ട്രെയ്ന്‍ വൈകിയതിന് യാത്രക്കാര്‍ക്ക് റെയില്‍വെയുടെ നഷ്ടപരിഹാരം; ചരിത്രത്തില്‍ ആദ്യം 

ന്യൂദല്‍ഹി- ഇന്ത്യയിലെ സ്വകാര്യവത്ക്കരിച്ച ആദ്യ ട്രെയ്‌നായ തേജസ് എക്‌സ്പ്രസ് ആദ്യ സര്‍വീസില്‍ തന്നെ വൈകി ഓടിയതിന് യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കി. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ നിന്നും ദല്‍ഹിയിലേക്കു തിരിച്ചുമുള്ള സര്‍വീസുകളാണ് ഇരു ദിശകളിലും രണ്ടു മണിക്കൂര്‍ വൈകിയത്. 451 യാത്രക്കാരാണ് ലഖ്‌നൗവില്‍ നിന്നു കയറിയത്. 500ഓളം പേര്‍ ദല്‍ഹിയില്‍ നിന്നും കയറി. ഇവര്‍ക്കെല്ലാം 250 രൂപ വീതം നഷടപരിഹാരമായി നല്‍കുമെന്ന് ഐആര്‍സിടിസി ചീഫ് റീജനല്‍ മാനേജര്‍ അശ്വിനി ശ്രീവാസ്തവ പറഞ്ഞു. യാത്രക്കാരുടെ മൊബൈലിലേക്ക് ഒരു ലിങ്ക് അയച്ചിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നഷ്ടപരിഹാരത്തിന് അവകാശവാദമുന്നയിക്കാം. ഇതു വെരിഫൈ ചെയ്ത് നഷ്ടപരിഹാരം നല്‍കും. ഒക്ടോബല്‍ നാലിനാണ് തേജസ് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്. 

ട്രെയ്ന്‍ യാത്ര വൈകിയതിന് ഇന്ത്യന്‍ റെയില്‍വെ  ചരിത്രത്തില്‍ ആദ്യമായാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. നിശ്ചയിക്കപ്പെട്ട സമയം പിന്നിട്ട് ട്രെയ്ന്‍ അവസാന സ്റ്റേഷനില്‍ എത്തിയാലാണ് നഷ്ടപരിഹാരം നല്‍കുക. യാത്ര വൈകുകയും പിന്നീട് അവസാന കേന്ദ്രത്തിലെത്തുന്നതിനു മുമ്പ് ട്രെയ്ന്‍ ഓടി സമയത്തിനൊപ്പമെത്തുകയും ചെയ്താല്‍ നഷ്ടപരിഹാരം നല്‍കില്ല.
 

Latest News