Sorry, you need to enable JavaScript to visit this website.

യുക്തിവാദികൾക്ക് ഫാസിസത്തിന്റെ പ്രച്ഛന്നവേഷം  

ന്യൂനപക്ഷവിഭാഗങ്ങളെ ശത്രുക്കളായി ചിത്രീകരിച്ച്, ബീഫിന്റെ പേരിലും ശ്രീറാം വിളിക്കാത്തതിന്റെ പേരിലും കൊന്നൊടുക്കി, ഹൈന്ദവ ഏകീകരണത്തിലൂടെ ഇന്ത്യയെ മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള സവർണ ഹിന്ദു രാമരാജ്യമാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾ ഒരിക്കലും കേരളത്തിലെ യുക്തിവാദികളുടെ ശത്രുക്കളല്ല. അവർക്കെതിരായി കാര്യമായൊന്നും ഇവർ സംസാരിക്കാറില്ല എന്നു മാത്രമല്ല, എത്രയോ വിഷയങ്ങളിൽ സംഘികൾക്കനുകൂലമായ നിലപാടാണ് സി. രവിചന്ദ്രനും മറ്റും സ്വീകരിക്കുന്നത്. മുസ്‌ലിം വിരുദ്ധതയിലാണ് ഇവരുടെ നിലനിൽപ്പ്തന്നെ. ഒപ്പം ദളിത് വിരുദ്ധതയും പ്രകടമാണ്. 

സാമൂഹ്യപ്രവർത്തനത്തിൽ യുവജനങ്ങളുടെ സാന്നിധ്യം കുറഞ്ഞുവരുന്നു എന്ന വിമർശനം വ്യാപകമാണല്ലോ. കണക്കുകൾ പരിശോധിച്ചാൽ അതു ശരിയാണു താനും. പരമ്പരാഗത ശൈലിയിലുള്ള സാമൂഹ്യ - രാഷ്ട്രീയ - സാംസ്‌കാരിക പ്രവർത്തനങ്ങളിൽ യുവജനസാന്നിധ്യം കുറവാണ്. അതേസമയം മറ്റു പല മേഖലകളിലും അവർ സജീവമാണെന്നു കാണാം. സൈബർ സ്‌പേസിൽ മാത്രമല്ല, റിയൽ സ്‌പേസിലും തങ്ങൾക്ക് ഇടപെടാനാവുമെന്ന് പ്രളയകാലത്ത് അവർ തെളിയിച്ചതുമാണ്. കാലത്തിനനുസരിച്ചുള്ള സ്വാഭാവികമാറ്റം സാമൂഹ്യരംഗത്തും കാണുമല്ലോ.
പറയാൻ വന്നത് മറ്റൊന്നാണ്. പരമ്പരാഗത സാമൂഹ്യ പ്രവർത്തനത്തിന്റെ അവിഭാജ്യഭാഗമായ ചർച്ചകളിലും പ്രഭാഷണങ്ങളിലും മറ്റും യുവജനസാന്നിധ്യം കുറയുക തന്നെയാണ്. അതുകൊണ്ടെന്തെങ്കിലും അപകടമുണ്ടെന്നല്ല പറഞ്ഞു വരുന്നത്. പ്രധാനമായും മതപ്രഭാഷണങ്ങളിലാണ് യുവജനപങ്കാളിത്തം കൂടുതലായി കാണുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതിൽ ശരിയുണ്ടാകാം. നമ്മുടെ സാമൂഹ്യ - രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട മാറ്റങ്ങളുടെ സൂചനയാകാം അത്. എന്നാലതോടൊപ്പം ശ്രദ്ധിക്കപ്പെടേണ്ട മറ്റൊന്നാണ്, മതങ്ങളും ദൈവങ്ങളൊന്നുമില്ലെന്നും എല്ലാം നിശ്ചയിക്കേണ്ടത് തെളിവുകളും ശാസ്ത്രവും യുക്തിയുമാണെന്ന് വാദിക്കുന്ന നവനാസ്തികരെന്നറിയപ്പെടുന്ന വിഭാഗങ്ങളുടെ സമ്മേളനങ്ങളിലും പ്രഭാഷണങ്ങളിലും കാണുന്ന വൻയുവജന പങ്കാളിത്തം. കടകവിരുദ്ധമായ രണ്ടു പ്രസ്ഥാനങ്ങളാണ് യുവജനങ്ങളെ ആകർഷിക്കുന്നതെന്ന് സാരം.
