ഇരുമ്പ് വാളുകള്‍ വാങ്ങി ബാബരി കേസ് വിധിക്കു തയാറായിക്കോളൂവെന്ന് ബിജെപി നേതാവ്

ലഖ്‌നൗ- ദിപാവലി ആഷോഷങ്ങളുടെ പ്രാരംഭ ദിനമായ ധന്‍തേരസ് ദിവസം സ്വര്‍ണാഭരണങ്ങള്‍ക്കും വെള്ളി പാത്രങ്ങള്‍ക്കും പകരം ഇത്തവണ ഇരുമ്പ് വാളുകള്‍ വാങ്ങി അയോധ്യ കേസ് വിധിയെ നേിരിടാന്‍ ഒരുങ്ങിക്കോളൂവെന്ന് യുപിയിലെ ബിജെപി നേതാവിന്റെ ആഹ്വാനം. 'അയോധ്യ പ്രശ്‌നത്തില്‍ സുപ്രീം കോടതി വിധി ഉടന്‍ ഉണ്ടാകും. അത് രാമ ക്ഷേത്രത്തിന് അനുകൂലമായിരിക്കും എന്നാണ് വിശ്വാസം. ഇത് സാഹചര്യങ്ങളെ മോശമാക്കിയേക്കാം. അതു കൊണ്ട് സ്വര്‍ണാഭരണങ്ങളും വെള്ളിപ്പാത്രങ്ങളും വാങ്ങുന്നതിനു പകരം ഇരുമ്പ് വാളുകള്‍ വാങ്ങിക്കൂട്ടിക്കോളൂ. സമയമാകുമ്പോള്‍ ഈ വാളുകള്‍ നമ്മുടെ സ്വയം രക്ഷയ്ക്ക് ഉപയോഗപ്പെടും,' ദയൂബന്ദ് ബിജെപി പ്രസിഡന്റ് ഗജരാജ് റാണ മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു നിര്‍ദേശമാണെന്നും മറുപുറം വായിക്കേണ്ടതില്ലെന്നും അദ്ദേഹം പിന്നീട് വിശദീകരിക്കുകയും ചെയ്തു. നമ്മുടെ ആചാരങ്ങളില്‍ പോലും ആയുധങ്ങളെ പൂജിക്കുന്നുണ്ട്. നമ്മുടെ ദേവീ ദേവന്‍മാരും ആയുധങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിച്ചിട്ടുണ്ട്. എന്റെ നിര്‍ദേശം നിലവിലെ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സമുദായാംഗങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. ഇതിലപ്പുറം ഇതില്‍ ഒന്നും കാണേണ്ടതില്ല- അദ്ദേഹം പറഞ്ഞു.

അതേസമയം ഇത്തരം ഭാഷയിലുള്ള സംസാരങ്ങളെ ബിജെപി പിന്തുണയ്ക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് ചന്ദ്രമോഹന്‍ പറഞ്ഞു. ഗജരാജ് സിങ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. ഏതൊരു പ്രസ്താവനയും നടപടികളും നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കണം. ആരും നിയമത്തിനു മുകളിലല്ല- വക്താവ് പറഞ്ഞു.
 

Latest News