Sorry, you need to enable JavaScript to visit this website.

കൊല്ലം- ആലപ്പുഴ ജലയാത്രയുടെ ഓർമയിൽ 

കോട്ടയം കുമരനെല്ലൂരിലെ കമ്യൂണിറ്റി ഹാൾ. ഒരു പത്രത്തിന്റെ പുതിയ എഡിഷനിലേക്ക് മാധ്യമ പ്രവർത്തകരെ പരിശീലിപ്പിക്കുകയാണ് ഏകദേശം കാൽ നൂറ്റാണ്ടിനപ്പുറം. പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ.എം റോയ് ക്ലാസിൽ വാചാലനായി. കേരളത്തിൽ വിനോദ സഞ്ചാരികൾക്ക് നിർദേശിക്കാവുന്ന ഏറ്റവും മനോഹരമായ സ്ഥലമേതെന്ന് അദ്ദേഹം ട്രെയിനി ജേണലിസ്റ്റുകളോട് ചോദിച്ചു. അവനവന്റെ നാട്ടിലെ ടൂറിസ്റ്റ് സ്‌പോട്ടുകളാണ് ഏറ്റവും കേമമെന്ന നിലയിൽ ഓരോരുത്തരും മറുപടി നൽകി. 
റോയ് സാറിന്റെ വിലയിരുത്തലിൽ മനോഹരമായ കാഴ്ച ആലപ്പുഴ-കൊല്ലം ബോട്ട് യാത്രയിലാണ്. അതെ, ഇപ്പോഴും കായലിലൂടെയുള്ള ഈ അവിസ്മരണീയ സഞ്ചാരത്തോട് കിടപിടിക്കാവുന്ന മറ്റൊരു ടൂറിസ്റ്റ് അട്രാക്ഷൻ കേരളത്തിനില്ലെന്ന് പറയാം. ഇതിന്റെ യാഥാർഥ്യം നേരിട്ടറിഞ്ഞത് കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് ജലമാർഗം യാത്ര ചെയ്തപ്പോഴാണ്. 

കൊല്ലത്ത് നിന്നാണ് യാത്ര തുടങ്ങിയത്. ആലപ്പുഴയിലേക്കുള്ള ഫെറി അഷ്ടമുടി കായലിൽ യാത്രക്ക് തയ്യാറായി കിടപ്പുണ്ടായിരുന്നു. കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ജലഗതാഗത വകുപ്പിന്റെ ഫെറിയാണ് കശുവണ്ടിയുടെയും കരിമണലിന്റെയും നാട്ടിൽ നിന്നും കിഴക്കിന്റെ വെനീസിലേക്ക് പോകാനായി ഒരുങ്ങുന്നത്.
തുടങ്ങിയ സമയത്ത് ആഴ്ചയിൽ ഒരു യാത്രയും പിന്നീട് അതിന്റെ എണ്ണം കൂടുകയും ഇപ്പോൾ ദിവസേനയുള്ള യാത്രയായി തുടരുകയും ചെയ്യുന്നു. 
രണ്ടു തട്ടായി രൂപകൽപന ചെയ്തതാണ് ബോട്ട്. മുകളിലത്തെ നിലയിൽ രണ്ടു പേർക്ക് ഇരിക്കാവുന്ന രീതിയിൽ നിർമ്മിച്ച നീളൻ ബെഞ്ചുകൾ ആണ്. മേൽത്തട്ടിൽ ഗ്രാമകാഴ്ചകൾ ആസ്വദിക്കാനും ആഘോഷിക്കാനും സാധിക്കും. 
കൊല്ലത്തു നിന്നും 400 രൂപയാണ് ആലപ്പുഴയിലേക്ക്. 
അഷ്ടമുടി കായലിൽ പത പരത്തികൊണ്ടു കൃത്യം 10:32 നു പതുക്കെ നീങ്ങി തുടങ്ങി. ആകെ 23 യാത്രക്കാരാണ് ഉള്ളത്. അഞ്ച് പേർ ഒഴിച്ച് ബാക്കി ഏവരും ബോട്ടിലെ മുകൾ തട്ടിലെ ബെഞ്ച് കസേരകളിൽ സ്ഥാനം പിടിച്ചിരുന്നു. 
കൊല്ലത്തു നിന്നും അതിന്റെ ശരാശരി വേഗം ആർജ്ജിച്ചു തുടങ്ങി. ഇതേ സമയത്തുതന്നെ മറ്റൊരു ഫെറി ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്കും വരുന്നുണ്ട്. 
പടിഞ്ഞാറേ കൊല്ലത്തേക്ക് പുതിയതായി നിർമ്മിക്കുന്ന കായൽപ്പാലത്തിനു സമീപത്തുകൂടി ബോട്ട് നീങ്ങി തുടങ്ങി. ബോട്ട്, ആദ്യത്തെ പാലത്തെ മുറിച്ചു കടക്കുകയാണ്. കൊല്ലം നഗരത്തിൽ നിന്നും കടവൂരിലേക്ക് പോകാനുള്ള തേവള്ളി പാലം. കാഴ്ചയെ സുന്ദരമാക്കിക്കൊണ്ടു കായലിലേക്ക് ചാഞ്ഞു കിടക്കുന്ന കേരവൃക്ഷങ്ങൾ, ഒഴുകിപ്പോകുന്ന തെങ്ങോലകളെ പുറകിലാക്കിക്കൊണ്ടു ബോട്ട് മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. 


