Sorry, you need to enable JavaScript to visit this website.

പ്രഫുല്‍ പട്ടേലിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തു; മേമനും മിര്‍ച്ചിയും ഒരാളാണെന്ന് അറിയില്ല

മുംബൈ- അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുടെ കുടുംബവുമായി കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് നടത്തിയെന്ന ആരോപണത്തില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഇക്ബാല്‍ മേമനും ഇക്ബാല്‍ മിര്‍ച്ചിയും ഒരു വ്യക്തിയാണെന്ന് തനിക്ക് അറിയില്ലെന്നും മയക്കുമരുന്ന്  വ്യാപാരിയുമായി ചര്‍ച്ച നടത്തിയത് ഏതാനും വര്‍ഷംമുമ്പ് മരിച്ചുപോയ  ബന്ധുവാണെന്നും ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ പ്രഫുല്‍ പട്ടേല്‍ മറുപടി നല്‍കി.

ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുടെ കുടുംബത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി 12 മണിക്കൂറോളം പ്രഫുല്‍ പട്ടേലിനെ ചോദ്യം ചെയ്തതായി ഇഡി വൃത്തങ്ങള്‍ പറഞ്ഞു. പട്ടേല്‍ കുടുംബം പ്രമോട്ട് ചെയ്തിരുന്ന കമ്പനിയായ മില്ലേനിയം ഡെവലപ്പേഴ്‌സും  മിര്‍ച്ചിയുടെ കുടുംബവും തമ്മില്‍ ഉണ്ടാക്കിയ നിയമപരമായ കരാറുണ്ടാക്കി എന്ന വെളിപ്പെടുത്തിലനെ കേന്ദ്രീകരിച്ചാണ് ഇ.ഡി. അന്വേഷണം.  

മിര്‍ച്ചിയും പട്ടേലും തമ്മിലുള്ള ഇടപാടിന് സൗകര്യമൊരുക്കിയതായി പറയുന്ന ഫാറൂഖ് പട്ടേലിനെ കണ്ടെത്താനുള്ള ശ്രമം ഇഡി തുടരുകയാണ്. ഇന്ത്യയിലെ മിര്‍ച്ചിയുടെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന പരേതനായ മിര്‍ച്ചിയുടെ ഭാര്യാ സഹോദരന്‍ മുക്തര്‍ പട്കയെ ചോദ്യം ചെയ്തപ്പോഴാണ് ഫാറൂഖിന്റെ പേര് പുറത്തുവന്നത്. ഫാറൂഖിനെ തനിക്ക് അറിയാമെന്ന് പ്രഫുല്‍ പട്ടേല്‍ ഇഡി ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.

1985 ല്‍ വോര്‍ലിയില്‍ മിര്‍ച്ചി കൈയേറ്റം ചെയ്ത ഭൂമിയുടെ  ഒരു ഭാഗം പട്ടേല്‍ കുടുംബത്തിന്റേതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടെ സംഗീതനിശകള്‍ക്കായുള്ള കേന്ദ്രം ആരംഭിച്ചാണ്  മിര്‍ച്ചി മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്. പിന്നീട് അറസ്റ്റ് ഒഴിവാക്കാന്‍ മിര്‍ച്ചി നാടുവിടുകയും ഡിസ്‌കോ ഷോപ്പ് അടയ്ക്കുകയും ചെയ്തു. പിന്നീട് മൊത്തം സ്ഥലം വികസിപ്പിക്കുന്നതിനായി 1999 ല്‍ മില്ലേനിയം ഡവലപ്പേഴ്‌സ്  മിര്‍ച്ചിയുടെ ഭാര്യ ഹാജറയുമായി കരാര്‍ ഒപ്പിട്ടു. മില്ലേനിയം ഡവലപ്പേഴ്‌സ് സീജെ ഹൗസ് എന്ന പേരില്‍ പണിത 15 നില കെട്ടിടത്തില്‍  14,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് നിലകള്‍ മിര്‍ച്ചിയുടെ ഭാര്യ ഹാജറക്കും രണ്ട് ആണ്‍മക്കള്‍ക്കും നല്‍കി. മിര്‍ച്ചി 2013 ല്‍ ലണ്ടനിലാണ്  അന്തരിച്ചത്.
മിര്‍ച്ചിയുടെ ഭാര്യയും മക്കളും അഞ്ച് കോടിയിലധികം രൂപ മില്ലേനിയം ഡെവലപ്പേഴ്‌സിന് കൈമാറിയതിനെ കുറിച്ചാണ്  ഇഡി ഉദ്യോഗസ്ഥര്‍ പ്രധാനമായും പ്രഫുല്‍ പട്ടേലിനെ ചോദ്യം ചെയ്തത്. കെട്ടിട അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയ പണമാകാമെന്നാണ് പട്ടേല്‍ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കിയത്. ഒരു പൊതുസുഹൃത്ത് മുഖേന പ്രഫുല്‍ പട്ടേലും മിര്‍ച്ചിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെ കുറിച്ചും ഇഡി അന്വേഷിക്കുന്നു.

 

 

 

Latest News