Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് ഹിന്ദുസ്ഥാനെ പിറകില്‍നിന്ന് കുത്തുന്നു; വികാരം കത്തിച്ച് മോഡി


നമ്മുടെ ജലവിഹിതം ഇനി പാക്കിസ്ഥാനിലേക്ക് ഒഴുകില്ല- മോഡി


ചാര്‍ഖി ദാദ്രി- പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളില്‍നിന്നുള്ള നമ്മുടെ ജലവിഹിതം ഇന്ത്യയില്‍തന്നെ വിനിയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.  ഓരോ തുള്ളി വെള്ളവും രാജ്യത്തെ കര്‍ഷകര്‍ക്കുതന്നെ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ചാര്‍ഖി ദാദ്രിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യക്ക് അവകാശപ്പെട്ട നദീജലം  പാക്കിസ്ഥാനിലേക്ക് ഒഴുകുകയാണ്. ഇനിയും ഇത് സംഭവിക്കില്ല. ഹരിയാനയിലെ കര്‍ഷകരുടെ ജലമാണ് ഇങ്ങനെ പാകിസ്ഥാനിലേക്ക് ഒഴുകുന്നത്. മോഡി അത് അവസാനിപ്പിച്ച് നിങ്ങളുടെ വീട്ടിലെത്തിക്കും- അദ്ദേഹം പറഞ്ഞു.
ഹരിയാനയിലേയും രാജസ്ഥാനിലേയും മാത്രമല്ല രാജ്യത്തെ കര്‍ഷകരുടേതാണ് ഈ ജലം. ഇത് മനസ്സിലാക്കി ക്കൊണ്ടുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടി മോഡി പൊരുതും. ഞാന്‍ അതിനു പ്രതിജ്ഞാബദ്ധനാണ് - പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടയനുടെ അനുഛേദം റദ്ദാക്കിയതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനേയും പ്രതിപക്ഷ പാര്‍ട്ടികളേയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ലോകമെമ്പാടും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. എന്നെ അധിക്ഷേപിക്കാനും അസഭ്യം പറയാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വേണമെങ്കില്‍ ബാങ്കോക്ക്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്ന് അസഭ്യം ഇറക്കുമതി ചെയ്യുകയുമാകാം. പക്ഷേ അവര്‍ ഹിന്ദുസ്ഥാനെ പിറകില്‍നിന്ന് കുത്തുന്നത് അവസാനിപ്പിക്കണം- പ്രധാനമന്ത്രി പറഞ്ഞു.  
അധികാരത്തിലേറിയാല്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ മോഡി കോണ്‍ഗ്രസിനേയും പ്രതിപക്ഷ പാര്‍ട്ടികളേയും വെല്ലുവിളിച്ചു. ഇതിനുള്ള ധൈര്യമെങ്കിലും അവര്‍ കാണിക്കണം.
ചുമരെഴുത്ത് വ്യക്തമാണെന്നും ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മോഡി പറഞ്ഞു.  ഇത്തവണ ഇരട്ട ദീപാവലിയായിരിക്കും. ഒന്ന്, ഒരു ദിയ (മണ്‍വിളക്ക് )ദീപാവലി, മറ്റൊന്ന് കമല്‍(താമര) ദീപാവലി. ഈ ദീപാവലി നമ്മുടെ പെണ്‍മക്കള്‍ക്കായി സമര്‍പ്പിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ഗ്രാമങ്ങള്‍ മുന്നോട്ട് വന്നിരുന്നില്ലെങ്കില്‍  ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ഇത്രമാത്രം പുരോഗതി കൈവരിക്കില്ലായിരുന്നു. ചെന്നൈ മഹാബലിപുരത്ത് നടന്ന അനൗപചാരിക ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ദംഗല്‍ സിനിമയെ പ്രകീര്‍ത്തിച്ചുവെന്നും  അപ്പോള്‍ തനിക്ക് ഹരിയാനയെ കുറിച്ച്  അഭിമാനം തോന്നിയെന്നും പ്രധാനമന്ത്രി  പറഞ്ഞു.
കോണ്‍ഗ്രസ് ഭരണകാലത്ത് ഹരിയാന അഴിമതിയുടെ കേന്ദ്രമായിരുന്നുവെന്ന് മോഡി ആരോപിച്ചു. ഹരിയാനയിലെ കര്‍ഷകരെ മുഴുവന്‍ ചൂഷണം ചെയ്താണ് കോണ്‍ഗ്രസുകാര്‍ ദല്‍ഹിയില്‍ തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ അസ്വസ്ഥരാകുന്നതിന്റെ കാരണം ഇതാണെന്നും മോഡി പറഞ്ഞു.
പാക്കിസ്ഥാനിലുള്ള സിക്കുകാരുടെ മത കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി പദ്ധതി പഞ്ചാബില്‍ പൂര്‍ത്തിയാക്കുമെന്നും ഏഴു പതിറ്റാണ്ട് മുമ്പുണ്ടായ രാഷ്ട്രീയവും തന്ത്രപരവുമായ തെറ്റുകള്‍ തിരുത്തുന്നതിന് അവസരം ലഭിച്ചതില്‍  ഞാന്‍ ഭാഗ്യവാനാണെന്നും കുരുക്ഷേത്രയില്‍ നടന്ന മറ്റൊരു റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ആദ്യത്തെ റാഫേല്‍ യുദ്ധവിമാനം ലഭിച്ചപ്പോള്‍ രാജ്യം മുഴുവന്‍ ആഹ്ലാദിച്ചപ്പോള്‍  കോണ്‍ഗ്രസിന് അതില്‍ സന്തോഷമില്ലെന്നും മോഡി പറഞ്ഞു.

 

Latest News