ദേശീയ പൗരത്വ രജിസ്റ്റർ മുഴുവൻ സംസ്ഥാനങ്ങളിലേക്കും; ജയിലുകളും സ്ഥാപിക്കും

ന്യൂദല്‍ഹി- ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ന്യൂസ്18-ന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
എല്ലായിടത്തും രജിസ്റ്ററില്‍പ്പെടാത്തവരെ പാര്‍പ്പിക്കാന്‍ ജയിലുകളും നിര്‍മ്മിക്കും. വിദേശ ട്രൈബ്യൂണലുകല്‍ ആയിരിക്കും ഈ തടവ് കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുക. സര്‍ക്കാര്‍ അതിനുവേണ്ട തയ്യാറെടുക്കുന്നതായും നിയമ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഷാ പറഞ്ഞു. പ്രക്രിയ ആരംഭിച്ചു കഴിഞ്ഞതായും അമിത് വെളിപ്പെടുത്തി.
2024-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ നുഴഞ്ഞുകയറ്റക്കാരേയും പുറത്ത് എറിയുമെന്നും ഷാ ഉറപ്പിച്ചു പറഞ്ഞു. ദല്‍ഹി, ഉത്തര്‍പ്രദേശ്, ത്രിപുര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കള്‍ പൗരത്വ രജിസ്റ്റര്‍ എല്ലായിടത്തും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അസമിലാണ് രജിസ്റ്റര്‍ ആദ്യമായി നടപ്പിലാക്കിയത്. 19 ലക്ഷം പേരാണ് പട്ടികയ്ക്ക് പുറത്തായത്. കര്‍ണാടകയില്‍ ബംഗളുരുവിന് സമീപത്തും മഹാരാഷ്ട്രയില്‍ നവി മുംബൈയ്ക്ക് സമീപവും ജയിലുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

Latest News