പാലക്കാട് - ആദിവാസി വനിതാ നേതാവ് ഈശ്വരി രേശനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നിർബ്ബന്ധിച്ച് രാജിവെപ്പിച്ചതിനെച്ചൊല്ലി സി.പി.ഐയിൽ കലാപം പടരുന്നു. സി.പി.ഐ അനുകൂല സംഘടനയായ ആദിവാസി മഹാസഭയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ ഈശ്വരി രേശനെ അനുകൂലിക്കുന്ന ഒരു വിഭാഗം നേതാക്കൾ ഇന്നലെ അട്ടപ്പാടിയിൽ രഹസ്യയോഗം ചേർന്നു. വേണ്ടിവന്നാൽ പാർട്ടി അംഗത്വം രാജിവെക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. എന്നാൽ ഇക്കാര്യത്തിൽ ജില്ലാ കമ്മിറ്റിയുടെ തീരുമാനം തിരുത്താൻ സംസ്ഥാന നേതൃത്വം തയ്യാറാകുമോ എന്നത് കാത്തിരിക്കാനാണ് ധാരണയുണ്ടായത്. വനിതാ നേതാവിന് പിന്തുണയറിച്ച് എത്തിയവരിൽ ജനപ്രതിനിധികളും ഉൾപ്പെടുന്നു.
സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ചയാണ് ഈശ്വരി രേശൻ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റേയും സി.പി.ഐയിലെ ഒരു വിഭാഗത്തിന്റേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഈശ്വരി രേശൻ സ്ഥാനമൊഴിയണമെന്ന നിലപാടിലേക്ക് ജില്ലാ കമ്മിറ്റി എത്തിയത്. എന്നാൽ സി.പി.ഐ ജില്ലാ ഘടകത്തെ അടിമുടി ബാധിച്ച ചേരിപ്പോരിന്റെ ഇരയാണ് വനിതാ നേതാവ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. കെ.ഇ. ഇസ്മയിലിനോട് അടുപ്പം പുലർത്തുന്ന ആളാണ് അവർ. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനായ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്‌രാജിന്റെ പിടിവാശിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഇസ്മയിൽ പക്ഷം പറയുന്നു.
ഈ വിവാദം സി.പി.ഐക്ക് ഉണ്ടാക്കിയിട്ടുള്ള ക്ഷീണം ചെറുതല്ല. ആദിവാസികൾക്കിടയിൽനിന്ന് ഉയർന്നു വന്ന വനിതാ നേതാവിനെ ചേരിപ്പോരിന്റെ ഭാഗമായി വെട്ടിനിരത്തി എന്ന മട്ടിലാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നത്. അട്ടപ്പാടിയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് ഈശ്വരി രേശൻ. ഒരു തവണ ജില്ലാ പഞ്ചായത്തംഗമായും മൂന്നു തവണ ബ്ലോക്ക് പഞ്ചായത്തംഗമായും തെരഞ്ഞെടുക്കപ്പെട്ട അവർ രണ്ടു തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. പാർട്ടി ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്ന നിലയിലും ആദിവാസി മഹാസഭയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച നേതാവാണ്. തനിക്കെതിരേ പാർട്ടിക്കകത്ത് രണ്ടു വർഷമായി നടന്നു കൊണ്ടിരിക്കുന്ന ഗൂഢാലോചനയുടെ തുടർച്ചയായാണ് രാജിവെക്കേണ്ടി വന്നത് എന്ന് ഈശ്വരി രേശൻ പറയുന്നു.
ഈശ്വരി രേശനെ രാജിക്ക് നിർബ്ബന്ധിതയാക്കിയ രാഷ്ട്രീയ സാഹചര്യവും സി.പി.ഐയിൽ രൂക്ഷമായ തർക്കത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ പരാതിപ്രകാരം നടപടി എടുത്തത് പരിഹാസ്യമാണെന്നാണ് അവരെ അനുകൂലിക്കുന്നവർ പരസ്യമായി ചൂണ്ടിക്കാണിക്കുന്നത്.
ഇക്കാര്യത്തിൽ പരസ്യപ്രതികരണം പാടില്ലെന്ന് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടും അത് പാലിക്കപ്പെടുന്നില്ല. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി തുടരുമെന്നാണ് ഈശ്വരി രേശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരിക്കുന്നത്. അതേസമയം പാർട്ടിക്കകത്തെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കുന്നു.