Sorry, you need to enable JavaScript to visit this website.

യു.എസ് ഉപരോധം വകവെക്കാതെ തുർക്കി;  രക്ഷാസമിതി യോഗം ഇന്ന്

  • തുർക്കി ആക്രമണം ശക്തമാക്കി, മൻബിജിൽ സ്ഥിതി രൂക്ഷം

യുനൈറ്റഡ് നാഷൻസ്- വടക്കൻ സിറിയയിലെ തുർക്കി ആക്രമണം രൂക്ഷമായതിനിടെ വിഷയം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി ഇന്ന് യോഗം ചേരും. തുർക്കിക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ ഫോണിൽ വിളിച്ച് ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കാനും ട്രംപ് ആവശ്യപ്പെട്ടു. 
വടക്കൻ സിറിയയിലെ കുർദ് കേന്ദ്രങ്ങളിൽ നടത്തുന്ന ശക്തമായ ആക്രമണങ്ങളിൽ നിന്ന് തരിമ്പും പിന്നോട്ടു പോകാൻ തുർക്കി തയാറായിട്ടില്ല. പതിനഞ്ചംഗ രക്ഷാസമിതിയിൽ അംഗത്വമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ അഭ്യർഥന പ്രകാരമാണ് രക്ഷാസമിതി യോഗം ചേരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഇതേ വിഷയത്തിൽ ചേർന്ന രക്ഷാസമിതി യോഗത്തിൽ അംഗങ്ങൾക്ക് ഏകാഭിപ്രായമുണ്ടായിരുന്നില്ല. അംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങൾ മാത്രം, സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന പ്രസ്താവനയിറക്കി പിരിയുകയായിരുന്നു. അടുത്ത ദിവസം അമേരിക്ക ആക്രമണം അവസാനിപ്പിക്കണമെന്ന പ്രമേയം കൊണ്ടുവന്നെങ്കിലും റഷ്യയും ചൈനയും തള്ളുകയും ചെയ്തു.
ഇത്തവണയും വിഷയത്തിൽ അഭിപ്രായ സമന്വയം ഉണ്ടാകാൻ സാധ്യതയില്ലെന്ന് നയതന്ത്ര വൃത്തങ്ങൾ പറയുന്നു. ഏകാഭിപ്രായമുണ്ടാകുന്നതിന് റഷ്യ അനുവദിക്കില്ലെന്നാണ് സൂചന. യൂറോപ്യൻ രാജ്യങ്ങൾ മാത്രം വീണ്ടും പ്രസ്താവനയിറക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നും അവർ പറഞ്ഞു. ഇക്കാര്യത്തിൽ രക്ഷാസമിതിയിൽ റഷ്യ കൂടുതൽ ഒറ്റപ്പെടുകയാണ്. 2011 ൽ സിറിയൻ യുദ്ധം ആരംഭിച്ച ശേഷം സ്ഥിരാംഗമെന്ന നിലയിൽ 13 തവണയാണ് റഷ്യ വീറ്റോ അധികാരം ഉപയോഗിച്ചത്. 
നാറ്റോ സഖ്യകക്ഷിയെന്ന നിലയിൽ തുർക്കിക്കുള്ള പ്രാധാന്യം അംഗീകരിക്കുന്നുവെങ്കിലും സിറിയയിലെ സൈനിക നടപടി അവസാനിപ്പിക്കാൻ അവർ തയാറാകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടൻബർഗും ആവശ്യപ്പെട്ടു. സിറിയയിലെ സ്ഥിതിഗതികളിൽ അവർ ആശങ്ക രേഖപ്പെടുത്തി. സിറിയൻ സംഘർഷത്തിനിടെ അഭയാർഥികളെ പിന്തുണക്കുന്നതിൽ അഭിനന്ദനീയ പങ്ക് വഹിച്ച രാജ്യമാണ് തുർക്കിയെങ്കിലും ഇപ്പോഴത്തെ സൈനികാക്രമണം നിർത്തിയേ മതിയാകൂ എന്ന് അവർ പറഞ്ഞു. 
അതേസമയം, ട്രംപിന്റെ ഉപരോധ ഭീഷണി വകവെക്കാതെ തുർക്കി ആക്രമണം തുടരുക തന്നെയാണ്. വിവിധ യൂറോപ്യൻ രാജ്യങ്ങളും ഭാഗികമായ ഉപരോധ നീക്കങ്ങൾ നടത്തുന്നുണ്ട്. റഷ്യൻ പിന്തുണയോടെ സിറിയൻ സൈന്യം മുന്നോട്ടു കുതിക്കുന്ന മൻബിജ് പട്ടണത്തിൽ സ്ഥിതിഗതി രൂക്ഷമാണെന്നാണ് റിപ്പോർട്ട്.
തുർക്കിയും യു.എസ് സേനയും നേരത്തെ സംയുക്ത പട്രോളിംഗ് നടത്തിയ മൻബിജിൽ നിന്ന് യു.എസ് സൈന്യം പിൻവാങ്ങിയതോടെയാണ് കുർദുകളെ സഹായിക്കാൻ സിറിയൻ സേന എത്തിയിരിക്കുന്നത്. നഗരപ്രാന്തത്തിലെ ചില കെട്ടിടങ്ങളിൽ റഷ്യയുടേയും സിറിയയുടേയും പതാകകൾ പാറുന്നത് കണ്ടതായി സിറിയൻ സൈന്യത്തോടൊപ്പമുള്ള റോയിട്ടേഴ്‌സ് ലേഖകൻ റിപ്പോർട്ട് ചെയ്തു. 
ഒരാഴ്ചയോളം കാത്തുനിന്ന ശേഷം ഇന്നലെ ട്രംപ് ഒരുകൂട്ടം ഉപരോധ നടപടികളാണ് പ്രഖ്യാപിച്ചത്. ഉരുക്കുവില കൂട്ടാനും വ്യാപാര ചർച്ചകൾ അവസാനിപ്പിക്കാനും വിവിധ മന്ത്രാലയങ്ങളെ ഉപരോധ പട്ടികയിൽ പെടുത്താനുമാണ് ട്രംപിന്റെ തീരുമാനം. തുർക്കി വഴങ്ങുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ ഉപരോധ നടപടികൾ പ്രഖ്യാപിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ഇത് പേരിനു വേണ്ടിയുള്ള ഉപരോധമാണെന്നും കാര്യമായ ഫലമുളവാക്കില്ലെന്നും ട്രംപ് വിമർശകർ ചൂണ്ടിക്കാട്ടി. കടുത്ത യു.എസ് ഉപരോധം വരുമെന്ന ഭീതിയിൽ തുർക്കിഷ് ലിറയുടെ മൂല്യം ആദ്യമിടിഞ്ഞെങ്കിലും പ്രഖ്യാപനം വന്നതോടെ വീണ്ടും ശക്തി പ്രാപിച്ചു. 

 

Latest News