ഹിന്ദു സമാജ് പാര്‍ട്ടി നേതാവിനെ അക്രമികള്‍ ഓഫീസില്‍ കയറി കഴുത്തറുത്തു കൊന്നു

ലഖ്‌നൗ- ഹിന്ദു സമാജ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയെ അജ്ഞാത സംഘം ലഖ്‌നൗവിലെ പാര്‍ട്ടി ഓഫീസില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. ഏന്തൊ ആവശ്യത്തിനെന്ന വ്യാജേന ഓഫീസിലെത്തിയ ആക്രമികളെ ചായ നല്‍കിയ സ്വീകരിച്ചിരുത്തിയതായിരുന്നു. ഇതിനിടെയാണ് ആയുധം പുറത്തെടുത്ത് ഇവര്‍ തിവാരിയെ കൊലപ്പെടുത്തിയത്. ശേഷം കടന്നു കളഞ്ഞു. തിവാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്ന് പോലിസ് നാടന്‍ തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. ഒളിവില്‍ പോയ അക്രമികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. 

നേരത്തെ ഹിന്ദു മഹാസഭ നേതാവായിരുന്ന തിവാരി സംഘടന വിട്ടാണ് ഹിന്ദു സമാജ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. മതസ്പര്‍ധയുണ്ടാക്കിയ കേസില്‍ നേരത്തെ അറസ്റ്റിലായ തിവാരിക്കെതിരെ പോലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു അദ്ദേഹം. തിവാരിക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് ഈയിടെ അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
 

Latest News