ദല്‍ഹിയില്‍ നിന്ന് കാബൂളിലേക്കു പറന്ന സ്‌പൈസ് ജെറ്റ് വിമാനം പാക് വ്യോമ സേന തടഞ്ഞെന്ന്

ന്യൂദല്‍ഹി- സെപ്തംബര്‍ 23ന് 120 യാത്രക്കാരുമായി ദല്‍ഹിയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലേക്കു പറന്ന സ്‌പൈസ് ജെറ്റ് വിമാനം പാക്കിസ്ഥാന്‍ വ്യോമ സേന തടഞ്ഞിരുന്നതായി റിപോര്‍ട്ട്. രണ്ട് പാക് പോര്‍വിമാനങ്ങള്‍ ചേര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനത്തെ പാക്കിസ്ഥാന്റെ വ്യോമ മേഖലയ്ക്കു പുറത്താക്കിയെന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. പാക് വ്യോമ മേഖലയിലേക്കു പ്രവേശിച്ചയുടന്‍ സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനത്തിനു 'കാള്‍ സൈന്‍' ലഭിച്ചത് ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നതായി വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിമാനം താഴ്ത്താന്‍ പാക് വ്യോമ സേനാ വിമാനങ്ങളില്‍ നിന്ന് നിര്‍ദേശം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇതൊരു യാത്രാ വിമാനമാണെന്ന് സ്‌പൈസ് ജെറ്റ് പൈലറ്റ് പാക് വ്യോമ സേനാ വിമാനത്തിലുണ്ടായിരുന്നവര്‍ക്കു മറുപടി നല്‍കി. തുടര്‍ന്ന് വിമാനം അഫ്ഗാന്‍ വ്യോമ മേഖലയില്‍ പ്രവേശിക്കുന്നതു വരെ പാക് വ്യോമ സേനാ വിമാനങ്ങള്‍ പിന്തുടര്‍ന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഡിജിസിഎ പുറത്തുവിട്ടിട്ടില്ല. സ്‌പൈസ് ജെറ്റും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
 

Latest News