Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; എറണാകുളത്ത് ഒരു മണിക്കൂര്‍ വൈകി

കൊച്ചി- ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിങ് പുരോഗമിക്കുന്നു. എറണാകുളത്ത് വൈദ്യുതി നിലച്ചതും വെള്ളക്കെട്ടും കാരണം വെല്ലിങ്ടണ്‍ ഐലന്റില്‍ നാല് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. ഒരു മണിക്കൂറോളം പോളിങ് തടസ്സപ്പെട്ടു. കനത്ത മഴയ്ക്ക് ശമനമായതോടെ വോട്ടര്‍മാര്‍ ബുത്തുകളില്‍ എത്തിത്തുടങ്ങി. നന്നായി പെയ്ത മഴ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടിനു കാരണമായിട്ടുണ്ട്.
മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. അരൂരിലും കോന്നിയിലും പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും മഴ തുടരുകയാണ്.

രാവിലെ അഞ്ച് മണ്ഡലങ്ങളിലും ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷമാണ് പോളിങ് തുടങ്ങിയത്. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.

മഞ്ചേശ്വരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ശങ്കര്‍ റേ അങ്കടിമോഗറു സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി.

എറണാകുളത്തെ കനത്ത മഴയെ തുടര്‍ന്നു കലക്ടറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു.  വോട്ടെടുപ്പിന് സമയം നീട്ടി നല്‍കുന്നത് പരിഗണനയിലാണ്. വോട്ടെടുപ്പ് തുടരാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടി വരും. കലക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.
അഞ്ച് മണ്ഡലങ്ങളിലായി മൊത്തം 9,57,509 വോട്ടര്‍മാരാണുള്ളത്.  അഞ്ചു മണ്ഡലങ്ങളിലെ 140 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് തുടരുന്നു.  പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡന്‍ എന്നിവര്‍ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് വേണ്ടിവന്നു.

 

 

Latest News