അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രീം കോടതി താമസിയാതെ വാദം കേള്‍ക്കും. ബാബരി മസ്ജിദ്-രാമ ജന്മഭൂമി കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ഒത്തു തീര്‍പ്പു വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹരജികളില്‍ കോടതി ഉടന്‍ തന്നെ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബഞ്ചാണ് വെള്ളിയാഴ്ച വ്യക്തമാക്കിയത്. ഈ ഹര്‍ജികളില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ ആവശ്യത്തോടാണ് കോടതിയുടെ പ്രതികരണം. അതേസമയം വാദം കേള്‍ക്കലിന് കോടതി പ്രത്യേകി തീയതി നിശ്ചിയിച്ചിട്ടില്ല.
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയെ ചൊല്ലിയുള്ള അവകാശ തകര്‍ക്കത്തിന് പരിഹാരമായി ഈ ഭൂമി രാം ലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നീ മൂന്ന് കക്ഷികള്‍ക്ക് വീതിച്ചു കൊടുത്ത 2010-ലെ അലഹാബാദ് ഹൈക്കോടതി ലഖ്‌നോ ബഞ്ചിന്റെ വിധിക്കെതിരെയുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കുക.






