Sorry, you need to enable JavaScript to visit this website.

കുര്‍ദ് പോരാളികള്‍ പിന്‍വാങ്ങിയില്ലെങ്കില്‍ തലയെടുക്കുമെന്ന് ഉര്‍ദുഗാന്‍


വെടിനിര്‍ത്തലിനിടയിലും സിറിയന്‍ അതിര്‍ത്തിയില്‍ അക്രമം


അങ്കാറ- വടക്കന്‍ സിറിയയിലെ നിര്‍ദിഷ്ട സുരക്ഷിത മേഖലയില്‍ നിന്ന് കുര്‍ദ് പോരാളികള്‍ പിന്‍വാങ്ങിയില്ലെങ്കില്‍ അവരുടെ തലയെടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്തു നിന്ന് പിന്‍വാങ്ങുന്നതിന് കുര്‍ദുകള്‍ക്ക് സമയം നല്‍കാനായി അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിന് വ്യാഴാഴ്ച തുര്‍ക്കി സമ്മതിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇരു വിഭാഗവും ഇന്നലെ പരസ്പരം  ആരോപിച്ചു. കുര്‍ദ് സൈന്യം ഭീകരരാണെന്ന് ആരോപിച്ചാണ് തുര്‍ക്കി പ്രസിഡന്റ് സറിയന്‍ അതിര്‍ത്തിയില്‍ സുരക്ഷിത മേഖലക്ക് ശ്രമിക്കുന്നത്. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും അതിര്‍ത്തി പട്ടണമായ റാസല്‍ ഐനു ചുറ്റും ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ പ്രകാരം ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുര്‍ദ് പോരാളികള്‍ പിന്‍വാങ്ങുന്നില്ലെങ്കില്‍ നിര്‍ത്തിയേടത്തു വെച്ച് തുടങ്ങുമെന്നും കുര്‍ദ് ഭീകരരുടെ തലയെടുക്കുമെന്നും തുര്‍ക്കി പ്രവിശ്യയായ കയ്‌സേരിയില്‍ നടത്തിയ ടെലിവിഷന്‍ പ്രഭാഷണത്തിലാണ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കിയത്.
സംഭാഷണങ്ങള്‍ ഫലം ചെയ്യുന്നില്ലെങ്കില്‍ തുര്‍ക്കി സ്വന്തം പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ഉര്‍ദുഗാന്‍ ചര്‍ച്ച നടത്താനിരിക്കുകയാണ്.
36 മണിക്കൂറിനിടെ, കുര്‍ദ് സേനകള്‍ 14 പ്രകോപനങ്ങള്‍ നടത്തിയെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. റാസല്‍ ഐനില്‍ അക്രമം നടന്നിട്ടും തുര്‍ക്കി സേന വെടനിര്‍ത്തല്‍ പാലിക്കുകയാണെന്നെന്നും മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ തുര്‍ക്കിയാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് കുര്‍ദ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ് ) ആരോപിച്ചു. പ്രദേശത്തു നിന്ന് പരിക്കേറ്റവരേയും സിവിലിയന്മാരേയും പുറത്തെത്തിക്കുന്നതിന് തുര്‍ക്കി സേന സുരക്ഷിത പാത ഒരുക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. സിവിലിയന്മാര്‍ക്ക് പ്രദേശം വിടുന്നതിന് സൗകര്യമൊരുക്കാന്‍ തുര്‍ക്കിയില്‍ സമ്മര്‍ദം ചെലുത്തണമെന്ന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സഹായിച്ച യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിനോട് കുര്‍ദ് പോരാളികള്‍ ആവശ്യപ്പെട്ടിരുന്നു.

 

 

 

Latest News