ന്യൂദല്‍ഹി- ചെറുകിട സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കുന്ന മുദ്ര (മൈക്രോ യൂനിറ്റ്‌സ് റീ ഫിനാന്‍സ് ആന്റ് ഡെവലപ്‌മെന്റ് ഏജന്‍സി) സ്ഥാപിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ 7.28 കോടി ആളുകള്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കിയെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം ബി.ജെ.പി പതിവാക്കിയ തള്ളുകളിലൊന്ന് മാത്രം. ഓരോ വര്‍ഷവും രാജ്യത്തെ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം 1.2 കോടിയാണെന്നിരിക്കെ ഇവരുടെ മൂന്നിരട്ടി പേര്‍ക്ക് രണ്ടു വര്‍ഷം കൊണ്ട് തൊഴില്‍ ലഭിച്ചുവെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
തൊഴിലില്ലായ്മ പരിഹരിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനത്തെ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും പ്രതിരോധിക്കുന്നത് മുദ്ര സ്‌കീം ഉയര്‍ത്തിക്കാട്ടിയാണ്. എന്നാല്‍ ഇതിനു വേണ്ടി മുന്നോട്ടുവെക്കുന്ന കണക്കുകള്‍ വെറും തള്ളാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകളും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വായ്പക്ക് മുദ്രയെ ആശ്രയിക്കുന്നു പോലുമില്ല.
മുദ്ര നിലവില്‍വന്ന് രണ്ടുവര്‍ഷം കൊണ്ട് 7.28 കോടി ആളുകള്‍ക്ക് തൊഴിലായി എന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഈ മാസം ആദ്യം പറഞ്ഞത്. ചെറുകിട സംരംഭകര്‍ക്ക് 3.17 ലക്ഷം കോടി രൂപ വായ്പ നല്‍കിയെന്ന വേറൊരു കണക്കും അദ്ദേഹം മുന്നോട്ടുവെച്ചു. 50,000 മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് മുദ്ര സ്‌കീമില്‍ വായ്പ വാഗ്ദാനം ചെയ്യുന്നത്.
കണക്കും യാഥാര്‍ഥ്യവും ഈ പ്രഖ്യാപനങ്ങളില്‍നിന്ന് ഏറെ അകലെയാണ്.
പാവങ്ങള്‍ക്ക് പണം വായ്പ കൊടുക്കുന്ന ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫണ്ട് ലഭ്യമാക്കാനാണ് മുദ്ര സ്ഥാപിച്ചത്. മുദ്രക്ക് കീഴില്‍ മൈക്രൊഫിനാന്‍സ് സ്ഥാപനങ്ങളുടെ വായ്പ 2015 ല്‍ 45904 കോടി ആയിരുന്നത് 2016 ല്‍ 56837 കോടിയായി വര്‍ധിച്ചിട്ടുണ്ട്. 23.8 ശതമാനമാണ് വര്‍ധന. ബാങ്കുകളുടേത് 86000 കോടിയില്‍നിന്ന് 1.28 ലക്ഷം കോടിയായി വര്‍ധിച്ചു. 49 ശതമാനം വളര്‍ച്ച.
ബാങ്കുകളും മൈക്രോ ധനകാര്യ സ്ഥാപനങ്ങളും (എം.എഫ്.ഐ) നല്‍കുന്ന ചെറുകിട വായ്പകള്‍ പുതിയ സംഭവമല്ലെന്നും മുദ്രയുടെ റീ ഫിനാന്‍സിംഗ് സൗകര്യമാണ് വര്‍ധനക്ക് കാരണമെന്നും മുദ്ര സി.ഇ.ഒ ജിജി മാമ്മന്‍ അവകാശപ്പെട്ടു. അതേസമയം, ബാങ്കുകളും എം.എഫ്.ഐകളും മുദ്ര സൗകര്യം ഉപോയഗപ്പെടുത്തിയിട്ടില്ലെന്നാണ് മുദ്രയില്‍ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015 ല്‍ ബാങ്കുകള്‍ 2671 കോടി രൂപ മാത്രമാണ് മുദ്രയില്‍നിന്നെടുത്തത്. ഈ പദ്ധതിയില്‍ ബാങ്കുകള്‍ നല്‍കിയ വായ്പയുടെ 3.1 ശതമാനം മാത്രം. അതുപോലെ, എം.എഫ്.ഐകള്‍ എടുത്തതാകട്ടെ അവര്‍ നല്‍കിയ വായ്പയുടെ 1.34 ശതമാനം മാത്രം. പാവങ്ങള്‍ക്കുള്ള സഹായമായി മുദ്ര എടുത്തു കാണിക്കുന്ന പദ്ധതിയാകട്ടെ മുദ്ര വരുന്നതിനു മുമ്പ് തന്നെ പ്രാബല്യത്തിലുളളതും വര്‍ധിച്ചുകൊണ്ടിരിക്കുന്നതുമാണ്. 2013 ല്‍ 23,500 കോടി ആയിരുന്ന ഈ വായ്പ 2015 ല്‍ 37,500 കോടിയായി വര്‍ധിച്ചിരുന്നു. 55 ശതമാനമാണ് വര്‍ധന.
ബാങ്കുകളിലും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലും നേരത്തെ തന്നെ ലഭ്യമായ വായ്പയെ പുതിയ കുപ്പിയിലാക്കി സര്‍ക്കാര്‍ വലിയ സംഭവമായി അവതരിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എത്രമാത്രം തൊഴില്‍ സൃഷ്ടിച്ചുവെന്ന കണക്കുകളൊന്നും മുദ്രയില്‍ ലഭ്യമല്ലെന്ന് മുദ്ര സി.ഇ.ഒ പറയുന്നു.