ന്യൂദൽഹി- അയോധ്യാ കേസിൽ ഒത്തുതീർപ്പിന് സാധ്യതയെന്ന റിപ്പോർട്ടുകൾ തള്ളി മുസ്‌ലിം കക്ഷികൾ. ഹിന്ദു കക്ഷികൾ ആരും ഒത്തുതീർപ്പിനു തയാറായിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് അത് നടക്കുകയെന്നും മുസ്‌ലിം കക്ഷികളുടെ അഭിഭാഷകൻ ഇജാസ് മഖ്ബൂൽ പ്രസ്താവനയിൽ പറഞ്ഞു.
ഭൂമി വിട്ടുകൊടുത്ത് ഒത്തുതീർപ്പിനു സന്നദ്ധമാണെന്ന് സുന്നി വഖഫ് ബോർഡ് അറിയിച്ചതായ വാർത്തകളിൽ ഇജാസ് നടുക്കം പ്രകടിപ്പിച്ചു. സുന്നി വഖഫ് ബോർഡ് ഒഴിച്ച് എല്ലാ മുസ്‌ലിം കക്ഷികളും നേരത്തെ തന്നെ ഒത്തുതീർപ്പ് നിർദേശം തള്ളിയതാണ്. തർക്കത്തിൽ കക്ഷിയായ ഹിന്ദു പാർട്ടികൾ
മധ്യസ്ഥ പ്രക്രിയയുടെ ഭാഗമായിരുന്നില്ലെന്നും ഒത്തുതീർപ്പ് തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.
സുന്നി വഖഫ് ബോർഡ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ടു വെച്ചിട്ടുണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കിൽ തന്നെ അവർ മുസ്‌ലിം സമുദായത്തിന്റെ ആകെ പ്രതിനിധിയല്ല. ഹിന്ദു കക്ഷികൾ ആരും ഒത്തുതീർപ്പു സന്നദ്ധത അറിയിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഒത്തുതീർപ്പ് നടക്കുക? മധ്യസ്ഥ സമിതി ഇക്കാര്യത്തിൽ പക്ഷപാതിത്വത്തോടെ പ്രവർത്തിക്കുകയാണെന്ന് അഭിഭാഷകൻ കുറ്റപ്പെടുത്തി.
മധ്യസ്ഥ ശ്രമങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരുതെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. എന്നിട്ടും ഒത്തുതീർപ്പു നിർദേശവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മാധ്യമങ്ങളിൽ വന്നതിനു പിന്നിൽ മധ്യസ്ഥ സമിതിയാണെന്ന് ഇജാസ് മഖ്ബൂൽ ആരോപിച്ചു. ഒന്നുകിൽ സമിതി നേരിട്ടോ അല്ലെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ച ആരെങ്കിലുമോ ആയിരിക്കാം മാധ്യമങ്ങൾക്കു വിവരം നൽകിയത്. മാധ്യമങ്ങളിൽ വാർത്ത വന്ന സമയവും പ്രധാനമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
സുന്നി വഖഫ് ബോർഡിന്റേതെന്ന പേരിൽ പുറത്തു വന്നിട്ടുള്ള ഒത്തുതീർപ്പ് നിർദേശങ്ങളോട് യോജിക്കുന്നില്ലെന്നും സുപ്രീം കോടതിയിലെ കേസിൽ കക്ഷികളെന്ന നിലയിൽ ഇത്തരം ഒരു നിർദേശവും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. മധ്യസ്ഥ ചർച്ചകൾ നടന്ന രീതിയോടോ ഒത്തുതീർപ്പെന്ന നിലയിൽ അയോധ്യാ ഭൂമിയിലെ അവകാശവാദം കൈയൊഴിക്കാമെന്ന നിർദേശത്തിലോ യോജിപ്പില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അയോധ്യ ഭൂമി തർക്ക കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കൽ പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. അടുത്ത മാസം 15 ന് മുമ്പായി വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെയാണ് ഉപാധികൾക്ക് വിധേയമായി ഭൂമി വിട്ടുകൊടുക്കാൻ മുസ്‌ലിംകൾ തയാറാണെന്ന രീതിയിലുള്ള മധ്യസ്ഥ സമിതി റിപ്പോർട്ടും കോടതിക്ക് മുന്നിലെത്തിയത്.






