ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി

ഇറ്റാനഗര്‍- അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി വനിതാ ഡോക്ടര്‍ രംഗത്തെത്തി. മുഖ്യമന്ത്രി പേമ ഖണ്ഡുവുമായും കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവുമായും ഏറെ അടുപ്പമുള്ള ഗുരക് പോര്‍ദോങ് എംഎല്‍എക്കെതിരെയാണ് പരാതി. തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ മൂന്നു ദിവസം മുമ്പു നടന്നസംഭവം പുറത്ത് പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് എംഎല്‍എ ഭീഷണിപ്പെടത്തിയതായും അവര്‍ പറയുന്നു. ആരോപണത്തെ തുടര്‍ന്ന് ഗുരുക് പോര്‍ദുങിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വനിതാ ഡോക്ടര്‍ ഹോട്ടലിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഉഭയസമ്മത പ്രകാരമാണ് സെക്‌സിലേര്‍പ്പെട്ടതെന്നും കാണിച്ച് എംഎല്‍എ എതിര്‍പരാതിയും നല്‍കിയിരിക്കുകയാണ്.

ബെമാംഗിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എംഎല്‍എ വനിതാ ഡോക്ടറെ ഹോട്ടല്‍ മുറിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പരാതി. എന്നാല്‍ മുറിയില്‍ കടന്നയുടന്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഡോക്ടര്‍ ആരോപിച്ചു. സംഭവം പുറത്തു പറയില്ലെന്നു ഭീഷണിപ്പെടുത്തിയാണ് മുറിക്കു പുറത്തേക്കു വിട്ടതെന്നും അവര്‍ പറയുന്നു.

തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഈ പരാതിക്കു പിന്നിലെന്ന് എംഎല്‍എ പറയുന്നു. തന്നോട് അടുപ്പമുള്ള ഒരാളുടെ ഭാര്യയായ വനിതാ ഡോക്ടറാണ് നേരത്തെ ഒരു സംഭാഷണത്തിനിടെ തന്നെ മയക്കിയതെന്നും എംഎല്‍എ പറയുന്നു. കേസില്‍ പ്രാഥമികാന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. എംഎല്‍എയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
 

Latest News