Sorry, you need to enable JavaScript to visit this website.

കശ്മീർ പരാമർശത്തിൽ അതൃപ്തി; മോഡി തുർക്കി സന്ദർശനം മാറ്റി

ന്യൂദൽഹി - ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നടത്തിയ കശ്മീർ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്താനിരുന്ന തുർക്കി സന്ദർശനം വേണ്ടെന്നു വെച്ചു. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ താത്പര്യത്തിന് വിരുദ്ധമായി ബഹുകക്ഷി ചർച്ച വേണമെന്നാണ് ഉർദുഗാൻ പറഞ്ഞത്. കശ്മീർ വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നതാണ് ഇന്ത്യയുടെ ഉറച്ച നിലപാട്. 
ഉർദുഗാന്റെ കശ്മീർ പരാമർശത്തിന് പിന്നാലെ സിറിയയിൽ തുർക്കിയുടെ ഇടപെടലിനെ അപലപിച്ച് ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോഡിയുടെ തുർക്കി സന്ദർശനം മാറ്റിവെച്ചതായുള്ള റിപ്പോർട്ടുകൾ. എന്നാൽ, പ്രധാനമന്ത്രിയുടെ തുർക്കി സന്ദർശനത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വിശദീകരണം ഒന്നും നൽകിയിട്ടില്ല. ഇന്ത്യയിലെ തുർക്കിയുടെ അംബാസഡർ ഒസ്‌കാൻ തൊരുൺലർ പറഞ്ഞത് ഈ വർഷം അവസാനം മോഡി തുർക്കി സന്ദർശിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഇന്ത്യൻ സർക്കാരാണ്. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നു കഴിഞ്ഞതാണ്. മോഡി തുർക്കിയിലേക്ക് തിരിക്കുന്ന തീയതി മാത്രമേ ഇനി അറിയാനുള്ളൂ എന്ന് അംബാസഡർ പറഞ്ഞു. 
അതിനിടെ, തുർക്കിയിലെ അനാദൊലു ഷിപ്പ്‌യാർഡിൽ 45,000 ടൺ കേവ് ഭാരമുള്ള അഞ്ചു കപ്പലുകൾ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ പിന്തുണയോടെ നിർമിക്കുന്നതിനായി 2.3 ബില്യൺ ഡോളറിന്റെ ടെൻഡർ നൽകിയിരുന്നത് ഇന്ത്യ റദ്ദാക്കുമെന്നും വിവരമുണ്ട്. തുർക്കി പ്രസിഡന്റിന്റെ കശ്മീർ പരാമർശവും അവർ പാക്കിസ്ഥാനു നൽകുന്ന പിന്തുണയും കണക്കിലെടുത്താണ് നടപടി. പാക്കിസ്ഥാൻ നാവിക സേനക്ക് വേണ്ടി അനാദൊലു തീരത്ത് നൽകുന്ന സഹായങ്ങളും ഇതിനു കാരണമായി പറയുന്നുണ്ട്.  
എന്നാൽ, ഇതൊരു വാണിജ്യ വിഷയമാണെന്നും ടെൻഡർ പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നും തുർക്കി അംബാസഡർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്തായാലും മോഡി മുൻപ് പ്രസിഡന്റ് ഉർദുഗാനുമായി സംസാരിച്ചിരുന്നു. മേക് ഇൻ ഇന്ത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ആയതാണ്. ഷിപ്പ്‌യാർഡ് പദ്ധതിയുമായി തുർക്കി മുന്നോട്ടു നീങ്ങുമെന്നും അംബാസഡർ പറയുന്നു. 
ഏതെങ്കിലും ഒരു വിഷയത്തിൽ തുർക്കിയുമായി ഇന്ത്യക്ക് ചില അതൃപ്തികൾ കണ്ടേക്കും. എന്നാൽ, മറ്റു മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാവുന്നതാണ്. ഇന്ത്യയിലെ ഫെത്തുല്ല ഗുലൻ ഭീകര സംഘങ്ങളുടെ കാര്യത്തിൽ തുർക്കിക്കും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ തുർക്കി അതൊരു വിഷയമായി കാണുന്നില്ലെന്നും അംബാസഡർ പറഞ്ഞു. 

Latest News