Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഹജ് അപേക്ഷകരുടെ  എണ്ണത്തിൽ കുറവ്‌

കൊണ്ടോട്ടി- ഇന്ത്യയിൽ ഈ വർഷം ഹജ് അപേക്ഷകളിൽ ഗണ്യമായ കുറവ്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ അപേക്ഷാ സ്വീകരണം ഒരാഴ്ച പിന്നിട്ടപ്പോൾ ആകെ ലഭിച്ചത് എട്ടായിരത്തിൽ താഴെ അപേക്ഷകളാണ്. കേരളത്തിൽ സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഇന്നലെ വരെ ആകെ ലഭിച്ചത് 3146 അപേക്ഷകളാണ്. പൂർണമായും ഓൺലൈൻ വഴിയാണ് ഈ വർഷം ഹജ് അപേക്ഷകൾ സ്വീകരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഹജ് അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയത്.
കേരളത്തിലാണ് കൂടുതൽ പേർ ഇതിനകം അപേക്ഷ നൽകിയിട്ടുളളത്. ഗുജറാത്തിലും ഉത്തർപ്രദേശിലും രണ്ടായിരത്തോളം അപേക്ഷകളാണ് ആകെ ലഭിച്ചത്. നൂറിൽ താഴെ അപേക്ഷകൾ ലഭിച്ച സംസ്ഥാനങ്ങളുമുണ്ട്. ഹജ് അപേക്ഷകളിൽ 70 വയസ്സിന് മുകളിൽ പ്രായമുളളവരും സഹായിയും മാത്രമാണ് അപേക്ഷ നൽകി പാസ്‌പോർട്ട് സമർപ്പിക്കേണ്ടതുളളത്. ഹജ് അപേക്ഷാ സ്വീകരണം അടുത്ത മാസം 10നാണ് സമാപിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അപേക്ഷകൾ കുറയാൻ കാരണമെന്ന് കരുതുന്നു. അടുത്ത രണ്ടാഴ്ചക്കുളളിൽ കൂടുതൽ അപേക്ഷകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഹജ് കമ്മിറ്റി. കഴിഞ്ഞ വർഷം ആകെ 43,000 അപേക്ഷകളാണ് കേരളത്തിൽ ലഭിച്ചത്.

Latest News