Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

സമുദായ നേതാവ് കിംഗ് മേക്കറാകുമ്പോൾ 

അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായ വേളയിൽ സമുദായ സംഘടനയായ എൻ. എസ്. എസ് താരമാകുന്ന പ്രതിലോമകരമായ കാഴ്ചയാണ് കാണുന്നത്. പലപ്പോഴും ഇത്തരം സമയങ്ങളിൽ എസ് എൻ ഡി പിയും വെള്ളാപ്പള്ളിയുമാണ് ചർച്ചകളുടെ കേന്ദ്രസ്ഥാനത്തെത്താറ്. 
ഇപ്പോഴത് എൻ എസ് എസും സുകുമാരൻ നായരുമായിരിക്കുന്നു. മൂന്നു മുന്നണികളും എൻ എസ് എസിന്റെ പിന്തുണ ലഭിക്കാനായി ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രീതിക്കായി കിണഞ്ഞു പരിശ്രമിക്കുകയാണ്. എന്നാൽ ആദ്യമൊന്നും ആർക്കും പിടികൊടുക്കാതിരുന്ന സുകുമാരൻ നായർ ഇപ്പോൾ ഏറെക്കുറെ യുഡിഎഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സമദൂരത്തിൽ നിന്ന് ശരിദൂരമെന്ന അവരുടെ പ്രഖ്യാപനത്തിന്റെ അർത്ഥം മറ്റൊന്നല്ല. സംസ്ഥാന സർക്കാരിനും കേന്ദ്രത്തിനുമെതിരെ രൂക്ഷ വിമർശനമാണ് കരയോഗ - പൊതുയോഗങ്ങളിൽ എൻ.എസ്.എസ് നേതാക്കൾ ഉന്നയിക്കുന്നത്. അതേസമയം മത സാമുദായിക സംഘടനകൾ തെരഞ്ഞെടുപ്പിൽ ഇടപെടുന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
സമുദായത്തെ ബാധിക്കുന്ന ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ടല്ല എൻ എസ് എസ് നിലപാടെടുക്കുന്നത് എന്നതാണ് കൗതുകകരം. അങ്ങനെ നിലപാടെടുക്കുമെന്ന പ്രതീക്ഷയിൽ സംവരണത്തിന്റെ രാഷ്ട്രീയം തന്ന അട്ടിമറിച്ച് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയത് തങ്ങളാണെന്ന് എൻഡിഎയും എൽഡിഎഫും നായർക്കു മുന്നിൽ ചൂണ്ടികാണിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാൽ നായരതു ശ്രദ്ധിക്കുന്നതു പോലുമില്ല. മറിച്ച് അദ്ദേഹം ഇപ്പോഴും ശബരിമല ലഹരിയിൽ തന്നെയാണ്. കേന്ദ്രസർക്കാരും കേരള സർക്കാരും വിശ്വാസികളെ വഞ്ചിച്ചു, അതിനാൽ എൻഡിഎക്കും എൽഡിഎഫിനും വോട്ടില്ല എന്നതാണത്രെ സമദൂരത്തിൽ നിന്ന് ശരിദൂരത്തേക്ക് മാറുവാനുള്ള കാരണം. വിശ്വാസത്തിന്റെ പേരിൽ തെരുവിലിറങ്ങുകയും അടികൊള്ളുകയും നിരവധി കേസുകളിൽ പ്രതികളാകുകയും ചെയ്ത ബിജെപിക്കും സുപ്രിംകോടതി വിധിക്കും വിശ്വാസത്തിനുമിടയിൽ ഏറെ സർക്കസ് കളിച്ച സിപിഎമ്മിനും വലിയ ഞെട്ടലാണ് ഈ നിലപാട് സൃഷ്ടിച്ചിരിക്കുന്നത്. വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ തയ്യാറാകാത്തതാണത്രെ എൻ എസ് എസിന്റെ കേന്ദ്രവിരോധത്തിനു കാരണം. മറുവശത്ത് ഇപ്പോഴും സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യതയെ കുറിച്ച് പറയുന്നതാണ് കേരള സർക്കാരിനോടുമുള്ള വിരോധത്തിന് കാരണം. ഇതിനിടയിൽ ലോട്ടറിയടിച്ചവരുടെ ആഹ്ലാദം പോലെ സന്തുഷ്ടരാണ് കോൺഗ്രസ് നേതാക്കൾ. പ്രതീക്ഷിക്കാത്ത പിന്തുണയാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. 

