Sorry, you need to enable JavaScript to visit this website.

മെക്‌സിക്കോ 300 ഇന്ത്യക്കാരെ നാടുകടത്തി ദല്‍ഹിയിലെത്തിച്ചു

ന്യൂദല്‍ഹി- യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 310 ഇന്ത്യക്കാരെ മെക്‌സിക്കോ ദല്‍ഹിയിലേക്കു നാടുകടത്തി. സ്ത്രീകളടക്കമുള്ള ഇവര്‍ വെള്ളിയാഴ്ച ദല്‍ഹിയിലെത്തിയതായി നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇത് അപ്രതീക്ഷിത നീക്കമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. മെക്‌സിക്കോ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റം തടയാന്‍ ജൂണില്‍ യുഎസും മെക്‌സിക്കോയും കരാറൊപ്പിട്ടിരുന്നു. ഇതിന്റെ ഭാഗാമായാണ് ഈ നാടുകടത്തലെന്നാണ് സൂചന. അനധികൃതമായി മെക്‌സിക്കോയില്‍ കഴിയുകയായിരുന്ന ഇവരെ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ദല്‍ഹിയിലെത്തിച്ചത്. മെക്‌സിക്കോ നാഷണല്‍ ഗാര്‍ഡും ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാരും ഇവരോടൊപ്പമുണ്ടായിരുന്നു.

ഇവരിലേറെ പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണോ എന്നു പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. മെക്‌സിക്കോയില്‍ എട്ടു സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ നിന്നായി പിടിയിലാവരാണ് ഇവരെന്നും അധികൃതര്‍ പറഞ്ഞു. ആദ്യമായാണ് മെക്‌സിക്കോയില്‍ നിന്നും ഇത്രയും വിദേശികളെ ഒന്നിച്ചു നാടുകടത്തുന്നത്.
 

Latest News