Wednesday , November   13, 2019
Wednesday , November   13, 2019

ദാരിദ്ര്യത്തിന്റെ സിംഫണി

അഭിജിത് ബാനർജി  

പട്ടിണിക്കെതിരെ പോരാടിയ ഇന്ത്യൻ വംശജന് നൊബേൽ കിട്ടുമ്പോൾ, പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ മുകളിലാണ് ഇന്ത്യയെന്ന് കണക്കുകൾ പറയുന്നു. ലോകത്തെ പട്ടിണിക്കാരിൽ മൂന്നിലൊന്നും അധിവസിക്കുന്ന ഇന്ത്യയിൽ, നൊബേൽ സമ്മാനിതനായ അഭിജിത് ബാനർജിയുടെ ചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഗരീബി ഹഠാവോ മുതൽ ദാരിദ്ര്യനിർമാർജനത്തിന് നാം ചെലവഴിച്ച ശതകോടികൾ എവിടെപ്പോയി?


ദ ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വായനക്കാരുടെ കത്തുകൾ എന്ന കോളത്തിൽ കോഴിക്കോട്ടുകാരനായ കോടോത്ത് പദ്മനാഭൻ നായർ ഒരു കത്തെഴുതി. അദ്ദേഹത്തിന്റെ ചോദ്യമിതാണ്: ഒരു 'ഇന്ത്യക്കാരന്' സാമ്പത്തിക ശാസ്ത്ര നൊബേൽ കിട്ടി എന്ന് പറഞ്ഞ് നാം ഇത്രയേറെ ആർപ്പുവിളിക്കേണ്ടതുണ്ടോ.. സമ്മാനിതനായ അഭിജിത് ബാനർജി, എത്രയോ വർഷങ്ങളായി അമേരിക്കക്കായി ജോലി ചെയ്യുന്ന ഒരാളാണ്. 2009 ൽ രസതന്ത്രത്തിന് വെങ്കട്ടരാമൻ രാമകൃഷ്ണന് നൊബേൽ കിട്ടിയപ്പോഴും നാം ഇതുപോലെ ഉന്മാദം കൊണ്ടു. എന്തിന്? അദ്ദേഹവും അമേരിക്കക്കായാണ് ജോലി ചെയ്തിരുന്നത്. കാര്യങ്ങളെ ഈ പരിപ്രേക്ഷ്യത്തിൽ കാണാൻ നാം പഠിക്കണം. 
ഇന്ത്യയിൽ ജനിച്ചു എന്ന അപരാധമൊഴിച്ചാൽ തലച്ചോറ് പണയം വെച്ച ഒരാൾക്ക് നൊബേൽ കിട്ടുന്നതിൽ നാം എന്തിന് അഭിമാനിക്കണം എന്ന ചോദ്യം ഒരുപാട് ഉത്തരങ്ങളെ ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ട്. അതിനൊന്നും മറുപടി പറയുകയല്ല ലക്ഷ്യം. മറിച്ച്, ആർക്കുവേണ്ടി ജോലി ചെയ്തയാളായാലും അഭിജിത് ബാനർജി ഇന്ത്യക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് നിശ്ചയമായും നമുക്ക് പറയേണ്ടിവരും. കാരണം അദ്ദേഹത്തിന്റെ പ്രവർത്തന മേഖല പട്ടിണി നിർമാർജനമായിരുന്നു. ലോകത്തെ നൂറുകോടി പട്ടിണിക്കാരിൽ മൂന്നിലൊന്ന് ഇന്ത്യയിലാണെന്ന് പദ്മനാഭൻ നായർക്ക് അറിയുമോ എന്തോ.. അതിനാൽ, ഒരു ഇന്ത്യക്കാരൻ എന്ന നിലയിലല്ല, പട്ടിണിക്കാരൻ എന്ന നിലയിലെങ്കിലും അഭിജിത് ബാനർജിയെക്കുറിച്ചോർത്ത് നമുക്ക് അഭിമാനിക്കാൻ വകയുണ്ട്. 
