പ്രതിസന്ധി പരിഹരിക്കാതെ സര്‍ക്കാര്‍ പ്രതിപക്ഷത്തെ പഴിചാരുന്ന തിരക്കിലാണ്; ധനമന്ത്രിക്ക് മന്‍മോഹന്റെ മറുപടി

ന്യൂദല്‍ഹി- പൊതുമേഖലാ ബാങ്കുകളുടെ മോശം കാലം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തായിരുന്നുവെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ ആരോപണത്തിന് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ മറുപടി. നിലവിലെ സാമ്പത്തിക മാന്ദ്യത്തിനു പരിഹാരം കാണുന്നതിനു പകരം സര്‍ക്കാര്‍ പ്രതിപക്ഷത്തെ പഴിചാരുന്ന തിരക്കിലാണെന്ന് മന്‍മോഹന്‍ പറഞ്ഞു. ധനമന്ത്രിയുടെ പ്രസ്താവന കണ്ടു. എന്നാല്‍ അതിനോട് പ്രതികരിക്കാനില്ല. എന്നാല്‍ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആദ്യം ചെയ്യേണ്ടത് അതിന്റെ പ്രശ്‌നങ്ങളെയും അതിന്റെ കാരണങ്ങളേയും തിരിച്ചറിയുക എന്നതാണ്. ഇതു ചെയ്യുന്നതിനു പകരം സര്‍ക്കാര്‍ പഴികളെല്ലാം പ്രതിപക്ഷത്തിനുമേല്‍ ചാര്‍ത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതുകാരണം അവര്‍ക്ക് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ഉറപ്പുവരുത്താന്‍ ആവശ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനാകുന്നില്ല- മന്‍മോഹന്‍ സിങ് പറഞ്ഞു. തെരഞ്ഞെടുപ്പു നടക്കുന്ന മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

16 ലക്ഷം നിക്ഷേപകരുടെ സമ്പാദ്യത്തെ ബാധിച്ച മുംബൈയിലെ  പിഎംസി ബാങ്കിന്റെ പ്രതിസന്ധിയും അദ്ദേഹം പരാമര്‍ശിച്ചു. കേന്ദ്രത്തിലേയും സംസ്്ഥാനത്തേയും ബിജെപി സര്‍ക്കാരുകള്‍ ജന സൗഹൃദ നയങ്ങള്‍ സ്വീകരിക്കാന്‍ തയാറല്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഭരണകാലത്ത് പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം എല്ലായ്‌പ്പോഴും യുപിഎയുടെ ഭാഗത്താണെന്ന് പറഞ്ഞു കൊണ്ടിരിക്കാനാകില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത് നിങ്ങളാണ്. ഇത്രയും കാലം യുപിഎയെ പഴിച്ചാണ് സമയം പാഴാക്കിയത്- മന്‍മോഹന്‍ പറഞ്ഞു.
 

Latest News