബംഗാളില്‍ 34 പ്രവാസി വോട്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ആരും പോളിങ് ബൂത്തിലെത്തിയില്ല.

പ്രവാസികള്‍ക്ക് പ്രോക്‌സിവോട്ടു സംവിധാനം ഏര്‍പ്പെടുത്താനുള്ള ബില്‍ കഴിഞ്ഞ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പാര്‍ലമെന്റിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അത് പാസാക്കാനായിരുന്നില്ല. ബില്‍ വീണ്ടും അവതരിപ്പിക്കണമെന്ന നിയമമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വിവിധ രാജ്യങ്ങളിലായി മൂന്ന് കോടി പത്ത് ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് വിദേശ മന്ത്രാലയത്തിന്റെ കണക്ക്.  

 

Latest News