യു.പി കോളേജുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധം; വാര്‍ത്ത നിഷേധിച്ച് സര്‍ക്കാര്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍.  വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്നും ഇതു സംബന്ധിച്ച്  ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ പുറത്തിറക്കിയെന്നുമുള്ള വാര്‍ത്തകളാണ് സര്‍ക്കാര്‍ നിഷേധിച്ചത്.  
സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാനോ ഉപയോഗിക്കാനോ വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ ഇനി മുതല്‍ അനുമതിയുണ്ടാകില്ലെന്നായിരുന്നു എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.  
എന്നാല്‍ കോളേജുകളിലും യൂനിവേഴ്‌സിറ്റികളിലും ഫോണ്‍ പൂര്‍ണമായി നിരോധിച്ചുകൊണ്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ പറഞ്ഞു.
ക്ലാസ് നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍ സൈലന്റാക്കുകയോ സ്വിച്ച് ഒഫ് ചെയ്യുകയോ  വേണമെന്ന നിര്‍ദേശം നേരത്തെ തന്നെ നിലിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനാണ് ഈ നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു ഉത്തരവ് നല്‍കിയിട്ടിലെന്നും റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്നും ഹയര്‍ എജുക്കേഷന്‍ ഡയരക്ടര്‍ ഡോ. വന്ദന ശര്‍മ പറഞ്ഞു.  

 

 

Latest News