ജിദ്ദ - വിദേശ വനിത ഓടിച്ച കാർ ഫലസ്തീൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹ്യൂണ്ടായ് കാറാണ് റെസ്റ്റോറന്റിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ തൊഴിലാളിക്ക് നിസാര പരിക്കേറ്റു. ഇയാളെ സ്ഥലത്തുണ്ടായിരുന്ന സൗദി പൗരൻ ആശുപത്രിയിലേക്ക് നീക്കി.
തൊഴിലാളികളും ഉപയോക്താക്കളുമുള്ള നേരത്താണ് സ്ഥാപനത്തിലേക്ക് കാർ പാഞ്ഞുകയറിയത്.
നിയന്ത്രണം വിട്ട കാർ റെസ്റ്റോറന്റിലേക്ക് പാഞ്ഞുവരുന്നത് കണ്ട് ഡോറിൽ നിൽക്കുകയായിരുന്ന തൊഴിലാളി ഓടിമാറിയത് ആളപായം ഒഴിവാക്കുന്നതിന് സഹായിച്ചു. മുൻ വശത്തെ ചില്ല് തകർത്ത് സ്ഥാപനത്തിനകത്താണ് കാർ നിന്നത്. അപകടം നടന്ന് നിമിഷ നേരത്തിനകം തൊഴിലാളികളിൽ ഒരാൾ ഗ്യാസ് സിലണ്ടറുകൾ അടച്ചത് വൻദുരന്ത സാധ്യത ഒഴിവാക്കുന്നതിനും സഹായിച്ചു. നിയന്ത്രണം വിട്ട കാർ റെസ്റ്റോറന്റിലേക്ക് പാഞ്ഞുകയറുന്നതിന്റെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചിട്ടുണ്ട്. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ വകുപ്പുകളും ട്രാഫിക് പോലീസും അപകടത്തിൽ മേൽനടപടികൾ സ്വീകരിച്ചു.