മുന്നോട്ടു പോകുംതോറും അഷ്ടമുടി കായലിന്റെ നിറം പച്ചയാകുന്നതുപോലെ. സൂര്യപ്രകാശത്തിൽ തിളങ്ങി ഓളവും വെള്ളവും. ശിശിരം അതിന്റെ സർവ്വപ്രതാപത്തോടെ വന്നണഞ്ഞിരിക്കുന്നു. ഇല പൊഴിഞ്ഞു നിൽക്കുന്ന മരക്കാലുകളിൽ കാക്കകളും കൊക്കും പുതിയ ഇരകളെ തേടി ഇരിക്കുന്നു. ചവറയും ആലപ്പാട്ടും പിന്നിട്ട് ഫെറി കായംകുളം കായലിലേക്ക് കടക്കുകയാണ്. ഇടക്കൊരിടത്ത് ഉച്ച ഭക്ഷണത്തിന് ഇരുപത് മിനിറ്റ് നിർത്തിയിരുന്നു. കായംകുളം കായൽ സ്വാഗതം ചെയ്യുന്നത് വളരെ ഉയരമുള്ളൊരു വിളക്ക്മരമാണ്. അതിന്റെ ചുവട്ടിൽ വൃത്തത്തിൽ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ട്. 
കേരവൃക്ഷങ്ങൾക്ക് നടുവിലൂടെ ആണ് ഫെറിയുടെ യാത്ര. കൊല്ലത്തു കണ്ട വേനൽകാല അടയാളങ്ങൾ കായംകുളം പരിസരത്തു ഇല്ലെന്നു തോന്നുന്നു. ഇവിടെ പ്രകൃതിക്ക് നല്ല പച്ചപ്പ്. കായലിനു പോലും പച്ച നിറം. അരികിൽ പായലുകൾ പടർന്നു കിടക്കുന്നു. ഇരുവശത്തും ഇടതൂർന്നു കൽപവൃക്ഷങ്ങൾ. കേരളീയ ദൃശ്യഭംഗി ആവിഷ്‌കരിക്കുന്ന കലണ്ടറുകളിൽ കണ്ടിട്ടുള്ള ഫോട്ടോകളുടെ അതെ ശേഖരം തന്നെ ആണ് ഇരുകരകളും എന്ന് തോന്നും. ഫെറി മുന്നോട്ടു നീങ്ങുകയാണ്. 
കെട്ടുവള്ളങ്ങളും ചെറു വള്ളങ്ങളും വിശ്രമിക്കുന്ന കായലിലൂടെ ഫെറി ചെന്ന് എത്തിയത്, തൊട്ടപ്പള്ളിയിലാണ്. തോട്ടപ്പള്ളി സ്പിൽവേ ഒരു ദൂരകാഴ്ചയായി കാണാം. തൊട്ടപ്പള്ളിയിൽ യാത്രക്ക് പത്ത് മിനിട്ടു ഇടവേളയുണ്ട്. ബോട്ട് ഒരു വീടിനു അരികിലായി നിർത്തി. ചായയും ചെറുകടികളും കഴിച്ചിട്ടാവാം യാത്ര എന്ന് ക്രൂ വന്നു പറഞ്ഞു. എല്ലാവരും അവിടെ ഇറങ്ങി. 


