Sorry, you need to enable JavaScript to visit this website.

സൈതലവി അന്‍വരി ഗള്‍ഫിലുണ്ടോ? ലുക്കൗട്ട് നോട്ടീസുമായി പോലീസ്

മലപ്പുറം- തീവ്രവാദ സംഘടനയായ ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ ജില്ലാ നേതാവ് സൈതലവി അന്‍വരിയെ പിടികൂടാന്‍ പോലീസ് വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറവെടുവിക്കും.

ഒട്ടേറെ കേസുകളില്‍ മുഖ്യ പങ്കാളിയായി മലപ്പുറം കൊളത്തൂര്‍ മേലേകൊളമ്പ് പിലാക്കാട്ടുപടി സൈതലവി അന്‍വരിയാണ് വിദേശത്തക്കു കടന്നിരിക്കുന്നത്. സംഘടനയില്‍ ഉള്‍പ്പെട്ട കൊലപാതക കേസുകളിലെ പ്രതികളില്‍ പലരെയും അന്വേഷണ സംഘം പിടികൂടിയെങ്കിലും മുഖ്യ ആസൂത്രകനായ അന്‍വരി വിദേശത്തേക്കു രക്ഷപ്പെട്ടിരിക്കുകയാണ്.

അന്‍വരിയുടെ നേതൃത്വത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലായി തീവ്രവാദ സ്വഭാവമുള്ള എട്ടു കൊലപാതകങ്ങള്‍ നടന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.  1997 ല്‍ മംഗളുരൂ സ്വദേശിയായ ഷേഖ് അബ്ബയുടെ പാസ്‌പോര്‍ട്ടില്‍ തലവെട്ടിയൊട്ടിച്ചു ബംഗളൂരു വഴി ഇയാള്‍ വിദേശത്തേക്കു കടന്നുവെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇതേത്തുടര്‍ന്നാണ് ഇയാളെ കണ്ടെത്താന്‍ വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറവെടുവിപ്പിക്കുന്നത്. തുടര്‍ന്നു ഇന്റര്‍പോളിന്റെ സഹായവും തേടും. അന്‍വരി എവിടെയാണെന്ന് വ്യക്തമല്ല. വീട്ടുകാരോടു പോലീസ് അന്വേഷണം നടത്തിയെങ്കിലും അവര്‍ക്കും ഇയാളെക്കുറിച്ചു വിവരം ലഭ്യമല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേസില്‍ സൈതലവി ഒന്നാം പ്രതിയാണ്. ഇയാളെ കൂടാതെ അഞ്ചാം പ്രതി ചെറുതുരത്തി പള്ളം പുത്തന്‍പീടികയില്‍ യൂസഫിന്റെ മകന്‍ സുലൈമാന്‍, ദേശമംഗലം പള്ളംകളപ്പുറത്തു കുഞ്ഞുമുഹമ്മദിന്റെ മകന്‍ സലീം എന്നിവരും ഗള്‍ഫില്‍ ഒഴിവില്‍ കഴിയുകയാണ്. ഇവര്‍ക്കായി പോലീസ് വലവിരിച്ചുകഴിഞ്ഞു. മൂന്നാംപ്രതിയായ കയ്പമംഗലം ചളിങ്ങാട് പുഴങ്കരയില്ലത്ത് തെയ്യുണ്ണിയുടെ മകന്‍ ഷാജി എന്ന ഷാജഹാന്‍, കയ്പമംഗലം കൊപ്രക്കളം കൊടുങ്ങല്ലൂക്കാരന്‍ മൊയ്തീന്‍ൈ മകന്‍ നവാസ് എന്നിവരും വിവിധയിടങ്ങളില്‍ ഒളിവിലാണ്.  
ഗുരുവായൂരിനടുത്ത് തൊഴിയൂരിലെ ആര്‍.എസ്.എസ് ഭാരവാഹി സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ  തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരായ മലപ്പുറം കൊളത്തൂര്‍ ചെമ്മലശേരി പൊതുവകത്ത് ഉസ്മാന്‍ (51), വാടാനപ്പള്ളി അഞ്ചങ്ങാടി നാലകത്തൊടിയില്‍ യൂസഫ് എന്ന യൂസഫലി (52) എന്നിവരെ കഴിഞ്ഞ ദിവസം തിരൂര്‍ ഡിവൈ.എസ്.പി കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തതോടെ കുടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചു. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ റിമാന്‍ഡിലാണ്. തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനു പോലീസ് അപേക്ഷ നല്‍കും.
ഈ കേസില്‍ നേരിട്ടു പങ്കെടുത്ത ആളാണ് സൈതലവി അന്‍വരിയെന്നു പോലീസ് പറഞ്ഞു. പിടിയിലായ രണ്ടു പേരെ ചോദ്യം ചെയ്തതോടെ
24 വര്‍ഷം മുമ്പ് 1995 ഓഗസ്റ്റ് 19 ന് മലപ്പുറത്തെ കൊളത്തൂരില്‍ ബി.ജെ.പി നേതാവ് ചെമ്മലശ്ശേരി മൂര്‍ക്കോത്ത് മോഹനചന്ദ്രനെ ചെമ്മലശ്ശേരിയില്‍ വെച്ച് ജീപ്പിടിച്ചു കൊലപ്പെടുത്തിയതു തങ്ങളാണെന്നു പ്രതികള്‍ പോലീസിനോടു വെളിപ്പെടുത്തിയത് കേസന്വേഷണത്തിനു പുതിയ വഴിത്തിരിവായിരിക്കുകയാണ്. 2006 ല്‍ മലപ്പുറം ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച കേസാണിത്. തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്താന്‍ പോയ സംഘവും യാത്ര തിരിച്ചത് ഇതേ ജീപ്പു തന്നെയാണെന്നു പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. സൈതലവി അന്‍വരി, വഴിക്കടവ് അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇഹ്‌സാനിയ സംഘം മോഹനനെ ജീപ്പിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് ഇരുവരും പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്. സംഭവദിവസം രാത്രി പാലൂര്‍ അങ്ങാടിയില്‍ പച്ചക്കറി കച്ചവടം നടത്തി കടയടച്ചു സൈക്കിളില്‍ മോഹനചന്ദ്രന്‍ വീട്ടിലേക്കു പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റു മരിച്ച നിലയിലാണ് മോഹനചന്ദ്രനെ കാണപ്പെട്ടത്. അപകടമരണമെന്ന നിലയിലാണ് പോലീസ് അന്വേഷണം മുന്നോട്ടുപോയത്. പിന്നീട് മലപ്പുറം ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. ആക്രമണത്തിനുപയോഗിച്ച ജീപ്പ് 25 വര്‍ഷങ്ങള്‍ക്കുശേഷം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഹനചന്ദ്രന്റെ മരണത്തില്‍ പുനരന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി നിര്‍ദേശം നല്‍കിയതു പുതിയ നീക്കമാണ്.

 

Latest News