ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സംഘാടന മാതൃകയിൽ നിന്ന് മലബാറിന് ഒട്ടേറെ കാര്യങ്ങൾ ഉൾകൊള്ളാനുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ടീമുകൾ പങ്കെടുക്കുന്ന മൽസരം ആവേശത്തിന്റെ ഓളങ്ങൾ തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംവർഷങ്ങളിൽ ഐ.പി.എൽ മാതൃകയിൽ ടീമുകൾ ഫ്രാഞ്ചൈസി രീതിയിലേക്ക് വളരുകയും അത് വ്യാപാര ടൂറിസം മേഖലക്ക് ഉണർവേകുകയും പുതിയ നിക്ഷേപ സാധ്യതകൾ തുറക്കുകയും ചെയ്യും.
കേരളം പുതിയൊരു കായിക മാമാങ്കത്തിന് കാതോർത്തു നിൽക്കുകയാണ്. ചാമ്പ്യൻസ് ബോട്ട് ലീഗ് എന്ന പേരിൽ ഇന്ത്യയിലാദ്യമായി ചുണ്ടൻവള്ളങ്ങളുടെ മെഗാ മൽസരത്തിന് അരങ്ങൊരുങ്ങുന്നു. ഐ.പി.എൽ ക്രിക്കറ്റ് മാതൃകയിൽ ഏറെ ആഘോഷാരവങ്ങളോടെയാണ് സംസ്ഥാന ടൂറിസം വകുപ്പ് ഈ കായിക മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നത്. കേരളത്തിന്റെ തനത് കായിക വിനോദങ്ങളിലൊന്നാണ് വള്ളം കളി. കാഴ്ചയുടെ വിരുന്നൊരുക്കുന്ന, വാശിയുടെ ആർപ്പോ വിളികളുയർത്തുന്ന ഈ മൽസരത്തിന് കേരളത്തിലാകമാനം പുതിയ ഉണർവ്വേകാനും കേരളത്തിലെ ടൂറിസം വളർച്ചയിൽ വലിയ പങ്കുവഹിക്കാനും കഴിയുമെന്നാണ് ടൂറിസം വകുപ്പ് പ്രത്യാശിക്കുന്നത്.
ബോട്ട് ലീഗുമായി മലബാറിനുള്ള ബന്ധം പ്രാഥമിക മൽസരങ്ങൾക്ക് വേദിയാകുന്നതിൽ മലബാറിലെ പഴയ തുറമുഖ നഗരമായ പൊന്നാനിയും ഉണ്ടെന്നതാണ്. വള്ളംകളി മലബാറിന്റെ കളിയല്ല. ആലപ്പുഴ, കോട്ടയം പോലുള്ള തെക്കൻ ജില്ലകളിൽ ഏറെ ആരാധകരും ആസ്വാദകരുമുള്ള വിനോദമാണിത്. മലബാറിലെ ജനങ്ങൾക്ക് ഇപ്പോഴും വള്ളംകളിയുടെ അക്ഷരമാല ഏറെയൊന്നും അറിയില്ല. ഇതിന് പാരിസ്ഥിതികവും ചരിത്രപരവുമായ കാരണങ്ങളുണ്ടാകാം. മലബാറിൽ വിശാലമായ കായലുകൾ കുറവാണ്. കേരളത്തിലെ അറിയപ്പെടുന്ന കായലുകളെല്ലാം തെക്കൻ ജില്ലകളിലാണ്. അവരുടെ ജീവിതവും സംസ്‌കാരവുമായും കായലുകൾക്കും വള്ളങ്ങൾക്കും ഏറെ ബന്ധവുമുണ്ട്. മലബാറിൽ ഏറെയും പുഴകളാണ്. പുഴയിൽ കളിക്കാൻ പറ്റുന്ന വിനോദമല്ല വള്ളംകളി. മലബാറിലുള്ള ചെറിയ കായലുകളിലാകട്ടെ വലിയ മൽസരങ്ങൾ നടത്താനുള്ള സൗകര്യവുമില്ല.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സംഘാടന മാതൃകയിൽ നിന്ന് മലബാറിന് ഒട്ടേറെ കാര്യങ്ങൾ ഉൾകൊള്ളാനുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ടീമുകൾ പങ്കെടുക്കുന്ന മൽസരം ആവേശത്തിന്റെ ഓളങ്ങൾ തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിൽ ഐ.പി.എൽ മാതൃകയിൽ ടീമുകൾ ഫ്രാഞ്ചൈസി രീതിയിലേക്ക് വളരുകയും അത് വ്യാപാര,ടൂറിസം മേഖലക്ക് ഉണർവേകുകയും പുതിയ നിക്ഷേപ സാധ്യതകൾ തുറക്കുകയും ചെയ്യും.
