Sorry, you need to enable JavaScript to visit this website.

പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ ആളുടെ മൃതദേഹം കുടുംബം സ്വീകരിച്ചില്ല; ബംഗ്ലാദേശിലേക്ക് അയച്ചാല്‍ മതിയെന്ന്

ഗുവാഹത്തി- അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് തടങ്കലില്‍ ഇരിക്കെ മരണപ്പെട്ട മാനസിക രോഗിയായ ആളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം തയാറായില്ല. രോഗബാധയെ തുടര്‍ന്ന് ഞായറാഴ്ച ഗുവാഹത്തി മെഡിക്കല്‍ കോളെജില്‍ മരിച്ച 65-കാരനായ ദുലാല്‍ ചന്ദ്ര പോളിനെ സര്‍ക്കാര്‍ പൗരനായി പ്രഖ്യാപിക്കുന്നില്ലെങ്കില്‍ മൃതദേഹം സ്വീകരിക്കില്ലെന്നും ബംഗ്ലാദേശിലേക്ക് അയച്ചാല്‍ മതിയെന്നുമാണ് ബന്ധുക്കളുടെ പ്രതികരണം. സോനിത്പൂര്‍ ജില്ലയിലെ അലിസിംഗ സ്വദേശിയാണ് ഇദ്ദേഹം. ചന്ദ്ര പോള്‍ വിദേശിയല്ല, ഇന്ത്യക്കാരനാണെന്ന് സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയാല്‍ മാത്രമെ മൃതദേഹം സ്വീകരിക്കുകയുള്ളൂ എന്നും അല്ലെങ്കില്‍ ബംഗ്ലദേശിനു കൈമാറിക്കോളൂ എന്നും മൂത്ത മകന്‍ ആശിഷ് പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി പതിനായിരത്തോളം ഗ്രാമീണര്‍ റോഡ് തടഞ്ഞ് ധര്‍ണ നടത്തിയതോടെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മൃതദേഹം സ്വീകരിക്കാന്‍ തയാറാകണമെന്നാവശ്യപ്പെട്ട് നാലു ദിവസമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചന്ദ്ര പോളിന്റെ വീട്ടില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. 

2017ലാണ് ചന്ദ്ര പോളിനെ ട്രൈബ്യൂണല്‍ വിദേശിയായ പ്രഖ്യാപിച്ചതെന്ന് കുടുംബം പറയുന്നു. മാനസിക അസ്ഥിരതയുള്ള വ്യക്തിയായിട്ടു പോലും ട്രൈബ്യൂണല്‍ ഏകപക്ഷീയമായാണ് ചന്ദ്ര പോളിനെ വിദേശി എന്നു വിധിച്ചതെന്നും കുടുംബം ആരോപിച്ചു.

ട്രൈബ്യൂണല്‍ വിദേശിയാണെന്ന് വിധിച്ചതു കാരണം ഭരണകൂടത്തിന് കാര്യമായൊന്നും ചെയ്യാനില്ല. കുടുംബത്തിന്റെ ആവശ്യം ചര്‍്ച്ച ചെയ്യാന്‍ പോലുമുള്ള സാധ്യതയില്ല. എങ്കിലും, ട്രൈബ്യൂണലിന്റെ വിധിക്കെതിരെ കോടതിയെ സമീപിക്കുകയാണെങ്കില്‍ അവര്‍ക്ക് ആവശ്യമെങ്കില്‍ നിയമ സഹായം നല്‍കാന്‍ ഒരുക്കമാണ്. ഈ കേസില്‍ എന്തെങ്കിലുമൊരു വഴി തുറന്നുകിട്ടാനുള്ള ശ്രമത്തിലാണ്- സോനിത്പൂര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മാനവേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

മൃതദേഹവുമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരുന്ന രേഖകളില്‍ ചന്ദ്രപോളിന്റെ വിലാസം എഴുതേണ്ടിടത്ത് ഒഴിച്ചിടുകയും അദ്ദേഹത്തെ വിദേശി എന്നു വിശേഷിപ്പിക്കുകയും ചെയ്തതാണ് കുടുംബത്തേയും നാട്ടുകാരേയും രോഷാകുലരാക്കിയത്. മൃതദേഹം ഉടന്‍ സംസ്‌ക്കരിക്കാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണിപ്പോല്‍ ജില്ലാ ഭരണകൂടം. 

Latest News