കണ്ണൂർ- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാലാവസ്ഥ അനുകൂലമല്ലാത്ത സമയത്തും വിമാനങ്ങൾ ഇറക്കുന്നതിന് ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള പരിശോധന പൂർത്തിയായി. രണ്ടാമത്തെ റൺവേയിലാണ് ഇത് സ്ഥാപിക്കുന്നത്. എയർപോർട്ട് അതോറിറ്റി ഡപ്യൂട്ടി ജനറൽ മാനേജെർ ബി.ഡി.പാഠക്, എ.ജി.എം പങ്കജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കമ്യൂണിക്കേഷൻ നാവിഗേഷൻ ആന്റ് സർവൈലൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇവർ. സംഘത്തിന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ ഈ സംവിധാനം സ്ഥാപിക്കും.
കണ്ണൂർ വിമാനത്താവളത്തിലെ രണ്ടാം റൺവേയിൽ സ്ഥാപിക്കുന്ന ഉപകരണങ്ങൾ നോർവേയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. രണ്ട് കോടിയോളം രൂപ വിലവരുന്ന ഉപകരണങ്ങൾ ദൽഹി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ മൂലം വിമാനങ്ങൾ പലപ്പോഴും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിടേണ്ടി വരുന്നുണ്ട്. പുതിയ സംവിധാനം സ്ഥാപിക്കുന്നതിലൂടെ ഇത് ഒഴിവാക്കാനാവും. ഉപകരണങ്ങൾ എത്തിച്ച് 90 ദിവസത്തിനകം ഇവ സ്ഥാപിക്കാനാവും. പിന്നീട് കാലിബറേഷൻ വിമാനം എത്തിച്ച് സംവിധാനത്തിന്റെ കൃത്യത പരിശോധിക്കും.