Sorry, you need to enable JavaScript to visit this website.

നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിക്ക് ഇടതു ചായ്‌വെന്ന് മന്ത്രി പീയൂഷ് ഗോയല്‍

പൂനെ- സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി ഇടതു ചായ്‌വുള്ളയാളാണെന്നും അദ്ദേഹത്തിന്റെ ചിന്താഗതിയെ രാജ്യം നിരാകരിച്ചതാണെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. നൊബേല്‍ സമ്മാനം നേടിയതിന് അഭിജിത് ബാനര്‍ജിയെ അഭിനന്ദിച്ച ശേഷമാണ് മന്ത്രിയുടെ വിമര്‍ശം.
'നൊബേല്‍ സമ്മാനം നേടിയതിന് അഭിജിത് ബാനര്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ചിന്തയെക്കുറിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ ചിന്ത ഇടത് ചായ്‌വുള്ളതാണ്. അദ്ദേഹം ന്യായ് പദ്ധതിയെ പ്രശംസിച്ചുവെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ചിന്താഗതിയെ പൂര്‍ണമായും നിരസിച്ചിട്ടുണ്ട്- ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ്  ഭാര്യ എസ്തര്‍ ഡഫ്‌ലോ, അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈക്കല്‍ ക്രെമെര്‍ എന്നിവരോടൊപ്പം ബാനര്‍ജി നൊബേല്‍ കരസ്ഥമാക്കിയത്.  
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി രൂപപ്പെടുത്താന്‍ സഹായിച്ച അഭിജിത് ബാനര്‍ജിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  അഭിനന്ദിച്ചിരുന്നു.

 

Latest News