അതേസമയം ശബരിമലയാണ് പ്രശ്‌നമെങ്കിൽ ബി.ജെ.പിയോളം ആത്മാർത്ഥത ആരും കാണിച്ചിട്ടില്ലെന്നാണ്  കുമ്മനം രാജശേഖരന്റെ നിലപാട്. ശബരിമല സമരം നയിച്ചതും, ജയിലിൽ പോയതും ബിജെപി പ്രവർത്തകരാണ്. നിയമനിർമാണം നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച പാർട്ടിയാണ് ബിജെപി. റിവ്യൂ പെറ്റീഷൻ കോടതി പരിഗണിക്കവേ മറ്റെന്താണ് ചെയ്യാനാവുക എന്ന് വ്യക്തമാക്കണം. ശബരിമല ചർച്ചയായാൽ ഭക്തർ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്നും കുമ്മനം തറപ്പിച്ചു പറയുന്നു. എങ്കിലും എൻ. എസ്.  എസ് നിലപാടിൽ ബിജെപി നിരാശരാണ്. 
എൻ. എസ്. എസ് പിന്തുണ ലഭിച്ചാൽ കോന്നിയിലും .വട്ടിയൂർകാവിലുമൊക്കെ മികച്ച പ്രകടനം നടത്താനാവുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അതാണിപ്പോൾ ഇല്ലാതായത്. അടികൊണ്ടതും ജയിലിൽ കിടന്നതുമൊക്കെ വെറുതെയായി എന്ന തോന്നലിലാണ് പൊതുവിൽ ബി ജെ പി പ്രവർത്തകർ. എസ്. എൻ. ഡി. പിയുടെ പിന്തുണയും ബിജെപിക്കില്ല എന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. എൻഡിഎ ഘടകകക്ഷിയായ ബി.ഡി.ജെ.എസും പ്രചാരണ വേളയിൽ സജീവമായി പ്രചാരണ രംഗത്തില്ല എന്നതും അവരെ നിരാശരാക്കുന്നു.  
ഇടതുപക്ഷ സർക്കാർ വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായി നിലകൊള്ളുകയാണെന്നും നവോത്ഥാനത്തിന്റെ പേരിൽ വിഭാഗീയതയും വർഗീയതയും വളർത്തി മുന്നാക്ക- പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നുമാണ്  എൽ ഡി എഫിനെതിരായ എൻ.എസ്.എസ് ആരോപണം. സ്വാഭാവികമായും നായരെ പ്രീണിപ്പിക്കാൻ കോടിയേരി രംഗത്തെത്തി. തുടർന്ന് കേട്ടത് സ്‌നേഹത്തോടേയും ബഹുമാനത്തോടെയുമുള്ള ഉപദേശങ്ങളായിരുന്നു.
 ഏറ്റവും ശ്രദ്ധേയമായ കാര്യം മറ്റു സമുദായ നേതാക്കൾ ഇത്തരം പ്രസ്താവനകളുമായി വരുമ്പോൾ അവരെ നേരിടുന്ന രീതിയില്ലല്ല കോടയേരിയും കൂട്ടരും എൻ. എസ്. എസിനും സുകുമാരൻ നായർക്കും മറുപടി പറയുന്നതെന്നാണ്. എന്നാൽ എന്തുപറഞ്ഞിട്ടും അദ്ദേഹം കേൾക്കാതായ സാഹചര്യത്തിലാണ് കോടിയേരി വാക്കുകൾ അൽപ്പം കനപ്പിച്ചത്. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിലിടപെടരുതെന്നും എൻ എസ് എസ് പറഞ്ഞാൽ സമുദായാംഗങ്ങൾ കേൾക്കില്ലെന്നും പഴയ എൻ ഡി പിയുടെ അവസ്ഥ മറക്കരുതെന്നും ശബരിമലക്കു പോകുന്നവരിൽ ഭൂരിപക്ഷവും സിപിഎം പ്രവർത്തകരാണെന്നോർക്കണമെന്നുമൊക്കെ കോടിയേരി പറഞ്ഞു വെച്ചു.
 എൻ. എസ്. എസ് പിന്തുണ എൽ.ഡി.എഫിനാണെങ്കിൽ ഇതെല്ലാം പറയുമായിരുന്നോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ. എന്നാൽ അതിനു മുന്നിലും നായർക്കു കുലുക്കമില്ല. എൻ.എസ്.എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായാംഗങ്ങൾ അനുസരിക്കില്ല എന്ന് മുമ്പും പല നേതാക്കളും പറഞ്ഞിട്ടുണ്ട്,  എന്നാൽ ഈ പ്രസ്താവനയെ സമുദായാംഗങ്ങൾ പുച്ഛിച്ചിട്ടേ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താൻ മുന്നാക്കവിഭാഗത്തെ ബോധപൂർവം അവഗണിക്കുകയുമാണു സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്യുന്നത്.
മുന്നാക്ക വിഭാഗങ്ങൾക്കും അവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നു. അതിനൊന്നും പരിഹാരം കാണാതെ എൻ.എസ്.എസിന്റെ നിലപാടിനെ നിസ്സാരമായി തള്ളിക്കളഞ്ഞാൽ ജനങ്ങൾ അതേപടി ഉൾക്കൊള്ളുമെന്ന് ആരും വ്യാമോഹിക്കേണ്ട. സാമൂഹിക നീതിക്കുവേണ്ടിയാണ് ഉപതെരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസ്. ശരിദൂരം സ്വീകരിക്കുന്നത് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 
അതിനിടയിലാണ് എൻഎസ്എസിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രംഗത്തുവന്നത്. ജാതി- മത സംഘടനകൾ ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യണമെന്നു പരസ്യമായി പറയുന്നത് ചട്ടലംഘനമാണെന്നാണ് ടീക്കാറാം മീണ പറഞ്ഞത്. എൻഎസ്എസിന്റെ തീരുമാനത്തിനെതിരെ പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഇത് സംബന്ധിച്ച് പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരാതിയോ നടപടിയോ അല്ല പ്രശ്‌നം. അതു നടക്കട്ടെ. എന്നാൽ വളരെ പ്രാധാന്യമുള്ള ഈ ഉപതെരഞ്ഞെടുപ്പുകളുടെ കേന്ദ്രസ്ഥാനത്ത് ഒരു സമുദായ സംഘടന വരുന്നതും മൂന്നു മുന്നണികളുടേയും നേതാക്കൾ ആ സംഘടനയുടെ തിണ്ണ നിരങ്ങുന്നതും ലജ്ജാവഹമാണ്. ഒരു സമുദായ നേതാവ് കിംഗ് മേക്കറാകുന്നത് പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരള രഷ്ട്രീയം എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ ദുസ്സൂചനയുമാണ്. 

Latest News