Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ വിദേശികള്‍ നടത്തിയിരുന്ന മൂന്ന് ജ്വല്ലറികള്‍ അടപ്പിച്ചു

ജിദ്ദ- നിയമം ലംഘിച്ച് ജിദ്ദയില്‍ വിദേശികള്‍ നടത്തിയിരുന്ന മൂന്ന് ജ്വല്ലറികള്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം അടപ്പിച്ചു. നിയമാനുസൃത ലൈസന്‍സ് ലഭിക്കാത്ത ജ്വല്ലറികള്‍ വിദേശികള്‍ ബിനാമിയായി സ്വന്തം നിലക്ക് നടത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്.

അറബ് വംശജരാണ് ബിനാമിയായി ജ്വല്ലറികള്‍ നടത്തിയിരുന്നത്. വന്‍ ആഭരണ ശേഖരം ജ്വല്ലറികളില്‍ നിന്ന് മന്ത്രാലയം പിടികൂടി. നിശ്ചിത കാരറ്റുള്ള ആഭരണങ്ങളാണെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനക്കായി ആഭരണങ്ങളുടെ സാമ്പിളുകള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. ബിനാമി വിരുദ്ധ നിയമവും അമൂല്യ ലോഹ നിയമവും അനുസരിച്ച ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമ ലംഘകര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുന്നോടിയായി വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.

ആഭരണങ്ങളുടെ തൂക്കത്തിലോ കാരറ്റിലോ ആഭരണങ്ങളില്‍ പതിക്കുന്ന കല്ലുകളിലോ കൃത്രിമങ്ങളും തട്ടിപ്പുകളും നടത്തുന്നവര്‍ക്ക് രണ്ടു വര്‍ഷത്തില്‍ കൂടാത്ത തടവും നാലു ലക്ഷം റിയാലില്‍ കവിയാത്ത പിഴയും ശിക്ഷ നല്‍കുന്നതിന് നിയമം അനുശാസിക്കുന്നുണ്ട്. ആഭരണ, സ്വര്‍ണ ഇടപാടുകളുമായി ബന്ധപ്പെട്ട ഇന്‍വോയ്‌സുകളില്‍ ലൈസന്‍സ് നമ്പറും വില്‍പന തീയതിയും തൂക്കവും വിലയും ആഭരണത്തിന്റെ സമഗ്ര വിശേഷണവും രേഖപ്പെടുത്തല്‍ നിര്‍ബന്ധമാണ്. ആഭരണങ്ങളില്‍ കാരറ്റും നിര്‍മാതാവിന്റെയോ ഇറക്കുമതിക്കാരന്റെയോ ട്രേഡ് മാര്‍ക്കും മുദ്രണം ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.

ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുക്കുന്ന സൗദികള്‍ക്കും ഒരുപോലെ ശിക്ഷ ലഭിക്കും.

 

Latest News