എതു ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് തനിക്ക് ലഭിക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി; ഹരിയാനയില്‍ വിവാദം-video

ന്യൂദല്‍ഹി- ഏതു ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബി.ജെ.പിക്ക് ലഭിക്കുമെന്ന് ഹരായനയിലെ അസ്സന്ത് മണ്ഡലം ബി.ജെ.പി സ്ഥാനര്‍ഥിയും നിലവിലെ എം.എല്‍.എയുമായ ബക് ഷിഷ് സിംഗ് വിര്‍ക്. പാര്‍ട്ടി പ്രവര്‍ത്തകരുമായി വിര്‍ക് സംസാരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു. തിങ്കളാഴ്ച ഹരിയാനയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള സ്ഥാനാര്‍ഥിയുടെ പരാമര്‍ശം.
സ്ഥാനാര്‍ഥിക്ക് നോട്ടീസയച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീതിപൂര്‍വകമായ വോട്ടെടുപ്പ് ഉറപ്പുവരുത്താന്‍ പ്രത്യേക നിരീക്ഷകനെ മണ്ഡലത്തിലേക്ക് അയച്ചു.
തന്നെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താന്‍ എതിരാളികള്‍ നിര്‍മിച്ച വ്യാജ വിഡിയോ ആണിതെന്ന വാദവുമായി ബക് ഷിഷ് സിംഗ് വിര്‍കി രംഗത്തുവന്നിട്ടുണ്ട്.
കര്‍ണാല്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന അസ്സന്ത് മണ്ഡലത്തിലേക്ക് വിനോദ് സുത് ഷിയെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക നിരീക്ഷകനായി അയച്ചത്. വിര്‍ക്കിന് നോട്ടീസയച്ചതായി ഹരിയാന ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇന്ദര്‍ ജീത് പറഞ്ഞു.

 

Latest News