Sorry, you need to enable JavaScript to visit this website.
Sunday , May   09, 2021
Sunday , May   09, 2021

സൗഹൃദത്തിന്റെ കരുത്തിൽ  സൗദി - റഷ്യ സഹകരണം

90 വർഷത്തിലേറെ പഴക്കമുള്ള സൗദി-റഷ്യ ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ  ഊടും പാവും നൽകുന്നതായിരുന്നു റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിന്റെ സൗദി സന്ദർശനം. റഷ്യൻ പ്രസിഡന്റിനൊരുക്കിയ സ്വീകരണവും ചർച്ചകളും തുടർന്നു രൂപപ്പെട്ട കരാറുകളുമെല്ലാം ലോകത്തിലെ സാമ്പത്തിക, സൈനിക, എണ്ണ ഉൽപാദക ശക്തികളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപ്രധാനമായ ബന്ധത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പുട്ടിൻ നടത്തിയ ചർച്ചകളിലൂടെ സമാധാനത്തിന്റെയും വികസനത്തിന്റെയും ഗവേഷണങ്ങളുടെയുമെല്ലാം പരസ്പര സഹകരണത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കപ്പെടുകയായിരുന്നു. 
റഷ്യ സന്ദർശിക്കുന്ന ആദ്യ സൗദി ഭരണാധികാരിയെന്ന നിലയിൽ രണ്ടു വർഷം മുൻപ് സൽമാൻ രാജാവ് നടത്തിയ റഷ്യൻ സന്ദർശനം മധ്യപൗരസ്ത്യ ദേശത്തെ സൗദി അറേബ്യയുടെ രാഷ്ട്രീയ ശക്തി വിളിച്ചോതുന്നതും ചരിത്രത്തിൽ ഇടം പിടിക്കുന്നതുമായിരുന്നു. രാഷ്ട്ര നിർമിതിയിൽ രാജ്യത്തെ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം തൊഴിൽ മേഖലക്ക് ഊർജം പകരാൻ സഹായകരമായ പതിനഞ്ചിലേറെ കരാറുകളാണ് അന്നു പിറവിയെടുത്തത്. ഊർജം, പ്രതിരോധം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളിലുള്ളതായിരുന്നു കരാർ. അതിന്റെ തുടർച്ചയാണിപ്പോൾ പുടിന്റെ സന്ദർശനവേളയിലും ഉണ്ടായിരിക്കുന്നത്. 
പെട്രോൾ ഉൽപാദക രാജ്യങ്ങൾ തമ്മിലെ സ്ഥിര സഹകരണത്തിനുള്ള ചാർട്ടർ ഒപ്പുവെച്ചതിനു പുറമെ ഇരു രാജ്യങ്ങളും തമ്മിൽ 20 കരാറുകളിലാണ് ഒപ്പുവെച്ചത്. ഇതിൽ 17 കരാറുകളുടെ ധാരണാപത്രത്തിന്റെ  ഒപ്പുവെക്കലും സൗദിയിൽ പ്രവർത്തിക്കുന്നതിന് നാലു റഷ്യൻ കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനവും ഉണ്ടായി.  
ഈ കരാറുകൾ ഇരു രാഷ്ട്രങ്ങളിലും മാത്രമല്ല, ലോകത്തിന്റെ തന്നെ രാഷ്ട്രീയ, സാമ്പത്തിക, തൊഴിൽ മേഖലകളിൽ വൻ ചലനങ്ങളാവും ഉണ്ടാക്കുക. ഊർജ മേഖലയിലെ കരാറുകൾ ഊർജ വിപണിയിൽ വിപ്ലവാത്മക തിരുത്തലുകൾക്കായിരിക്കും വഴിയൊരുക്കുക. 
സുരക്ഷാ ഭദ്രതയും സമാധാനവും സാക്ഷാത്കരിക്കുന്നതിനും ഭീകര വിരുദ്ധ പോരാട്ടത്തിനും റഷ്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയെന്ന സൗദി അറേബ്യയുടെ ആഗ്രഹത്തിന്റെ പ്രതിഫലനം കൂടിയാണ് ഓരോ കരാറുകളും.
2017ലെ സൽമാൻ രാജാവിന്റെ റഷ്യൻ സന്ദർശനത്തിലൂടെ ലോകത്തെ ഏറ്റവും നവീന വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 സ്വന്തമാക്കാൻ കഴിഞ്ഞുവെന്നത് സൗദിയുടെ സൈനിക മേഖലക്ക് ശക്തിപകരുന്നതായിരുന്നു. അതോടൊപ്പം കോർനെറ്റ്-ഇ.എം സിസ്റ്റം, ടോസ്-1എ മിസൈലുകൾ, എ.ജി.എസ്-30 ബോംബറുകൾ, കലാഷ് നിക്കോവ് എ.കെ 103 തോക്കുകൾ, വെടിയുണ്ടകൾ തുടങ്ങിയവയുടെ വിനിമയവും നിർമാണവുംകൂടി സാധ്യമാക്കി. 