തെക്കൻ ജില്ലകൾക്ക് വള്ളംകളി പോലെ മലബാറിന്റെ തനത് വിനോദമാണ് ഫുട്ബാൾ. പല സീസണിൽ പല രീതിയിലുള്ള ഫുട്ബാളിന് സാക്ഷിയാകുന്നതാണ് മലബാറിലെ പ്രദേശങ്ങൾ. വേനൽകാലത്ത് പാടത്ത് നടക്കുന്ന കുട്ടികളുടെ സെവൻസ്, രാത്രി കാലങ്ങളിൽ ഗാലറി കെട്ടിയ ഫഌഡ് ലൈറ്റ് സ്റ്റേഡിയത്തിലെ മൽസരങ്ങൾ, മഴക്കാലത്ത് ചെളിയിൽ വാശി വിതറുന്ന ടൂർണമെന്റുകൾ തുടങ്ങി മലബാറിന്റെ ഫുട്ബാൾ ചിത്രങ്ങൾ കണ്ടാൽ തീരാത്തതാണ്. ഒരു കാലത്ത് മലബാറിലെ മൈതാനങ്ങൾ ദേശീയ ശ്രദ്ധ നേടിയ ടൂർണമെന്റുകൾക്ക് വേദിയായിരുന്നു.
എന്നാൽ പിൽകാലത്ത് ഫുട്ബാൾ മൽസരങ്ങൾ നാട്ടിൻ പുറങ്ങളിലെ സെവൻസ് മൈതാനങ്ങളിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്.ഓരോ ഗ്രാമങ്ങളിലും സെവൻസിലൂടെ ഫുട്ബാൾ ആവേശമായി മാറുമ്പോൾ ദേശീയ ശ്രദ്ധ നേടുന്ന ഒരു ചാമ്പ്യൻഷിപ്പ് നടത്തി വിജയിപ്പിച്ചെടുക്കാൻ സംസ്ഥാന സർക്കാരിനോ കേരള ഫുട്ബാൾ അസോസിയേഷനോ മലബാറിലെ ഫുട്ബാൾ സംഘാടകർക്കോ ഇനിയും കഴിഞ്ഞിട്ടില്ല. ഫുട്ബാൾ പരിശീലനത്തിന് പുതിയ സംവിധാനങ്ങളും സൗകര്യങ്ങളും ഏറെയുള്ള കാലത്താണ് ഈ ദുരവസ്ഥയെന്നത് മലബാറിന്റെ കായിക രംഗത്തെ ലജ്ജിപ്പിക്കുന്നതാണ്.
മലബാറിൽ ഫുട്ബാളിന്റെ സാധ്യതകളെ ഇപ്പോഴും സംഘടിതമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കേരള ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ലീഗ് മൽസരങ്ങൾ, സെവൻസ് ഫുട്ബാൾ അസോസിയേഷന്റെ നിയന്ത്രണത്തിൽ നടക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റുകൾ എന്നിവ മാറ്റി നിർത്തിയാൽ മലബാറിന് ഫുട്ബാളിന്റെ മേൽവിലാസം നൽകാൻ മാത്രം വളർന്ന ഒരു ടൂർണമെന്റ് ഇപ്പോഴും ഉടലെടുത്തിട്ടില്ല. കേരള പ്രീമിയർ ലീഗിന് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും അതും ദേശീയ തലത്തിൽ ശ്രദ്ധനേടാൻ മാത്രം മികവുറ്റതായിട്ടില്ല. മികച്ച കളിക്കാരുടെ അഭാവവും സംഘാടനത്തിലെ പാളിച്ചകളുമാണ് പ്രീമിയർ ലീഗിന്റെ വളർച്ചയിൽ തടസ്സമാകുന്നത്.
