റിയാദ്- സൗദിയിൽ നിയമാനുസൃതം ബിസിനസ്, നിക്ഷേപ മേഖലകളിൽ പ്രവർത്തിക്കുന്നതിന് വിദേശികൾക്ക് അവസരമൊരുക്കുന്ന, ഗ്രീൻ കാർഡിന് സമാനമായ സ്ഥിരം ഇഖാമ (പ്രീമിയം റെസിഡൻസി) തേടി ഓൺലൈൻ വഴി ആയിരക്കണക്കിന് അപേക്ഷകൾ ലഭിച്ചതായി പ്രീമിയം റെസിഡൻസി സെന്റർ സി.ഇ.ഒ ബന്ദർ അൽആയിദ് വെളിപ്പെടുത്തി.
ഡോക്ടർമാരും എൻജിനീയർമാരും നിക്ഷേപകരും സൗദിയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്നവരും അപേക്ഷകരുടെ കൂട്ടത്തിലുണ്ട്. 27 രാജ്യക്കാരിൽ നിന്ന് സ്ഥിരം ഇഖാമക്ക് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇവർ 50 രാജ്യങ്ങളിൽ കഴിയുന്നവരാണ്.
സൗദിയിൽ കുടുംബ സമേതം കഴിയുന്നവരും സ്ഥിരം ഇഖാമക്ക് അപേക്ഷകൾ നൽകിയിട്ടുണ്ട്. മറ്റു ചിലർ വിദേശങ്ങളിൽ കഴിയുന്നവരാണ്. ഇവർ സൗദിയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്നു. സ്ഥിരം ഇഖാമ നേടുന്നവർക്ക് സൗദി പൗരത്വത്തിന് അവകാശമുണ്ടായിരിക്കില്ല.
ഇതിനകം ലഭിച്ച അപേക്ഷകൾ പ്രീമിയം ഇഖാമ സെന്റർ സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കിവരികയാണ്. സ്പോൺസർ ഇല്ലാതെ തന്നെ സൗദിയിൽ ജോലി ചെയ്യുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിനും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിനും സ്ഥിരം ഇഖാമ ലഭിക്കുന്നവർക്ക് സാധിക്കും. ഇവർക്ക് സ്വദേശികളെ പോലെ യഥേഷ്ടം സൗദിയിൽ നിന്ന് പുറത്തു പോകുന്നതിനും തിരികെയെത്തുന്നതിനും കഴിയും. സ്ഥിരം ഇഖാമ ലഭിക്കുന്നവർ സൗദിയിൽ നിശ്ചിത കാലം നിർബന്ധമായും കഴിയണമെന്ന് വ്യവസ്ഥയില്ല. ബന്ധപ്പെട്ട വ്യവസ്ഥകൾ പൂർണമായ ആർക്കും സ്ഥിരം ഇഖാമക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. രാജ്യം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സൗദിയിൽ കഴിയുന്നവർക്കും വിദേശത്തു കഴിയുന്നവർക്കും സ്ഥിരം ഇഖാമ നേടുന്നതിന് അവസരമുണ്ട്.
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അധ്യക്ഷനായ, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ അംഗങ്ങളായ കമ്മിറ്റിയാണ് പ്രീമിയം റെസിഡൻസി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. വ്യവസ്ഥകൾ പൂർണമായ ആദ്യഘട്ട അപേക്ഷകളിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ സ്ഥിരം ഇഖാമ നൽകിത്തുടങ്ങും.
രണ്ടിനം സ്ഥിരം ഇഖാമകളാണ് വിദേശികൾക്ക് അനുവദിക്കുന്നത്. ആജീവനാന്ത കാലത്തേക്ക് ഒറ്റത്തവണ ഫീസ് അടക്കുന്ന സ്ഥിരം ഇഖാമയും വർഷാവർഷം ഫീസ് അടക്കേണ്ട പരിമിതമായ കാലത്തേക്കുള്ള പ്രീമിയം ഇഖാമയുമാണ് അനുവദിക്കുക. ആജീവനാന്ത കാലത്തേക്കുള്ള സ്ഥിരം ഇഖാമക്ക് ഒറ്റത്തവണയായി എട്ടു ലക്ഷം റിയാൽ (2,13,028 ഡോളർ) ആണ് ഫീസ് നൽകേണ്ടത്. ഒരു വർഷ കാലാവധിയുള്ള പ്രീമിയം ഇഖാമക്ക് ഒരു ലക്ഷം റിയാലാണ് (26,600 ഡോളർ) ഫീസ് നൽകേണ്ടത്. ഈ ഇഖാമ വർഷാവർഷം പുതുക്കുകയാണ് വേണ്ടത്. ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പ്രീമിയം ഇഖാമ ആവശ്യമുള്ളവർ മുൻകൂട്ടി ഫീസ് അടക്കുമ്പോൾ രണ്ടു ശതമാനം പ്രത്യേക ഇളവ് ലഭിക്കും. രാജ്യത്തിന് കൂടുതൽ സാമ്പത്തിക വളർച്ചയും പുരോഗതിയും കൈവരിക്കുന്നതിന് സഹായിക്കുന്ന നിലക്ക് സ്ഥിരം ഇഖാമ ഉടമകൾക്ക് ആകർഷമായ നിക്ഷേപ സാഹചര്യം ഒരുക്കും.