ആയുധ, പ്രതിരോധ മേഖലയിലെ പ്രാദേശിക വിപണിയുടെ പങ്ക് രണ്ട് ശതമാനം എന്നത് 50 ശതമാനമായി ഉയർത്തുക എന്ന വിഷൻ 2030 പദ്ധതിയുടെ ലക്ഷ്യത്തിന് സഹായകരമായിരുന്നു ഈ കരാറുകൾ. സാങ്കേതിക എൻജിനീയറിംഗ് മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ആയുധ, പ്രതിരോധ സംവിധാനങ്ങളുടെ 30 മുതൽ 50 ശതമാനം വരെ സൗദിയിൽ നിർമിക്കുകയും ആയുധ നിർമാണ മേഖലയിൽ 2030 ഓടെ 40,000 പേർക്ക് നേരിട്ടും  30,000 പേർക്ക് പരോക്ഷമായും തൊഴിലുകൾ സൃഷ്ടിക്കാൻ സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസ് കമ്പനിയെ സഹായിക്കുകയെന്ന ലക്ഷ്യവും രാജാവിന്റെ റഷ്യൻ സന്ദർശനത്തിനു പിന്നിലുണ്ടായിരുന്നു. 
രണ്ടു വർഷത്തിനു ശേഷം പുടിൻ സൗദിയിലെത്തിയ വേളയിൽ രൂപപ്പെട്ട കരാറുകളും  ഇവയെല്ലാം സാക്ഷാത്കരിക്കാൻ സഹായിക്കുന്നതാണ്.  അതിൽ പ്രധാനമായുള്ളത് രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് സൗദി ബഹിരാകാശ യാത്രികനെ അയക്കുന്നതിന് റഷ്യൻ സ്‌പേസ് ഏജൻസി റോസ്‌കോസ്‌മോസും സൗദി സ്‌പേസ് ഏജൻസി ഉണ്ടാക്കിയ കരാറാണ്. ബഹിരാകാശ രംഗത്ത് ഹസ്സ അൽ മൻസൂരിയിലൂടെ യു.എ.ഇ ഉണ്ടാക്കിയ ചരിത്രനേട്ടം സൗദി അറേബ്യക്കും പ്രചോദനമായി എന്നുവേണം വിലയിരുത്താൻ. 
സൽമാൻ രാജാവിന്റെ റഷ്യൻ സന്ദർശന വേളയിൽതന്നെ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിലും അതിന് അന്തിമ രൂപവും പരസ്പരം കൈകോർത്ത് വിജയത്തിലെത്തിക്കുന്നതിനുള്ള ധാരണയും ഉണ്ടായത് പുടിന്റെ വരവോടുകൂടിയാണ്. സൗദി സ്‌പേസ് ഏജൻസി ഡയറക്ടർ ബോർഡ് ചെയർമാൻ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ഏപ്രിലിൽ റഷ്യ സന്ദർശിച്ചുകൊണ്ട് ഇതിനു വഴിമരുന്നിട്ടിരുന്നു
ബഹിരാകാശ യാത്രികർക്കുള്ള പരിശീലന കേന്ദ്രവും ബഹിരാകാശ യാത്രികരുമായി ആശയ വിനിമയം നടത്തുന്നതിനുള്ള കേന്ദ്രവും സ്‌പേസ് ഷട്ടിൽ നിർമാണ കേന്ദ്രവുമടക്കമുള്ള സ്ഥാപനങ്ങൾ സന്ദർശിച്ച് ഈ രംഗത്ത് സൗദിക്കുണ്ടാക്കാൻ കഴിയുന്ന നേട്ടങ്ങളെക്കുറിച്ച് സുൽത്താൻ രാജകുമാരൻ വിലയിരുത്തിയിരുന്നു. ബഹിരാകാശ മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനും ഈ മേഖലയിൽ മുൻനിര രാജ്യങ്ങളുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിനുമുള്ള സൗദിയുടെ ആഗ്രഹ പ്രകടനവും തുടർന്നുണ്ടായ കരാറുകളും ഇതിന്റെ തുടർച്ചയായി വേണം കാണാൻ. 
സൗദി ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകുന്നതിനും സാറ്റലൈറ്റ് നിർമാണ മേഖലയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനും റഷ്യൻ സ്‌പേസ് ഏജൻസികളുമായും സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിനുള്ള കരാർ തീർച്ചയായും സൗദി അറേബ്യയുടെ ബഹിരാകാശ ദൗത്യത്തിന് സഹായകരമാവും. 
മധ്യപൗരസ്ത്യ ദേശത്ത് സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിന് സൗദി-റഷ്യ ഏകോപനം പ്രധാനമാണെന്നു കൂടി തെളിയിക്കുന്നതായിരുന്നു പുടിന്റെ സൗദി  സന്ദർശനം. സൗദി അറേബ്യയുടെ പങ്കാളിത്തമില്ലാതെ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണലും സുസ്ഥിര വികസനം സാധ്യമാക്കലും അസാധ്യമാണെന്ന അഭിപ്രായ പ്രകടനത്തിലൂടെ പുടിൻ ഇതു വ്യക്തമാക്കുകയും ചെയ്തിരുന്നു. ലോക സാമ്പത്തിക, സൈനിക ശക്തിയിൽ പ്രബലരായ ഇരു രാജ്യങ്ങളും പരസ്പരം കൈകോർക്കുമ്പോൾ അത് മധ്യപൗരസ്ത്യ ദേശത്തെ സംഘർഷങ്ങൾക്ക് അയവുണ്ടാക്കാൻ ഉപകരിക്കുമെന്നു കൂടി പ്രതീക്ഷിക്കാം. 
 

Latest News