തെളിവുകൾ നയിക്കട്ടെ എന്ന സന്ദേശവുമായി പോയ വാരം കോഴിക്കോട് നടന്ന, സി. രവിചന്ദ്രൻ നേതൃത്വം നൽകുന്ന വിഭാഗത്തിന്റെ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. 
ശാസ്ത്രചിന്തയുടേയും യുക്തിയുടേയും അടിസ്ഥാനത്തിൽ ഇവർ പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹത്തെ പതിറ്റാണ്ടുകൾ പുറകോട്ടു വലിക്കുന്ന കാര്യങ്ങളാണെന്നു മാത്രമല്ല, ഫാസിസ്റ്റുകൾക്ക് വളക്കൂറുള്ള മണ്ണൊരുക്കുക കൂടിയാണെന്നു പറയാതെ വയ്യ.
ഇവരുടെ പ്രചാരണത്തിലെ കേന്ദ്രം മതവിമർശനമാണെന്നാണല്ലോ വെപ്പ്. എന്നാൽ എന്തിനെയാണവർ വിമർശിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ചില മതചിഹ്നങ്ങളും ഡ്രസ് കോഡും അവർ ആരാധിക്കുന്നവരുടെ ജീവിതവുമാണ് ഇവരുടെ പ്രധാന ടാർഗറ്റ്. ന്യൂനപക്ഷവിഭാഗങ്ങളെ ശത്രുക്കളായി ചിത്രീകരിച്ച്, ബീഫിന്റെ പേരിലും ശ്രീറാം വിളിക്കാത്തതിന്റെ പേരിലും കൊന്നൊടുക്കി, ഹൈന്ദവ ഏകീകരണത്തിലൂടെ ഇന്ത്യയെ മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള സവർണ ഹിന്ദു രാമരാജ്യമാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾ ഒരിക്കലും കേരളത്തിലെ യുക്തിവാദികളുടെ ശത്രുക്കളല്ല. അവർക്കെതിരായി കാര്യമായൊന്നും ഇവർ സംസാരിക്കാറില്ല എന്നു മാത്രമല്ല, എത്രയോ വിഷയങ്ങളിൽ സംഘികൾക്കനുകൂലമായ നിലപാടാണ് സി. രവിചന്ദ്രനും കൂട്ടരും സ്വീകരിക്കുന്നത്. മുസ്‌ലിം വിരുദ്ധതയിലാണ് ഇവരുടെ നിലനിൽപ്പുതന്നെ. ഒപ്പം ദളിത് വിരുദ്ധതയും പ്രകടമാണ്. 
സംവരണവിരുദ്ധതയിൽ ഇവർ സംഘികളേക്കാൾ മുന്നിലാണ്. എല്ലാ മനുഷ്യരും ഒരുപോലെയാണെന്ന 'തെളിവി'ന്റെ മുന്നിൽ ഒരു വിഭാഗത്തിന് എന്തിനാണ് സംവരണം എന്ന കേവലയുക്തിയാണവരെ നയിക്കുന്നത്. സംവരണം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാകാൻ കാരണമായ സഹസ്രാബ്ദങ്ങളുടെ ഇന്ത്യൻ ചരിത്രത്തെയാണ് ഇവർ നിഷേധിക്കുന്നത്. സംവരണം നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അംബേദ്കർ പലപ്പോഴും ഇവരുടെ ടാർഗറ്റാണുതാനും. കോഴിക്കോട് സമ്മേളനത്തിൽ തന്നെ സംഘ് പരിവാർ എന്ന വാക്ക് ഉച്ചരിക്കപ്പെട്ടത് പ്രശസ്ത കഥാകാരനായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ പ്രഭാഷണത്തിൽ മാത്രമായിരുന്നു എന്നാണ് റിപ്പോർട്ട്. 
ഇവരിടപെടുന്ന മറ്റുമേഖലകളും നോക്കുക. ആയുർവേദം, ഹോമിയോ പോലുള്ള അലോപ്പതിയിതര - സർക്കാർ അംഗീകൃത വൈദ്യശാസ്ത്രശാഖകൾ, ജൈവകൃഷി, പ്രകൃതി ജീവന രീതി തുടങ്ങിയവയെല്ലാം ഇവർക്ക് മന്ത്രവാദം പോലെ പ്രാകൃത സാധനങ്ങളാണ്. ന്യൂനപക്ഷങ്ങളെ ആക്രമിച്ച് ഹിന്ദുത്വഫാസിസ്റ്റുകൾക്ക് പ്രിയങ്കരമാകാൻ ശ്രമിക്കുന്ന പോലെ, ബദൽ ചികിത്സാ പദ്ധതികളേയും കാർഷിക രീതികളേയും ആക്രമിച്ച് ആരോഗ്യകച്ചവടക്കാരുടേയും രാസവള ഏജൻസികളുടേയും പ്രിയങ്കരരാകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആരോഗ്യമേഖലയിൽ ഇന്നു നടക്കുന്ന അതിക്രൂരമായ കച്ചവടത്തിനെതിരെ ഒരിക്കലും ഇവർ മിണ്ടിയതായി അറിയില്ല. 
