Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ രാഷ്ട്രീയക്കളിക്ക് തിരിച്ചടി; ഗർഭിണിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കൊൽക്കത്ത- പശ്ചിമബംഗാളിൽ എട്ടു മാസം ഗർഭിണിയായ യുവതിയെയും മകനെയും ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടി. ബി.ജെ.പിയുടെ നേതൃത്വത്തിൽ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഉപയോഗിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. പണം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചു. ഇക്കഴിഞ്ഞ എട്ടിനാണ് ബംഗാളിലെ ജിയാഗഞ്ചിൽ മൂന്നംഗ കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മൂവരെയും അഞ്ചു മിനിറ്റ് കൊണ്ടാണ് പ്രതി കൊലപ്പെടുത്തിയത്. ബന്ധുപ്രകാശ് പാൽ, ഭാര്യ ബ്യൂട്ടി, ആറുവയസുള്ള മകൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ആർ.എസ്.എസ് പ്രവർത്തകനായിരുന്നു ബന്ധുപ്രകാശ് പാൽ. അതിനാൽ കേസിൽ ബി.ജെ.പി രാഷ്ട്രീയം ആരോപിച്ച് മമത ബാനർജിക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. 
കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്പാൽ ബെഹാറ എന്നയാളെയാണ് പിടികൂടിയത്. പ്രകാശ് പാലിന്റെ അതേ നഗരത്തിൽ തന്നെയാണ് പ്രതിയായ ബെഹാറയും ജീവിച്ചിരുന്നത്. കഴിഞ്ഞവർഷം ബെഹാറക്ക് പ്രകാശ് പാൽ ഇൻഷുറൻസ് സ്‌കീം നൽകിയിരുന്നു. എന്നാൽ പിന്നീട് ബെഹാറ ഇതിന്റെ പണം തിരികെ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വഴക്കുണ്ടായി. ഇതേ തുടർന്നാണ് പ്രകാശ് പാലിനെ കൊലപ്പെടുത്താൽ ബെഹാറ പദ്ധതി തയ്യാറാക്കിയത്. ഒക്ടോബർ എട്ടിന് ഉച്ചക്ക് 12.06നും 12.11നും ഇടയിലാണ് മൂന്നു കൊലപാതകങ്ങളും നടന്നത്. പ്രകാശ് പാലിനെയാണ് ആദ്യം കൊലപ്പെടുത്തിയത്. പ്രകാശ് പാലിന്റെ ഭാര്യയും മകനും തന്നെ തിരിച്ചറിയുമെന്ന് ഭയപ്പെട്ടതിനെ തുടർന്ന് അവരെയും അടുത്ത നിമിഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ എൻ. മുകേഷ് കുമാർ വ്യക്തമാക്കി. 
വടിവാളുമായി എത്തിയ ബെഹാറ ആദ്യം പ്രകാശ് പാലിനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഭാര്യ ബ്യൂട്ടിയെയും മകൻ ആര്യയെയും കൊലപ്പെടുത്തി. ഒരാൾ ഈ വീട്ടിൽനിന്ന് ഓടിപ്പോകുന്നത് പാൽ വിതരണക്കാരൻ കണ്ടതാണ് കേസിന് തുമ്പായത്. ബിജെ.പി ഈ കൊലപാതകത്തിൽ തുടക്കത്തിൽ തന്നെ രാഷ്ട്രീയം കലർത്തി നേട്ടത്തിനായി ഉപയോഗിച്ചിരുന്നു. രാഷ്ട്രീയമില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നെങ്കിലും ബി.ജെ.പി അംഗീകരിച്ചില്ല. അതേസമയം, പോലീസിന്റെ വാദം വിശ്വസനീയമല്ലെന്ന നിലപാടിലാണ് ബി.ജെ.പി ഇപ്പോഴും. കേന്ദ്ര ഏജൻസിയുടെ അന്വേഷണം ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.
 

Latest News