കഴിഞ്ഞ ദിവസം പുറത്തു വന്ന ആഗോള പട്ടിണി സൂചികയിൽ 117 ലോകരാജ്യങ്ങളിൽ ഇന്ത്യയുടേത് 102 ാം സ്ഥാനമാണ്. കഴിഞ്ഞ വർഷം ഇത് 103 ആയിരുന്നു. അയൽ രാജ്യങ്ങളായ നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാൻമാർ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ വിശപ്പും ദാരിദ്ര്യവുംമൂലമുള്ള പ്രതിസന്ധി പ്രശ്‌നങ്ങൾ രൂക്ഷമാണെന്നാണ് പഠന റിപ്പോർട്ടുകൾ. ആഗോള പട്ടിണി സൂചികയിൽ പാക്കിസ്ഥാന്റെ സ്ഥാനം ഇത്തവണ 94 ആണ്. കഴിഞ്ഞ വർഷം 106 ആയിരുന്നിടത്ത് നിന്നാണ് ഇക്കുറി നില മെച്ചപ്പെടുത്തി 94 ാമത് എത്തിയത്. പോഷകാഹാരക്കുറവ്, ശരീര ശോഷണം, വിളർച്ച, ശിശു മരണനിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ആഗോള ദാരിദ്ര്യ സൂചിക തയാറാക്കുന്നത്.      
2014 ൽ ആഗോള ദാരിദ്ര്യ സൂചികയിൽ 55 ാം സ്ഥാനത്തായിരുന്നു ഇന്ത്യയെന്ന് കൂടി ഓർക്കണം. അതിൽനിന്നാണ് 2018 ആയപ്പോൾ 103 ാം  സ്ഥാനത്തേക്ക് താഴ്ന്നത്. പട്ടിണി രൂക്ഷമായി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം നാൽപത്തഞ്ചാമതാണ്. അപ്പോൾ ദാരിദ്ര്യം, പട്ടിണി, വിശപ്പ് എന്നിവയോടൊക്കെ ചേർത്തുവെക്കാൻ പറ്റിയ പേരാണ് നമ്മുടെ രാജ്യത്തിന്റേത്. അഭിജിത് നമുക്ക് അന്യനാകുന്നതെങ്ങനെ? 
കൊൽക്കത്തക്കാരനായ അമർത്യസെന്നിന് നൊബേൽ കിട്ടിയപ്പോഴും ഇന്ത്യ അഭിമാനിച്ചു. അദ്ദേഹം ഉയർത്തിപ്പിച്ച ക്ഷേമ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച കാഴ്ചപ്പാടുകൾ നമുക്ക് മാർഗദർശനം പകരേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, ആഗോളവത്കരണത്തിന്റെ പ്രത്യുൽപന്നമായ ഉദാര സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിറകേയാണ് നാം പാഞ്ഞത്. നമ്മുടെ പട്ടിണി മാറ്റാൻ അത് പര്യാപ്തമായില്ലെന്നത് പോട്ടെ, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വർധിപ്പിക്കുകയും ചെയ്തു. പണക്കാർ കൂടുതൽ പണക്കാരും പട്ടിണിക്കാർ കൂടുതൽ പട്ടിണിക്കാരുമായി മാറുന്ന സാമൂഹികാവസ്ഥക്ക് ഉദാരീകരണ സാമ്പത്തിക വ്യവസ്ഥ കാരണമായെന്ന്, ഈ പരിഷ്‌കാരങ്ങൾക്ക് ചുക്കാൻ പിടിച്ച കോൺഗ്രസ് പാർട്ടി തന്നെ പിന്നീട് സമ്മതിക്കുകയുണ്ടായി. സാധാരണജനങ്ങളുടെ ക്ഷേമംകൂടി നമ്മുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഉരകല്ലാവണം എന്ന തിരിച്ചറിവിൽനിന്നാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിപോലെയുള്ള സാമ്പത്തിക നടപടികൾ ഉണ്ടാകുന്നത്. 


