ഗള്‍ഫ് യാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന ഏഴംഗ സംഘം അറസ്റ്റില്‍

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ രണ്ടര കിലോ സ്വര്‍ണവുമായി എത്തിയ യാത്രക്കാരനെ കാറില്‍ സഞ്ചരിക്കവേ ആക്രമിച്ച് കവര്‍ച്ച ചെയ്ത ഏഴംഗ സംഘത്തെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായ് ചക്കുംകടവ് മുസ്തഫ (36), നല്ലളം കൊളത്തറ എരഞ്ഞിക്കല്‍ റംഷിഹാദ് (36), കല്ലായ് കെ.പി ഷൗക്കത്തലി (35), പയ്യാനക്കല്‍ എ.ടി ഫാസിര്‍ (33), മലയമ്മ തടത്തുമ്മല്‍ ഇര്‍ഷാദ് (31), തിരുവമ്പാടി കോട്ടയില്‍ മുഹമ്മദ് ബഷീര്‍ (41), ചക്കുംകടവ് പളളിപ്പറമ്പില്‍ നൗഷാദ് (47) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. തിരുവമ്പാടി സ്വദേശിയായ യാത്രക്കാരന്‍ ദുബായില്‍ നിന്ന് കരിപ്പൂരിലെത്തി നാട്ടിലേക്ക് മടങ്ങുന്നതിനിടെ കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് മുണ്ടക്കുളത്ത് വെച്ച് കാറിലും ബൈക്കിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരന്‍ കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കി. പണം അപഹരിച്ചുവെന്നായിരുന്നു പരാതിയെങ്കിലും അന്വേഷണത്തിലാണ് സ്വര്‍ണക്കടത്താണെന്ന് ബോധ്യമായത്.
സ്വര്‍ണം മിശ്രിത രൂപത്തിലാക്കി അരയില്‍ കെട്ടിവെച്ച് എത്തിയ യാത്രക്കാരന്‍ കസ്റ്റംസിന്റെ കണ്ണു വെട്ടിച്ചാണ് പുറത്ത് കടന്നിരുന്നത്. ഇത് മണത്തറിഞ്ഞ പ്രതികളിലൊരാളായ ബഷീര്‍ ഇയാളെ സ്വീകരിക്കാന്‍ ബന്ധുക്കളോടൊപ്പം കാര്‍ ഡ്രൈവറായി എത്തിയിരുന്നു. ബഷീര്‍ മറ്റൊരു പ്രതികളിലൊരാളായ ഇര്‍ഷാദിനെ വിവരമറിയിച്ചതോടെയാണ് ആക്രമണത്തിന് കളമൊരുക്കുന്നത്. തുടര്‍ന്ന് യാത്രക്കാരന്‍ സഞ്ചരിച്ച കാറിനെ മറ്റൊരു കാറിലും ബൈക്കിലും പിന്തുടര്‍ന്ന് സംഘം മുണ്ടക്കുളത്ത് വെച്ച് ആക്രമിച്ച് സ്വര്‍ണം കവരുകയായിരുന്നു. ആക്രമണത്തില്‍ ബഷീറിനും പരിക്കേറ്റിരുന്നു. ബഷീര്‍ സംഘത്തില്‍ പെട്ടയാളാണെന്ന് യാത്രക്കരനടക്കം പിന്നീടാണ് ബോധ്യമായത്.

 

Latest News