Sorry, you need to enable JavaScript to visit this website.

ബദല്‍ പാത പുരോഗമിക്കുന്നു; ഹറമൈന്‍ ട്രെയിന്‍ അടുത്ത മാസം പുനരാരംഭിക്കും

ജിദ്ദ സുലൈമാനിയ റെയിൽവേ സ്റ്റേഷനു സമീപം താൽക്കാലികമായി നിർമിക്കുന്ന ബദൽ പാതയിൽ പാളം സ്ഥാപിക്കൽ ജോലികൾ പുരോഗമിക്കുന്നു.

ജിദ്ദ- ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ ജിദ്ദ സുലൈമാനിയ റെയിൽവേ സ്റ്റേഷൻ കത്തി നശിച്ചതിനെത്തുടർന്ന് താൽക്കാലികമായി നിർമിക്കുന്ന ബദൽ പാതയിൽ പാളം സ്ഥാപിക്കൽ, വൈദ്യുതീകരണ ജോലികൾക്ക് തുടക്കമായി.

ജിദ്ദ സുലൈമാനിയ ഡിസ്ട്രിക്ട് റെയിൽവേ സ്റ്റേഷൻ അഗ്നിബാധയിൽ തകർന്നതിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനാണ് താൽക്കാലികമായി ബദൽ പാത നിർമിക്കുന്നത്. സുലൈമാനിയ റെയിൽവേ സ്റ്റേഷനും പഴയ റെയിൽപാതയുടെ കിഴക്ക് ഹറമൈൻ റോഡിനും ഇടയിലുള്ള ഭാഗത്താണ് ബദൽ പാത. 


കഴിഞ്ഞ ദിവസം മുതൽ പാതയിൽ റെയിൽപാളം സ്ഥാപിക്കൽ, വൈദ്യുതീകരണ ജോലികൾക്കും തുടക്കമായി. എത്രയും വേഗം പൂർത്തിയാക്കുന്നതിന് ഇരുപത്തിനാലു മണിക്കൂറും നിർമാണ ജോലികൾ നടത്തുന്നുണ്ട്. അടുത്ത മാസാദ്യത്തോടെ ഹറമൈൻ റെയിൽവേയിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ മാസാവസാനത്തിനു മുമ്പായി താൽക്കാലിക ബദൽ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. 


താൽക്കാലിക ബദൽ പാതയുടെ നിർമാണത്തോടൊപ്പം അഗ്നിബാധയിൽ തകർന്ന റെയിൽവേ സ്റ്റേഷൻ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്. ഏതെങ്കിലും വിധത്തിലുള്ള അടിയന്തര സാഹചര്യമോ അപകടങ്ങളോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സിവിൽ ഡിഫൻസ് സംഘങ്ങൾ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 
പാതയിൽ മുപ്പതു ദിവസത്തിനകം സർവീസ് പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ഡോ.നബീൽ അൽആമൂദി രണ്ടാഴ്ച മുമ്പ് വെളിപ്പെടുത്തിയിരുന്നു. കത്തിനശിച്ച സുലൈമാനിയ സ്റ്റേഷനിൽ പ്രവേശിക്കാതെയാണ് ബദൽ പാതയിലൂടെ സർവീസുകൾ പുനരാരംഭിക്കുക. 
 

Latest News