Sorry, you need to enable JavaScript to visit this website.

ഹിന്ദു നേതാവിന്റെ കൊലക്ക് പിന്നില്‍ പ്രവാചക നിന്ദയെന്ന് പോലീസ്; അഞ്ച് പേര്‍ അറസ്റ്റില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഹിന്ദു സമാജ് പാര്‍ട്ടിയുടെ വിവാദ നേതാവ് കമലേഷ് തിവാരി കൊല്ലപ്പെട്ട കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തിവാരിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പറഞ്ഞ ബിജ്‌നോര്‍ സ്വദേശികളായ മുഹമ്മദ് മുഫ്തി നയീം കസ്മി, ഇമാം മൗലാന അന്‍വാറുല്‍ ഹഖ് എന്നിവരെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് 2016 ല്‍ ഇരുവരും ഭര്‍ത്താവിന്റെ തലയ്ക്ക് 1.5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്ന് തിവാരിയുടെ ഭാര്യ കിരണ്‍ നല്‍കിയ പരാതിയില്‍  ആരോപിച്ചിരുന്നു. മൗലാന മുഹ്‌സിന്‍ ഷെയ്ഖ്, ഫൈസാന്‍, ഖുര്‍ഷിദ് അഹമ്മദ് പത്താന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. എഫ്.ഐ.ആറില്‍ പേരുള്ള രണ്ടുപേരെ കൂടി അറസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു.
നേരത്തെ ഹിന്ദു മഹാസഭയിലെ ഒരു വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 45 കാരനായ കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസില്‍ ആദ്യം
മൂന്ന് പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
2015 ല്‍ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിലുള്ള വിദ്വേഷമാണ് കമലേഷിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന്  ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി. സിംഗ് പറഞ്ഞു.
കൊലപാതകത്തിനു പിന്നില്‍ ഭീകരസംഘടകളില്ലെന്നും അദ്ദേഹം പറഞ്ഞു.
തിവാരിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം അധികം അറിയപ്പെടാത്ത അല്‍ഹിന്ദ് ബ്രിഗേഡ് എന്ന  സംഘടന വെള്ളിയാഴ്ച വൈകി ഏറ്റെടുത്തിരുന്നുവെങ്കിലും അവകാശവാദത്തിന്റെ ആധികാരികത വ്യക്തമായിരുന്നില്ല.
ഒരു പെട്ടി മധുരപലഹാരങ്ങള്‍ കൈമാറാനെന്ന വ്യാജേന തിവാരിയുടെ ഖുര്‍ഷിദ് ബാഗിലെ ഓഫിസിലെത്തിയവരാണ് അദ്ദേഹത്തെ വെടിവെച്ചു കൊന്നത്.
പെട്ടി തുറന്ന് തോക്ക് പുറത്തെടുത്ത് തിവാരിക്കുനേരെ നിറയൊഴിച്ച  അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന തിവാരി 2017 ജനുവരിയിലാണ് ഹിന്ദു സമാജ് പാര്‍ട്ടി രൂപീകരിച്ചത്. മുഹമ്മദ് നബി യുമായി ബന്ധപ്പെട്ട് മോശം  പരാമര്‍ശങ്ങള്‍ നടത്തിയ  ഇയാളെ അറസ്റ്റ് ചെയ്ത് ദേശീയ സുരക്ഷാ നിയമ (എന്‍.എസ്.എ) പ്രകാരം കേസെടുത്തിരുന്നുവെങ്കിലും  അടുത്തിടെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്  എന്‍.എസ്.എ റദ്ദാക്കി.
ഇത്തര്‍പ്രദേശില്‍ ഈ മാസം ഇതു നാലാമത്തെ ഹിന്ദുത്വ വലതുപക്ഷ നേതാവാണ് കൊല്ലപ്പെടുന്നത്. ഈ മാസം എട്ടിന് ബി.ജെ.പി നേതാവ് ചൗധരി യശ്പാല്‍ സിങ്ങിനെ ദയുബന്ദില്‍ വെച്ച് വെടിവച്ചു കൊന്നിരുന്നു. ഒക്ടോബര്‍ 10 ന് ബസ്തിയില്‍  ബി.ജെ.പി നേതാവ് കബീര്‍ തിവാരിയെ വെടിവച്ച് കൊന്ന സംഭവം  വിദ്യാര്‍ഥി സംഘടനകളുടെ ആക്രമണത്തിലും സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കുന്നതിലും കലാശിച്ചു.

ഒക്ടോബര്‍ 13 ന് സഹാറന്‍പൂരിലെ ദയൂബന്ദില്‍  ബി.ജെ.പി കോര്‍പറേറ്റര്‍ ധാര സിങ്ങിനെ (47) അജ്ഞാതര്‍ വെടിവച്ചു കൊന്നു.

 

 

Latest News