കോഴിക്കോട് - കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ താഴ്‌വരയെ സൈനിക തടവറയാക്കി മാറ്റിയിരിക്കുകയാണെന്ന് എസ്.ഡി. പി.ഐ ദേശീയ സെക്രട്ടറി സീതാറാം കൊയ്‌വാൾ. കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയർത്തി 'എസ്.ഡി.പി.ഐ പ്രതിഷേധാഗ്‌നി' എന്ന പേരിൽ കോഴിക്കോട്ട് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീരിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടക്കുന്നതെന്ന് അവിടെ സന്ദർശനം നടത്തിയ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയ അദ്ദേഹം വ്യക്തമാക്കി. നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും അതീതമായാണ് സൈന്യം അവിടെ പ്രവർത്തിക്കുന്നത്. മനുഷ്യാവകാശങ്ങൾക്ക് യാതൊരു വിലയുമില്ലാതായിരിക്കുന്നു. ആർട്ടിക്കിൾ 370, 35 എ വകുപ്പുകൾ റദ്ദാക്കുന്നതിന് ഭരണഘടന പറയുന്ന മാർഗനിർദ്ദേശങ്ങളൊന്നും കശ്മീരിൽ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറിയേറ്റംഗം പ്രൊഫ. പി. കോയ വിഷയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാർ പ്രതിഷേധാഗ്‌നിക്ക് തിരികൊളുത്തി. ദേശീയ സെക്രട്ടറി അൽഫോൺസോ ഫ്രാങ്കോ, ജനറൽ സെക്രട്ടറിമാരായ പി. അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, എ.സ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ. വാസു, വിമൻ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി സംസാരിച്ചു.
കശ്മീരിൽ ആർട്ടിക്കിൾ 370, 35 എ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കു നൽകുന്ന പ്രമേയം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, ട്രഷറർ അജ്മൽ ഇസ്മായിൽ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി.കെ.ഉസ്മാൻ, ഇ.എസ്. ഖ്വാജാ ഹുസൈൻ, പി.പി. മൊയ്തീൻ കുഞ്ഞ് തുടങ്ങിയവർ സംബന്ധിച്ചു.
പൊതുസമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലിയും നടത്തി. ഇ.എം.എസ് സ്റ്റേഡിയം പരിസരത്തു നിന്നാരംഭിച്ച റാലി മാവൂർ റോഡ്, കെ.എസ്.ആർ.ടി.സി, മാനാഞ്ചിറ വഴി മുതലക്കുളത്തു സമാപിച്ചു.