മറുവശത്ത് തെങ്ങിന് ചാണകം വളമായിടുന്നതിനെ എതിർക്കുന്ന ഇവർ സാക്ഷാൽ എൻഡോസൾഫാന് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നു. ജൈവവളമുപയോഗിച്ച് വീടുകളിൽ കൃഷിചെയ്തുണ്ടാക്കുന്ന പച്ചക്കറികൾക്കെതിരെ പ്രചാരണം നടത്തി, വിഷരാസവസ്തുക്കളുപയോഗിച്ച് വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ പ്രചാരകാരാകുന്നു. മതമൗലികവാദികൾക്കെതിരെയാണ് തങ്ങളെന്നവകാശപ്പെടുന്നവർ അതിന്റെ മറുവശമായ യുക്തിവാദ മൗലിക വാദികളാകുന്നു. ഏതു മൗലികവാദികളേയും പോലെ സഹിഷ്ണുത എന്നതും ഇവരുടെ അജണ്ടയിലില്ല എന്നത് സംസ്ഥാനത്തെ പലരുമായും പല വിഷയത്തിലും സാക്ഷാൽ രവിചന്ദ്രൻ നടത്തുന്ന സംവാദങ്ങൾ തന്നെ വിളിച്ചു പറയുന്നു. ഏറെക്കുറെ സമാനമാണെങ്കിലും ജബ്ബാർ നേതൃത്വം നൽകുന്ന സ്വതന്ത്രചിന്തകരുടെ വിഭാഗം കുറച്ചുകൂടി യാഥാർത്ഥ്യബോധം കാണിക്കുന്നവരാണ്. സംവരണത്തിലും മറ്റും അവരെടുക്കുന്ന നിലപാടുകൾ നമ്മുടെ സാമൂഹ്യാവസ്ഥയോട് കുറെ കൂടി നീതി പുലർത്തുന്നവയാണെന്നു പറയാതെ വയ്യ.
കേരളത്തിലെ യുക്തിവാദികളുടെ പൊതുചരിത്രം ഏറെക്കുറെ ഇങ്ങനെയൊക്കെയാണെങ്കിലും സാമൂഹ്യചലനങ്ങൾക്കുമുന്നിൽ പൂർണമായും കണ്ണടച്ചവരായിരുന്നില്ല അവരാന്നും. കുറ്റിപ്പുഴയും ഇടമറുകും പവനനും എ.വി ജോസുമൊക്കെ അനാവശ്യമായി കമ്യൂണിസവും യുക്തിവാദവുമായുള്ള ബന്ധങ്ങൾ വിശദീകരിക്കാനുമായിരുന്നു കൂടുതൽ സമയം ചെലവഴിച്ചിരുന്നതെങ്കിലും മറ്റു സാമൂഹ്യപ്രശ്‌നങ്ങളോട് പൂർണമായും മുഖം തിരിച്ചിരുന്നവരായിരുന്നില്ല. അവരുടെ പിൻഗാമികളായ കലാനാഥനും വാകത്താനവും മറ്റും അങ്ങനെതന്നെ. എന്നാൽ രവിചന്ദ്രൻ പ്രതിനിധാനം ചെയ്യുന്ന ഇവരിലെ പുതിയ മുഖം സുന്ദരമല്ല, വികൃതമാണെന്നു തന്നെ പറയേണ്ടിവരും. ഏറ്റവും വലിയ പുരോഗമനത്തിന്റെ മുഖംമൂടിയണിഞ്ഞ ഇവർ നാടിനെ നയിക്കാൻ ശ്രമിക്കുന്നത് ഏറ്റവും പ്രാകൃതമായ അവസ്ഥയിലേക്കാണ്. തെളിവുകളല്ല, രാഷ്ട്രീയമാണ് നയിക്കേണ്ടതെന്ന് ഇവരെന്നാണാവോ മനസ്സിലാക്കുക? 

Latest News