Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം ഉയർത്തുന്ന സ്ഥാപനങ്ങൾക്കുള്ള പ്രത്യേക സഹായം നിർത്തിവെച്ചു

റിയാദ് - സൗദിവൽക്കരണം ഉയർത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക ധനസഹായം നൽകുന്ന പദ്ധതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി (ഹദഫ്) ഈ മാസാദ്യം മുതൽ നിർത്തിവെച്ചു.
2017 ഒക്‌ടോബർ മുതലാണ് പദ്ധതി ഹദഫ് നടപ്പാക്കി തുടങ്ങിയത്. നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് ധനസഹായ പദ്ധതി നിർത്തിവെക്കുന്നതിന് ഹദഫ് തീരുമാനിക്കുകയായിരുന്നു. ധനസഹായ പദ്ധതി ദീർഘിപ്പിക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുമെന്ന് വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
സൗദിവൽക്കരണം ഉയർത്തുന്ന സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സൗദി ജീവനക്കാരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതിയാണ് ഹദഫ് നടപ്പാക്കിയിരുന്നത്. പുതുതായി നിയമിക്കുന്ന സൗദി ജീവനക്കാരുടെ വേതനത്തിന്റെ 15 ശതമാനവും വനിതാ ജീവനക്കാരുടെ വേതനത്തിന്റെ 20 ശതമാനവുമാണ് ഹദഫ് വഹിച്ചിരുന്നത്. 2017 ഓഗസ്റ്റ് ഒന്നു മുതലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സൗദിവൽക്കരണ വളർച്ച കണക്കാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ധനസഹായ വിതരണം ആ വർഷം ഒക്‌ടോബർ ഒന്നു മുതൽ ആരംഭിച്ചു. 
ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് പുതുതായി നിയമിക്കുന്ന സൗദി ജീവനക്കാരുടെ പ്രായം 18 ൽ കുറവാകാനും 60 ൽ കവിയാനും പാടില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നു. 
കൂടാതെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുന്ന ജീവനക്കാരുടെ വേതനം 6000 റിയാലിൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. 2017 ജൂലൈ 31 ലെ കണക്കുകൾ പ്രകാരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആകെ സൗദി ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പുതുതായി നിയമിക്കുന്ന സ്വദേശികളുടെ എണ്ണം കണക്കാക്കി ധനസഹായം വിതരണം ചെയ്തിരുന്നത്. 

Latest News