ചായ കുടിച്ചതിനു ശേഷം, ബോട്ട് വീണ്ടും മുന്നോട്ടു നീങ്ങി. ആ ജെട്ടിയിൽനിന്നും രണ്ടു യാത്രികരും കൂടി ആലപ്പുഴക്ക് പോകാനായി കയറി. 
ഫെറി ഇപ്പോൾ കുട്ടനാട്ടിലേക്ക് കടക്കുകയാണ്. കേരളീയ കായൽ സൗന്ദര്യത്തിന്റെ ദൃശ്യ ഭംഗി ഏറ്റവും ഗംഭീരമായതു കുട്ടനാട്ടിലേക്ക് വന്നപ്പോൾ ആണെന്ന് തോന്നി. അരികിലായി നോക്കെത്താദൂരത്തോളം നിവർന്നു കിടക്കുന്ന നെൽപ്പാടങ്ങൾ. വീതിയേറിയ കായൽ. സമീപത്തായി അവിടവിടെയായി ചെറിയ വീടുകൾ. നെൽപാടങ്ങൾക്കു അരികിൽ ഒറ്റക്കും കൂട്ടായും തെങ്ങുകൾ. ഓരോ വീടിനു മുന്നിലും ചെറു തോണികൾ. വീടിനെയും കായലിനെയും വേർതിരിച്ചു കൊണ്ടു ചെറിയ റോഡ്. റോഡിൽ നിന്നും കായലിലേക്ക് ഇറങ്ങുവാൻ കൽപ്പടവുകൾ. 
ഫെറി പമ്പാ നദിയിലൂടെ ആലപ്പുഴയിലേക്ക് പോകുകയാണ്. തൊട്ടടുത്തുള്ള പ്രധാന സ്ഥലം അമ്പലപ്പുഴയാണ്. ഫെറി മുന്നോട്ടു പോകുംതോറും കാഴ്ചകളുടെ രീതിയും മാറുന്നു. മുന്നിൽ നിറയെ ഉയർന്ന കെട്ടുവള്ളങ്ങൾ, ഹൗസ് ബോട്ടുകൾ. തലയെടുപ്പുള്ള ആനകൾ നിരന്നു പോകുമ്പോൾ അതിനിടയിലെ ചെറിയ ആനയായി നമ്മളുടെ ഫെറിയും മാറിയിരിക്കുന്നു. അത്രയും വൈവിധ്യമാർന്ന ബോട്ടുകൾ ആണ് ആ കായൽ നിറയെ. നിറയെ സഞ്ചാരികളുമായി ഒന്നിന് പുറകെ ഒന്നായി യാത്രയിലാണവയൊക്കെ. 
പമ്പാനദിയിൽ നിന്നും ബോട്ട് തിരിഞ്ഞു, ആലപ്പുഴയുടെ ഹൃദയഭാഗത്തേക്ക് നീങ്ങി തുടങ്ങി. പടിഞ്ഞാറു പീതവർണം പൂശിയ സ്വർണ തിടമ്പോടെ ചക്രവാളം തുടുത്തു നിൽക്കുന്നു. അരികിൽ ജേക്കബ് ഐലൻഡ് കാണാം, നഗരഹൃദയത്തിലെ മിനാരങ്ങൾ കാണാം, പ്രധാന ജലപാതയിൽ നിന്നും തോട്ടിലേക്ക് ഒഴുകുന്ന ചെറുവഞ്ചികളും. 
രാവിലെ 10:32 നു തുടങ്ങിയ കായൽ യാത്ര, വൈകിട്ട് 6:12 നു കര തൊട്ടു. ആലപ്പുഴ സ്റ്റാൻഡിനു സമീപത്തെ പെട്രോൾ പമ്പിന് അരികിലായി നങ്കൂരമിട്ടു. 
കേരളീയ ഗ്രാമജീവിതം, കായൽ സൗന്ദര്യം, ഉൾനാടൻ ആവാസം ഒക്കെ കണ്ടറിഞ്ഞു, നൗകകളുടെ നാട്ടിൽ, കിഴക്കിന്റെ വെനീസിൽ. കാവ്യകൽപനകളാൽ നിറഞ്ഞാഘോഷിക്കുന്ന കേരളീയ പ്രകൃതി സൗന്ദര്യം അതിന്റെ ഏഴഴകും തെളിയിക്കുകയാണ്. 

Latest News