അന്താരാഷ്ട്ര മൽസരങ്ങൾ കണ്ടുവളരുന്നവരാണ് മലബാറിലെ ഫുട്ബാൾ താരങ്ങളും ആസ്വാദകരും. അവർക്ക് മുന്നിൽ കാഴ്ചവക്കുന്ന കളികളുടെ നിലവാരം പ്രധാനമാണ്. വിദേശ ടീമുകളെ കൂടി ഉൾപ്പെടുത്തിയുള്ള ഒരു ചാമ്പ്യൻസ് ലീഗിനെ കുറിച്ചാണ് മലബാറിലെ ഫുട്ബാൾ സംഘാടകർ ചിന്തിക്കേണ്ടത്. ടൂർണമെന്റുകളുടെ സംഘാടനവും സുപ്രധാനമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന എല്ലാ ക്രിക്കറ്റ് ടീമുകളും താരങ്ങളും മികച്ച നിലവാരമുള്ളതൊന്നുമില്ല. മികച്ച സംഘാടനത്തിലൂടെ വളർത്തിെയടുത്ത ഒരു ഗ്ലാമർ പരിവേഷം ഐ.പി.എൽ മൽസരങ്ങളുടെ ന്യൂനതകളെ അതിജീവിക്കാൻ പോന്നതാണ്. വിദേശത്തു നിന്ന് അടക്കമുള്ള മികച്ച കളിക്കാരെ ഉൾപ്പെടുത്തി ടീമിനെ മെച്ചപ്പെടുത്തുമ്പോഴാണ് മൽസരങ്ങൾക്ക് സൗന്ദര്യമുണ്ടാകുന്നത്. വിദേശ താരങ്ങളെന്നാൽ സുഡാനിൽ നിന്നും നൈജീരിയയിൽ നിന്നുമുള്ളവരാണെന്ന ധാരണ ഫുട്ബാൾ സംഘാടകരും ടീം മാനേജർമാരും മാറ്റേണ്ടതുണ്ട്. വേൾഡ് കപ്പിലോ വിദേശ രാജ്യങ്ങളിലെ ഫുട്ബാൾ ലീഗുകളിലോ കളിച്ച താരങ്ങളെ കളത്തിലിറക്കണം. അതിന് ചാമ്പ്യൻഷിപ്പിന്റെ മോടി കൂട്ടണം. ഐ.പി.എൽ വിജയിച്ചത് ആ മോടി കൊണ്ടു കൂടിയാണെന്ന് സംഘാടകർ തിരിച്ചറിയേണ്ടതുണ്ട്.
ഐ.എസ്.എൽ ഫുട്ബാൾ മൽസരങ്ങൾക്ക് കാണികളേറെയുള്ള സംസ്ഥാനമാണ് കേരളം. കൊച്ചിയിൽ മൽസരം നടക്കുമ്പോൾ മലബാറിൽ നിന്നുള്ളവർ ഗാലറി നിറക്കും. ആസ്വാദകരുടെ ഈ താൽപര്യത്തെ മുതലെടുക്കാനും അവർക്ക് മികച്ച മൽസരങ്ങൾ കാണാൻ അവസരമൊരുക്കാനും ഒരു മെഗാ ഫുട്ബാൾ ലീഗ് തന്നെ ജന്മമെടുക്കേണ്ടതുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന് ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനാകും. ആഭ്യന്തര ടൂറിസം വികസിപ്പിക്കുന്നതിൽ ഫുട്ബാളിനുള്ള പങ്ക് ചെറുതല്ല. വിദേശ ടീമുകൾ കൂടി കളിക്കുന്ന ഒരു ഗ്ലാമർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനെ കുറിച്ച് ഫുട്ബാൾ ലോകം ചിന്തിക്കാൻ സമയമായി. അതിൽ മലബാറിന് വലിയ പങ്കുവഹിക്കാനുമാകും.