Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിയെ വെല്ലുവളിച്ച് അമിത് ഷാ; വിഷയം അനുഛേദം 370 തന്നെ

നന്ദൂര്‍ബാര്‍- മഹാരാഷ്ട്രയില്‍ വോട്ട് നേടി അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ബി.ജെ.പി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു.  
മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മെയ് മാസത്തില്‍ നരേന്ദ്ര മോഡി രണ്ടാം തവണ അധികാരത്തിലേറിയ ശേഷം ആദ്യം ചെയ്ത നടപടി ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയായിരുന്നു.
കശ്മീരിലെ പ്രത്യേക അധികാരങ്ങളുടെ മറ പിടിച്ചാണ് പാക്കിസ്ഥാന്‍ സംസ്ഥാനത്ത് ഭീകരത സൃഷ്ടിക്കുകയും 40,000 ത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് സംരക്ഷിക്കുന്നതില്‍ മാത്രമാണ് കോണ്‍ഗ്രസിനു താല്‍പര്യമെന്നും ദേശീയ താല്‍പര്യമില്ലെന്നും
അമിത് ഷാ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 ന് മഹരാഷ്ട്രയുമായി എന്തു ബന്ധമെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. വോട്ടെടുപ്പിന് ഒരു ദിവസം കൂടി ബാക്കിയുണ്ട്.  വോട്ട് ലഭിച്ച് അധികാരത്തിലെത്തിയാല്‍  തന്റെ പാര്‍ട്ടി ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്.  അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നന്ദൂര്‍ബാര്‍ രാജ്യത്തെ പ്രധാന ആദിവാസി ജില്ലയായും മഹാരാഷ്ട്രയെ  ഒന്നാം നമ്പര്‍ സംസ്ഥാനമായും വികസിപ്പിക്കും. ആദിവാസി ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അമിത് ഷാ വിശദീകരിച്ചു.
ആദിവാസി സ്വാതന്ത്ര്യസമര സേനാനികള്‍ക്കായി ഒരു സ്മാരകം നിര്‍മിക്കുമെന്നും ഏകലവ്യ മോഡല്‍ സ്‌കൂളുകളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികളേയും ഗോത്രവര്‍ഗക്കാരേയും വോട്ടുകള്‍ക്കായി മാത്രമാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്.  അവരുടെ വികസനത്തിനായി ഒരിക്കലും പ്രവര്‍ത്തിക്കുന്നില്ല. 55 വര്‍ഷത്തിനിടെ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ (ഒബിസി) ക്ഷേമത്തിനായും കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല.  മോഡി സര്‍ക്കാരാണ് ഒ.ബി.സി കമ്മീഷന് ഭരണഘടനാപരമായ പദവി നല്‍കിയത്- അമിത് ഷാ പറഞ്ഞു.
തിങ്കളാഴ്ച ഒറ്റ ഘട്ടത്തിലാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ്. 24 നാണ് ഫലപ്രഖ്യാപനം. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി-ശിവസേന സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് മുന്നണി. എന്‍.സി.പിയില്‍നിന്നുള്ള കൂറുമാറ്റവും  കോണ്‍ഗ്രസിലെ കലഹവുമാണ് ബി.ജെ.പിയുടേയും ശിവസനേയുടേയും പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

 

Latest News