അതിന്റെ തുടർച്ചയായാണ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 'ന്യായ്' എന്ന പദ്ധതി കൊണ്ടുവന്നത്. പാവപ്പെട്ട പൗരന്മാർക്ക് നിത്യവൃത്തി ഉറപ്പുവരുത്താനുള്ള പദ്ധതിയായിരുന്നു അത്. അക്കൗണ്ടിലേക്ക് പ്രതിമാസം ആറായിരം രൂപ. വർഷത്തിൽ 72,000 രൂപ. അഭിജിത് ബാനർജി അടക്കമുള്ള ലോക സാമ്പത്തിക വിദഗ്ധരുടെ തലച്ചോറിലാണ് ഈ പദ്ധതി രൂപം കൊണ്ടത്. അതിന് പ്രായോഗിക രൂപം നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. പക്ഷെ ജനം തെരഞ്ഞെടുത്തത് മോഡിണോമിക്‌സ് ആണെന്ന് രാഹുൽ ഗാന്ധി പരിതപിക്കുന്നു. ബാങ്ക് കൊള്ളക്കാരും നോട്ടിരട്ടിപ്പുകാരും നോട്ടുനിരോധക്കാരുമൊക്കെ കെട്ടിയാടുന്ന മോഡിണോമിക്‌സ്, രാഹുലിന്റെ മാത്രമല്ല അഭിജിതിന്റെ സ്വപ്‌നം കൂടിയാണ് തകർത്തത്. അങ്ങനെ പറയാൻ കാരണമുണ്ട്. ഇന്ത്യൻ വംശജന് നൊബേൽ കിട്ടിയപ്പോൾ ഇത്തവണ നമ്മുടെ ദേശീയ വികാരം ആളിക്കത്തിയില്ല. പ്രധാനമന്ത്രി ട്വിറ്ററിൽ ഒരു അഭിനന്ദനം പറയാൻ മൂന്നു മണിക്കൂർ വൈകി. ബി.ജെ.പി മിണ്ടിയില്ല. മാധ്യമങ്ങൾക്ക് പരമശാന്തത. അയാളെ ഇന്ത്യക്കാരൻ എന്ന് വിളിക്കാൻ പോലും ചിലർ മടിക്കുന്നു. ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ മുതൽ ദാരിദ്ര്യനിർമാർജനത്തിന് നാമൊഴുക്കിയത് ശതകോടികളാണ്. എന്നിട്ടും ഇന്ത്യ ഇന്നും പട്ടിണിക്കാരുടെ രാജ്യമാണ്. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യമെന്ന് ചിന്തിക്കണം. ദാരിദ്ര്യം യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നല്ല. നമ്മുടെ നയരൂപീകരണവും അതിന്റെ നടപ്പാക്കലും ഒരുമിച്ചുപോകുന്നില്ലെന്നതാണ് കാരണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ കരുതുന്നു.
ഇന്ത്യയുടെ പട്ടിണിഗ്രാമങ്ങളിൽകൂടി ഒരുപാട് അലഞ്ഞിട്ടുണ്ട് അഭിജിത് ബാനർജിയും സാമ്പത്തിക ശാസ്ത്രവിശാരദയായ ഭാര്യ എസ്തർ ദുഫ്‌ലോയും. ആഗോളതലത്തിൽ ദാരിദ്ര്യനിർമാർജനത്തിനുതകുന്ന സാമ്പത്തിക പദ്ധതികളായിരുന്നു ഇരുവരുടേയും അന്വേഷണ വിഷയം. വിശപ്പും പോഷകാഹാരക്കുറവുമുള്ള കോടിക്കണക്കിന് പാവപ്പെട്ട മനുഷ്യർ എന്നും അവരുടെ ചിന്തകളെ അലട്ടി. അതിനാൽ തന്നെ പട്ടിണിയെക്കുറിച്ച് പഠിക്കുന്നവരിൽ ഇന്ത്യക്കാർക്ക് പ്രതീക്ഷയുണ്ട്. എന്നെങ്കിലുമൊരിക്കൽ അവർ രക്ഷകരായി അവതരിച്ചാലോ. പ്രോജക്ട് കൺസേൺ ഇന്റർനാഷനൽ-ഇന്ത്യയുടെ കൺട്രി ഡയറക്ടർ ബസന്തകുമാർ കറിന്റെ വാക്കുകളിൽ ഈ ശുഭ പ്രതീക്ഷ തെളിയുന്നത് കാണാം. വിശപ്പിനെതിരെ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് പുരസ്‌കാരം കിട്ടുന്നതിൽ പ്രത്യാശക്ക് വകയുണ്ട് എന്ന് അദ്ദേഹം പറയുന്നു. അനീമിയ അഥവാ വിളർച്ചാരോഗത്തിനെതിരെ വിപുലമായ ഗവേഷണങ്ങൾ നടത്തിയ ശാസ്ത്രജ്ഞനാണ് അഭിജിത്. അതായത് ലോകത്തിന്റെ ചിന്താപദ്ധതി ശരിയായ ദിശയിലാണെന്ന് സാരം. നല്ല പോഷകാഹാരമാണ് നല്ല ജീവിതത്തിന്റെ അടിയാധാരം. അതുകൊണ്ടാണ് അഭിജിത് ഇന്ത്യക്കും പ്രസക്തനായിത്തീരുന്നത്, അല്ലാതെ അദ്ദേഹം കൊൽക്കത്തയിൽ ജനിച്ചു വളർന്നതുകൊണ്ടല്ല.


