Sorry, you need to enable JavaScript to visit this website.

ഇന്ത്യാ വിരുദ്ധ മാര്‍ച്ചിനുള്ള നീക്കത്തെ അപലപിച്ച് ലണ്ടന്‍ മേയര്‍

ലണ്ടന്‍- കശ്മീര്‍ വിഷയത്തില്‍ ലണ്ടനില്‍ ഇന്ത്യാ വിരുദ്ധ പ്രകടനം നടത്താനുള്ള നീക്കത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അപലപിച്ചു. ബ്രിട്ടീഷ് തലസ്ഥാനത്ത് വിഭാഗീയത ഉണ്ടാക്കുന്ന നീക്കത്തില്‍നിന്ന് സംഘാടകരും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവരും പിന്മാറണമെന്നും മാര്‍ച്ച് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  
ഞായറാഴ്ച ദീപാവലി ദിവസം പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൗണിങ് സ്ട്രീറ്റിനു സമീപം റിച്ച്‌മോണ്ട് ടെറസില്‍നിന്ന് ആരംഭിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ അവസാനിക്കുന്ന  മാര്‍ച്ചിനാണ് അനുമതി നേടിയിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി.
5000 മുതല്‍ 10,000 വരെ പ്രതിഷേധക്കാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ വംശജനായ ലണ്ടന്‍ അസംബ്ലി അംഗം നവീന്‍ ഷായുടെ കത്തിന് മറുപടിയായാണ് മേയര്‍ സാദിഖ് ഖാന്‍ നിലപാട് വ്യക്തമാക്കിയത്. ദീപാവലി ആഘോഷിക്കുന്ന ശുഭദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് സമീപം പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള പദ്ധതിയെ  തികച്ചും അപലപിക്കുന്നു. ലണ്ടന്‍ നിവാസികള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയത്ത് ഈ മാര്‍ച്ച് ഭിന്നത രൂക്ഷമാക്കുമെന്നതുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നവരോടും അതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരോടും വീണ്ടുവിചാരം നടത്താനും   പദ്ധതി റദ്ദാക്കാനും ആവശ്യപ്പെടുന്നത്- പാക്കിസ്ഥാന്‍ വംശജനായ ലണ്ടന്‍ മേയര്‍ കഴിഞ്ഞ ദിവസം നല്‍കിയ മറുപടി കത്തില്‍ പറഞ്ഞു.
മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കുന്നതിന് തന്റെ സിറ്റി ഹാള്‍ ഓഫീസ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാനത്തിനു ഭീഷണിയാകുന്ന മാര്‍ച്ച് നിരോധിക്കണമെന്ന ആവശ്യത്തെ കുറിച്ച് ഇത്തരം മാര്‍ച്ചുകള്‍
നിരോധിക്കാനുള്ള അധികാരം ആഭ്യന്തര സെക്രട്ടറിക്കാണെന്ന് അദ്ദേഹം മറുപടി നല്‍കി. കത്തിന്റെ പകര്‍പ്പ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനും മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ ക്രെസിഡ ഡിക്കിനും നല്‍കിയിട്ടുണ്ട്.  മാര്‍ച്ചിനെക്കുറിച്ചുള്ള എന്റെ ആശങ്ക അവര്‍ക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യദിനം ആഘോഷിച്ച പ്രവാസി ഗ്രൂപ്പുകളും ബ്രിട്ടീഷ് പാക്കിസ്ഥാനി, വിഘടനവാദ ഗ്രൂപ്പുകളും തമ്മില്‍ ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ ഹൈമ്മീഷന്‍ ഓഫീസിനു പുറത്തുണ്ടായ സംഘര്‍ഷം  നവീന്‍ ഷാ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പല ബ്രിട്ടീഷ് ഇന്ത്യക്കാരുടേയും ആശങ്കകള്‍ മനസ്സിലാക്കാമെന്നും   നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ  പോലീസ്  ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന്  ഉറപ്പ് നല്‍കുന്നതായും സാദിഖ് ഖാന്‍ പറഞ്ഞു.
ഫ്രീ കശ്മീര്‍ എന്ന പേരില്‍ നടത്തുന്ന റാലിയില്‍ പങ്കെടുക്കാന്‍ പാക്കധീന കശ്മീര്‍ പ്രസിഡന്റ് സര്‍ദാര്‍ മസൂദ് ഖാനും
പ്രധാനമന്ത്രി രാജ മുഹമ്മദ് ഫാറൂഖ് ഹൈദര്‍ ഖാനും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതിനിടെ, കശ്മീരിലെ മനുഷ്യാവകാശ പ്രതിസന്ധി ആശങ്കാജനകം തന്നെയാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ മറ്റൊരു കത്തിനു മറുപടി നല്‍കിയതിനു പിന്നാലെയാണ് ഇന്ത്യാ വിരുദ്ധ റാലിയില്‍നിന്ന് പിന്മാറാനുള്ള മേയറുടെ അഭ്യര്‍ഥന.
നൂറിലധികം ബ്രിട്ടീഷ്, ഇന്ത്യന്‍ സംഘടനകള്‍ക്ക് വേണ്ടി പുറത്തിറക്കിയ  കത്തിനാണ് ജെറമി കോര്‍ബിന്‍ മറുപടി നല്‍കിയത്. കഴിഞ്ഞ മാസം പ്രതിപക്ഷം പാസാക്കിയ അടിയന്തര പ്രമേയത്തില്‍ ഉപയോഗിച്ച ചില പ്രയോഗങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ സാധ്യതയുണ്ടെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കോര്‍ബിന്‍ പറഞ്ഞു.
കശ്മീരില്‍  അന്താരാഷ്ട്ര ഇടപെടലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളിയ ലേബര്‍ പാര്‍ട്ടി നേതാവിനോട് കത്ത് നല്‍കിയ നൂറോളം ഇന്ത്യന്‍ സംഘടനകള്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. ബ്രിട്ടീഷ് ഇന്ത്യക്കാരെയും ജനാധിപത്യ ഇന്ത്യയെയും അവഹേളിക്കുന്ന നിലപാടിന് തുല്യമാണിതെന്ന് സംഘടനകള്‍ പ്രതികരിച്ചു.

 

Latest News