കുടുംബ സമേതം സൗദിയിൽ താമസം, ബന്ധുക്കൾക്ക് വിസിറ്റ് വിസ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസ, മക്കയും മദീനയും അതിർത്തി പ്രദേശങ്ങളും ഒഴികെയുള്ള പ്രദേശങ്ങളിൽ പാർപ്പിട, വ്യാപാര, വ്യവസായ ആവശ്യങ്ങൾക്ക് സ്വന്തം പേരിൽ റിയൽ എസ്റ്റേറ്റുകൾ വാങ്ങുന്നതിന് അനുമതി, മക്കയിലെയും മദീനയിലെയും റിയൽ എസ്റ്റേറ്റുകൾ 99 വർഷത്തിൽ കവിയാത്ത കാലത്തേക്ക് ലീസിനെടുക്കുന്നതിനുള്ള അനുമതി, സ്വന്തം പേരിൽ വാഹനങ്ങൾ വാങ്ങുന്നതിനുള്ള അനുമതി, സ്വകാര്യ മേഖലയിൽ ഇഷ്ടാനുസരണം ജോലിയിൽ പ്രവേശിക്കുന്നതിനും തൊഴിൽ മാറുന്നതിനുമുള്ള അനുമതി, സ്വകാര്യ മേഖലയിൽ ഇഷ്ടാനുസരണം ജോലിയിൽ പ്രവേശിക്കുന്നതിനും തൊഴിൽ മാറുന്നതിനും ആശ്രിതർക്ക് അനുമതി, സൗദിയിൽ നിന്ന് പുറത്തേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിൽ സൗദികൾക്കുള്ള കൗണ്ടറുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി, വിദേശ നിക്ഷേപ നിയമം അനുസരിച്ച് സൗദിയിൽ ബിസിനസ് ചെയ്യുന്നതിന് അനുമതി എന്നിവ സ്ഥിരം ഇഖാമ ഉടമകൾക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളാണ്. പൂർണമായും സൗദിവൽക്കരിച്ച തൊഴിലുകളിൽ സ്ഥിരം ഇഖാമ ഉടമകൾക്കും ആശ്രിതർക്കും വിലക്കുണ്ടാകും.
സ്ഥിരം ഇഖാമക്ക് അപേക്ഷിക്കുന്നവർ കാലാവധിയുള്ള പാസ്പോർട്ട് സമർപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. അപേക്ഷകരുടെ പ്രായം 21 ൽ കുറവാകാൻ പാടില്ല. അപേക്ഷകർ മുമ്പ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാകാനും പാടില്ല. മതിയായ സാമ്പത്തിക ശേഷിയുള്ളത് വ്യക്തമാക്കുന്ന രേഖകളും അപേക്ഷകർ സമർപ്പിക്കണം. പകർച്ചവ്യാധികളിൽ നിന്ന് മുക്തരാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കണം. സൗദി അറേബ്യക്കകത്തു താമസിക്കുന്നവരാണ് അപേക്ഷകരെങ്കിൽ അവർക്ക് നിയമാനുസൃത ഇഖാമയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്ന് ബന്ദർ അൽ ആയിദ് പറഞ്ഞു.
ദീർഘകാലമായി സൗദിയിൽ കഴിയുന്ന ആയിരക്കണക്കിന് അറബ് സമ്പന്നർ അടക്കമുള്ളവർക്ക് സ്ഥിരം ഇഖാമാ നിയമത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. നിക്ഷേപകർക്കു പുറമെ പ്രഗത്ഭരായ ഡോക്ടർമാരെയും എൻജിനീയർമാരെയും ശാസ്ത്രജ്ഞരെയും മറ്റും രാജ്യത്തേക്ക് ആകർഷിക്കുന്നതിനും നിയമം സഹായകമാകും. പുതിയ പദ്ധതികൾ വഴി ദേശീയ സമ്പദ്വ്യവസ്ഥക്ക് കരുത്തു പകരുന്നതിന് ഇവർക്ക് അവസരമൊരുക്കും.
സ്പോൺസർഷിപ്പ് നിയമത്തിൽ നിന്ന് പ്രീമിയം ഇഖാമ ഗുണഭോക്താക്കളെ ഒഴിവാക്കും. സ്ഥിരം ഇഖാമ ഉടമക്കൊപ്പം സൗദിയിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് ആശ്രിത ലെവിയും ബാധകമല്ല. സ്ഥിരം ഇഖാമ ഉടമകൾക്കും ലെവി ബാധകമല്ല. സ്ഥിരം ഇഖാമ ഉടമകൾക്കും ആശ്രിതർക്കും പ്രത്യേക നികുതിയുമില്ല. എന്നാൽ രാജ്യത്ത് നിലവിലുള്ള നികുതി നിയമം ഇവർക്കും ബാധകമായിരിക്കും.
saprc.gov.sa എന്ന പോർട്ടൽ വഴിയാണ് സ്ഥിരം ഇഖാമക്ക് അപേക്ഷകൾ സ്വീകരിക്കുന്നത്. സ്ഥിരം ഇഖാമക്ക് ആവശ്യമായ മുഴുവൻ രേഖകളും സമർപ്പിക്കുന്നതിനും പ്രീമിയം ഇഖാമക്ക് ആവശ്യമായ ഫീസ് ഓൺലൈൻ വഴി അടക്കുന്നതിനും പോർട്ടലിൽ അവസരമൊരുക്കിയിട്ടുണ്ട്. സ്ഥിരം ഇഖാമ നിയമത്തെ കുറിച്ചും പ്രീമിയം റെസിഡൻസി സെന്ററിനെ കുറിച്ചുമുള്ള വിവരങ്ങളും പോർട്ടലിലുണ്ട്.