കൊൽക്കത്തയിലെ ബല്ലിഗുഞ്ച് സർക്കുലാർ റോഡിൽ നിരയായി നിൽക്കുന്ന ഏഴു കെട്ടിടങ്ങളുടെ സമുച്ചയമായ സപ്തപർണിയിലെ രാജകുമാരനാണ് അഭിജിത് ബാനർജി. അതിലെ ഒരു കെട്ടിടത്തിൽ എട്ടാം നിലയിലെ 86 എഫ് എന്ന ഫഌറ്റിലാണ് അഭിജിതിന്റെ അമ്മ വയോധികയായ നിർമലാ ബാനർജി താമസിക്കുന്നത്. അഭിജിതിന് നൊബേൽ കിട്ടിയ ദിവസം സപ്തപർണി ആഘോഷത്തിൽ മുങ്ങി. ബംഗാളികൾക്ക് അഭിമാനിക്കാൻ ഈ ഒക്‌ടോബർ ഏറെ കാര്യങ്ങൾ നൽകിയതിലാണ് അവരുടെ ആഹ്ലാദം. ഈ മാസമാണ് കൊൽക്കത്ത ഗ്രീൻ മൊബിലിറ്റി അവാർഡ് നേടിയ ഇന്ത്യയിലെ ഏക നഗരമായത്. സൗരവ് ഗാംഗുലി ബി.സി.സിഐ അധ്യക്ഷനായതും അഭിജിത് ബാനർജി നൊബേൽ നേടിയതും ഒരേ ദിവസം. നിർമലയും ഭർത്താവ് ദീപക് ബാനർജിയും ചില്ലറക്കാരല്ല. സാമ്പത്തിക ശാസ്ത്രത്തിന്റെ ആഴങ്ങളിൽ മുങ്ങിത്തപ്പി നടന്നവർ തന്നെ. സമ്പദ്ശാസ്ത്രത്തിന്റെ സങ്കീർണതകളെ സംഗീതത്തിന്റെ പദാവലികളിൽ മുക്കിയെടുത്താണ് ദീപക് വിദ്യാർഥികളെ പഠിപ്പിച്ചിരുന്നത്. സ്വരഭേദങ്ങളുടെ സമഞ്ജസ സമ്മേളനമായ പോളിഫണി പോലെയാണ് സാമ്പത്തിക ശാസ്ത്രമെന്ന് സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിലെയും ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിലേയും വിദ്യാർഥികളെ അദ്ദേഹം പഠിപ്പിച്ചു. 
അച്ഛന്റെ അധ്യാപനം പ്രായോഗികമാക്കുകയാണ് അഭിജിത് ചെയ്തത്. പോളിഫണി എക്കണോമിക്‌സ് തന്നെയാണ് അദ്ദേഹവും പിന്തുടർന്നത്. സാമ്പത്തിക ശാസ്ത്രത്തിലെ ബഹുസ്വരതയുടെ സമ്മേളനം തന്നെയാണ് അദ്ദേഹത്തിന്റെ പഠനങ്ങൾ. എന്നാൽ ദാരിദ്ര്യത്തിന്റെ പ്രശ്‌നം എവിടെയും സിംഫണിയാണ്. അതിന് നിമ്‌നോന്നതങ്ങളില്ല. ഒരേസ്ഥായിയിൽ, ഒന്നിന് പിന്നിൽ മറ്റൊന്നേത് എന്ന് തിരിച്ചറിയാനാകാത്ത സ്വരസാമ്യങ്ങളുടെ സിംഫണി. ഇന്ത്യയിലും ആഫ്രിക്കയിലും ബംഗ്ലാദേശിലും ഒക്കെ അതിന് ഒരേ രൂപഭാവം തന്നെ. വിശക്കുന്ന മനുഷ്യന്റെ നിശ്വാസങ്ങളുടെ സിംഫണിയിലാണ് അഭിജിത് പ്രസക്തനാകുന്നത്. ദാരിദ്ര്യം ഒരു പ്രശ്‌നം തന്നെയെന്ന് ലോകം മനസ്സിലാക്കുമ്പോഴുണ്ടാകുന്ന പ്രസക്തിയാണത്. അതിലേക്ക് നമ്മുടെ ചിന്താപദ്ധതികൾക്ക് ഇനിയെത്ര ദൂരം എന്നത് മാത്രമാണ് നമ്മെ അലട്ടേണ്ടത്.