Sorry, you need to enable JavaScript to visit this website.

ഉത്തര കന്നഡക്ക് സംസ്ഥാന പദവി വേണമെന്ന് ബി.ജെ.പി എം.എല്‍.എ

സങ്കേശ്വര്‍- ഉത്തര കന്നഡക്ക് സംസ്ഥാന പദവി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ മുതിര്‍ന്ന എം.എല്‍.എ ഉമേഷ് കാട്ടി. മേഖലയില്‍ വികസനം എത്തിനോക്കിയിട്ടില്ലെന്നും ഓഗ്‌സറ്റിലുണ്ടായ പ്രളയത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

മേഖലയോട് കാണിക്കുന്ന അനീതിക്കെതിരെ മരണം വരെ പൊരുതുമെന്നും ബെല്‍ഗാവി ജില്ലയിലെ സങ്കേശ്വറില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രത്യേക സംസ്ഥാനമായി മാറുക മാത്രമാണ് പരിഹാരമെന്നും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രി ബി.എസ്. യെദ്ദിയൂരപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. മഹാരഷ്ട്രയില്‍നിന്നും ഗോവയില്‍നിന്നും അര്‍ഹമായ ജലം സംസ്ഥാനത്തിന്റെ ഈ ഭാഗത്തേക്ക് എത്തുന്നില്ല-കാട്ടി പറഞ്ഞു.

ഓഗസ്റ്റില്‍ കര്‍ണാടകയിലെ 30 ജില്ലകളില്‍ 21 ജില്ലകളേയും ബാധിച്ച പ്രളയത്തില്‍ 80 പേര്‍ മരിച്ചിരുന്നു. നിരവധി വീടുകള്‍ തകരുകയും 38000 കോടിയുടെ കൃഷിനാശമുണ്ടാവുകയും ചെയ്തിരുന്നു.

 

Latest News