Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കയിൽ ലേഡീസ് ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപിക്കുന്നു

മക്ക- നഗരത്തിൽ ലേഡീസ് ഡ്രൈവിംഗ് സ്‌കൂൾ സജ്ജീകരിക്കുന്നതിന് നീക്കം തുടങ്ങി. ഇവിടേക്ക് ഡ്രൈവിംഗ് പരിശീലകർ അടക്കമുള്ള ജീവനക്കാരെ നിയമിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 
മക്കയിൽ ലേഡീസ് ഡ്രൈവിംഗ് സ്‌കൂൾ തുറക്കണമെന്ന് വനിതകളും രക്ഷകർത്താക്കളും ശക്തമായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഇവിടെ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളില്ലാത്തതിനാൽ ഡ്രൈവിംഗ് ലൈസൻസിന് മറ്റു പ്രവിശ്യകളിലെ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകളെയും വിദേശങ്ങളിലെ ഡ്രൈവിംഗ് സ്‌കൂളുകളെയും സമീപിക്കുന്നതിന് മക്കാ നിവാസികളായ വനിതകൾ നിർബന്ധിതരായിരുന്നു. വിദേശങ്ങളിൽ നിന്ന് വനിതകൾ നേടുന്ന ഡ്രൈവിംഗ് ലൈസൻസുകൾ സൗദി ഡ്രൈവിംഗ് ലൈസൻസുകളായി ട്രാഫിക് ഡയറക്ടറേറ്റ് മാറ്റിനൽകുന്നുന്നുണ്ട്. 
അതേസമയം, സൗദിയിലെ മുഴുവൻ ഡ്രൈവിംഗ് സ്‌കൂളുകളിലും ഒരു വർഷത്തിനുള്ളിൽ വനിതകളെയും സ്വീകരിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിനു കീഴിലെ ഡ്രൈവിംഗ് സ്‌കൂൾ കമ്മിറ്റി പ്രസിഡന്റ് ഡോ. മഖ്ഫൂർ ആലുബിശ്ർ പറഞ്ഞു. 
നിലവിൽ പുരുഷന്മാരെ മാത്രം സ്വീകരിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിച്ച വികസന പദ്ധതി നടപ്പാക്കിയ ശേഷം വനിതകളെയും സ്വീകരിക്കും. രാജ്യത്ത് പുരുഷന്മാർക്കുള്ള 64 ഡ്രൈവിംഗ് സ്‌കൂളുകളാണുള്ളത്. വനിതകൾക്കു കൂടി പ്രവേശനം നൽകുന്നതിന് സാധിക്കും വിധം ഇവയിൽ ആവശ്യമായ സജ്ജീകരണങ്ങൾ പൂർത്തിയാക്കും. 
സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിശ്ചിത വ്യവസ്ഥകൾക്കും അനുസൃതമായി ഡ്രൈവിംഗ് സ്‌കൂളുകളിൽ സ്ത്രീപുരുഷന്മാരെ ഒരുപോലെ സ്വീകരിക്കുന്നതിന് വികസന പദ്ധതികൾ നടപ്പാക്കും. ഡ്രൈവിംഗ് പരിശീലനത്തിനും ലൈസൻസിനും മുന്നോട്ടുവരുന്ന വനിതകളെ പൂർണമായും ഉൾക്കൊള്ളുന്നതിനള്ള ശേഷി നിലവിൽ യൂനിവേഴ്‌സിറ്റികളോട് ചേർന്ന് പ്രവർത്തിക്കുന്ന വനിതാ ഡ്രൈവിംഗ് സ്‌കൂളുകൾക്കില്ല. 
രാജ്യത്ത് പുരുഷന്മാർക്കുള്ള 64 ഡ്രൈവിംഗ് സ്‌കൂളുകളിലും വനിതകളെ സ്വീകരിക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ഡോ. മഖ്ഫൂർ ആലുബിശ്ർ പറഞ്ഞു.
പുരുഷ ഡ്രൈവിംഗ് സ്‌കൂളുകളിൽ ഈടാക്കുന്ന ഫീസിന്റെ അഞ്ചിരട്ടിയാണ് നിലവിൽ യൂനിവേഴ്‌സിറ്റികളോട് ചേർന്ന് പ്രവർത്തിക്കുന്ന വനിതാ ഡ്രൈവിംഗ് സ്‌കൂളുകളിൽ ഈടാക്കുന്നത്. വനിതാ പരിശീലകരെ നിയമിച്ച് പുരുഷ ഡ്രൈവിംഗ് സ്‌കൂളുകളിൽ വനിതകളെ സ്വീകരിക്കുന്നതിനാണ് നീക്കം. വനിതകളെ സ്വീകരിക്കുന്നതോടെ ഡ്രൈവിംഗ് സ്‌കൂളുകളിൽ ആഴ്ചയിൽ നിശ്ചിത ദിവസങ്ങൾ പുരുഷന്മാർക്കും ഏതാനും ദിവസങ്ങൾ വനിതകൾക്കുമായി മാറ്റിവെക്കുകയാണ് ചെയ്യുക. 

 

Latest News